നീല നൂ
‘നൂ ,നൂ’ എന്ന ശബ്ദമുണ്ടാക്കുന്ന വീരനാണ് നീല നൂ. കാട്ടില്‍ മേഞ്ഞു നടക്കുന്ന കൂട്ടരില്‍ ലോകത്തില്‍ തന്നെ ഏറ്റവുമധികം ഉള്ളത് ഇവയാണ്. ചിലര്‍ ഒരു പ്രദേശത്ത് ഒതുങ്ങി കഴിയുമ്പോള്‍ മറ്റുള്ളവ നാടോടികളായി തീറ്റയന്വേഷിച്ചു സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു.
പെണ്‍നൂ വര്‍ഷത്തില്‍ ഒരു കുഞ്ഞിനെ പ്രസവിക്കും. പെണ്‍കുഞ്ഞുങ്ങള്‍ മൂന്നു വര്‍ഷം കൊണ്ട് പൂര്‍ണ്ണവളര്‍ച്ചയെത്തും. എന്നാല്‍ ആണ്‍ കുഞ്ഞുങ്ങള്‍ പൂര്‍ണ്ണവളര്‍ച്ചയെത്താന്‍ നാലു വര്‍ഷമെടുക്കും. ബ്ലൂ നൂക്കളുടെ ഒരു സംഘത്തിലെ ആണ്‍ കുഞ്ഞുങ്ങള്‍ മുതിരുന്നതോടെ കൂട്ടം വിട്ടു പോയി വേറെ സംഘമുണ്ടാക്കുന്നു.
ആഫ്രിക്കയിലെ സെരംഗേറ്റി പ്രദേശത്താണ് ഏറ്റവുമധികം നീലനൂക്കളെ കണ്ടുവരുന്നത്. അവിടെ അവയുടെ സംഖ്യ വന്‍തോതില്‍ പെരുകുന്നുണ്ട്. എന്നാല്‍ മറ്റു പ്രദേശങ്ങളില്‍ ഇവ വംശനാശഭീഷണി നേരിടുകയും ചെയ്യുന്നു! അതിനൊരു കാരണം കര്‍ഷകര്‍ വരള്‍ച്ചക്കാലത്ത് കൂറ്റന്‍ വേലികള്‍ കെട്ടി നൂക്കളുടെ സഞ്ചാരം തടയുന്നതാണ്. ഇവയെ അവര്‍ ധാരാളമായി കൊന്നൊടുക്കുകയും ചെയ്യുന്നു. ഇത്തരം പ്രദേശങ്ങളില്‍ നൂവിനെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തിവരുന്നുണ്ട്.
ബ്ലൂ നൂവിനെ അഞ്ചടി നീളവും 275 കിലോഗ്രാം വരെ തൂക്കവും ഉണ്ടാകും. മൃഗശാലകളില്‍ 21 വയസ്സുവരെ അവ ജീവിക്കാറുണ്ട്.