EncyclopediaWild Life

ഏഷ്യന്‍ കൊമ്പന്‍ തവള

ഒറ്റനോട്ടത്തില്‍ ഉണക്കയിലക്കൂമ്പാരത്തിലെ രണ്ടു ഇലകള്‍. എന്നാല്‍ ഏതെങ്കിലും പ്രാണിയോ ശലഭമോ അടുത്തെത്തിയാലോ?ഉടന്‍ വായ തുറന്ന് അകത്താക്കും. ഏഷ്യന്‍ കൊമ്പന്‍ തവളയാണ് ഈ സൂത്രക്കാരന്‍. തായ്ലാന്‍ഡ്‌,മലേഷ്യ,ഇന്തൊനീഷ്യ,ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലാണ് ഇവയുള്ളത്.

ഉണ്ടക്കണ്ണുകള്‍ക്ക് മുകളിലേക്ക് പൊങ്ങി നില്‍ക്കുന്ന തൊലി രണ്ടു കൂര്‍ത്ത കൊമ്പുകള്‍ പോലെ തോന്നിക്കുന്നതു കൊണ്ടാണ് കൊമ്പന്‍തവളയ്ക്ക് ആ പേര് കിട്ടിയത്. ശത്രുക്കളുടെ കണ്ണുവെട്ടിക്കാന്‍ വിരുതന്മാരാണ്‌ കൊമ്പന്‍ തവളകള്‍. ഇവയുടെ കൊമ്പ് പോലിരിക്കുന്ന കണ്‍പോളയ്ക്കും, തലയുടെ മൂന്നറ്റത്തിനും ദേഹത്തിനും ഉണങ്ങിയ ഇലകളുടെ നിറമാണ്‌. ചവര്‍ക്കൂമ്പാരത്തില്‍ അവ ഇരുന്നാല്‍ ഉണക്കയിലയാണെന്നെ തോന്നൂ. ഇലയാണെന്ന് തോന്നാന്‍ ഒട്ടും അനങ്ങാതിരിക്കാനും അവയ്ക്ക് അറിയാം! ഇര അടുത്തെത്തിയാല്‍ മാത്രമേ അവയെ പിടിക്കാന്‍ കൊമ്പന്‍ തവള ഒന്നനങ്ങൂ.

     മഴക്കാടുകളിലാണ് കൊമ്പന്‍ തവളകളുടെ താമസം. മുതിര്‍ന്ന കൊമ്പന്‍ തവളയ്ക്ക് അഞ്ച് ഇഞ്ചോളം നീളം ഉണ്ടാകാറുണ്ട്. കൊമ്പന്‍ തവളയെക്കുറിച്ച് ഉള്ള കൂടുതല്‍ വിവരങ്ങള്‍ ജന്തുശാസ്ത്രന്ജര്‍ ശേഖരിച്ച് വരുന്നതേയുള്ളൂ!

  വംശനാശ ഭീഷണിയില്ലെങ്കിലും വാസസ്ഥലം വന്‍തോതില്‍ കുറയുന്നതിനാല്‍ കൊമ്പന്‍ തവളയുടെ അംഗസംഖ്യ കുറഞ്ഞു വരികയാണ്.