ക്യാമറ
ദൃശ്യങ്ങളുടെ ആലേഖനത്തിനായി ഉപയോഗിക്കുന്ന ഒരുപകരണം ആണ് ക്യാമറ.ഇതിന്‍റെ മുഖ്യഘടകങ്ങള്‍ ദൃശ്യത്തിന്‍റെ യഥാര്‍ത്ഥ പ്രതിബിംബം രൂപീകരിക്കുന്നതിനുള്ള ഒരു ലെന്‍സും ദൃശ്യത്തെ സ്വീകരിക്കാനുള്ള ഒരു ഫലകവുമാണ്.
ബി.സി നാലാം നൂറ്റാണ്ടില്‍ അരിസ്റ്റോട്ടിലിനെപ്പോലെയുള്ള പണ്ഡിതന്മാരാണു ക്യാമറയെ സംബന്ധിച്ച ആശയത്തിന് അടിത്തറപാകിയത്.ഇരുട്ടുനിറഞ്ഞ മുറിയുടെ ഭിത്തിയിലെ ചെറിയൊരു ദ്വാരത്തിലൂടെ കടന്നുവരുന്ന പ്രകാശത്തിനു എതിര്‍വശത്തെ ഭിത്തിയില്‍ പ്രതിബിംബങ്ങളുണ്ടാക്കാനാകുമെന്നു അവര്‍ക്കറിയാമായിരുന്നു.ഇതിനെ അടിസ്ഥാനമാക്കിയുണ്ടാക്കിയ ക്യാമറ പില്‍ക്കാലത്ത് ക്യാമറ ഒബ്സ്കൂറ എന്ന പേരില്‍ പ്രചാരം നേടി.ഒരു ലഘുകാചവും ഫലകവും മാത്രമായിരുന്ന അതിന്‍റെ ഘടകങ്ങള്‍.
1829ല്‍ ജോസഫ് നീസ്ഫോര്‍ നീഫ്സ് , ജാക്യൂസ് ഗാന്‍ഡേ ദാഗുറെ എന്നിവര്‍ ചേര്‍ന്ന് പ്രതിബിംബങ്ങളെ ശാശ്വതമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒരു മാര്‍ഗം വികസിപ്പിച്ചെടുത്തു.ഒരു വെള്ളിപ്ലേറ്റായിരുന്നു അവര്‍ ഛായാഗ്രഹണത്തിന് ഉപയോഗിച്ചത്.പക്ഷേ നല്ല വെളിച്ചത്തില്‍ മാത്രമേ ഛായാഗ്രഹണം സാധിച്ചിരുന്നുള്ളൂ.1889ല്‍ ജോര്‍ജ് ഈസ്റ്റ്മാന്‍ കടലാസില്‍ ജലാറ്റിന്‍ എമല്‍ഷന്‍ ചുറ്റിയ റോള്‍ഫിലിം കണ്ടുപിടിച്ചതോടെ ഛായാഗ്രഹണ രംഗത്ത് ഒരു വഴിത്തിരിവുണ്ടായി.
ഇത്തരം ഫിലിമുകള്‍ കുറഞ്ഞ പ്രകാശത്തിലും ശക്തിയായി പ്രതികരിക്കുന്നവയാണ് ഇത് സങ്കീര്‍ണ്ണമായ ക്യാമറകളുടെ നിര്‍മാണത്തിന് വഴി തെളിച്ചു.ഇക്കാലത്ത് വൈവിധ്യമാര്‍ന്ന നിരവധി ക്യാമറകള്‍ പ്രചാരത്തിലുണ്ട്.കൈയില്‍ യഥേഷ്ടം കൊണ്ടു നടക്കാന്‍ പറ്റുന്ന ഹാന്‍ഡ് ക്യാമറകള്‍,സ്റ്റുഡിയോകളിലും മറ്റും ഉപയോഗിക്കുന്ന ചലിക്കാത്ത ക്യാമറകള്‍ ,മൂവി ക്യാമറകള്‍ തുടങ്ങിയവ ഇപ്പോള്‍ സര്‍വ്വസാധരണമാണ്.
സാധാരണ ഏകകാച പ്രതിപ്രവര്‍ത്ത ക്യാമറകളിലും ദ്വികാച പ്രതിപ്രവര്‍ത്തന ക്യാമറകളിലും എടുക്കുന്ന ചിത്രങ്ങളെല്ലാം തന്നെ ഫിലിമിന്റെ ദുഷ്കരമായ സംസ്കരണാനന്തരം മാത്രം ലഭിക്കുന്നവയാണ്.എന്നാല്‍ പോളോറോയിട് ക്യാമറകളില്‍ ക്ലിക്ക് ചെയ്യ്ത് ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ ചിത്രം നമുക്ക് ലഭിക്കുന്നതിനുള്ള സംവിധാനങ്ങളുണ്ട്.എന്നാല്‍ ഈ ചിത്രങ്ങള്‍ മറ്റു ക്യാമറകളിലെടുക്കുന്ന ചിത്രങ്ങളെക്കാള്‍ മേന്മ കുറഞ്ഞവയാണ്.അതിനാല്‍ പോളോറോയ്ട് ക്യാമറകള്‍ക്ക് പ്രചാരം കുറവാണ്.
ക്യാമറകളുടെ കൂട്ടത്തില്‍പെടുന്നവ തന്നെയാണ് മൂവി ക്യാമറകളും ടെലിവിഷന്‍ ക്യാമറകളും ഇരുട്ടില്‍ ചിത്രങ്ങള്‍ എടുക്കാന്‍ കഴിയുന്ന ഇന്‍ഫ്രാറെഡ് ക്യാമറകളും വസ്തുക്കളില്‍ നിന്നുള്ള താപകിരണങ്ങളുടെ ചിത്രങ്ങള്‍ എടുക്കാന്‍ കഴിയുന്ന ക്യാമറകളും ഇന്ന് വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്.ഫിലിമിനു പകരം കാന്ത നാടകളില്‍ ചിത്രങ്ങളെടുത്ത്,ടെലിവിഷന്‍ സ്ക്രീനില്‍ അവ സംപ്രേഷണo ചെയ്യാന്‍ കഴിയത്തക്കവിധം ഇന്ന് ക്യാമറകള്‍ വികസിച്ചിരുന്നു.