മിടുക്കന്‍ മീര്‍കാറ്റ്
രണ്ടുകാലില്‍ എഴുന്നേറ്റ് നിന്ന് ചുറ്റും നോക്കും. ആപത്ത് അടുത്തെത്തിയെന്ന് അറിഞ്ഞാല്‍ അക്കാര്യം കൂട്ടുകാരെ അറിയിച്ചു അതിവേഗം മാളത്തിലേക്ക് രക്ഷപ്പെടുകയും ചെയ്യും. മീര്‍കാറ്റ് എന്നറിയപ്പെടുന്ന ജീവികള്‍ക്കാണ് ഈ പ്രത്യേകതകളുള്ളത്. കീരികളുടെ അടുത്ത ബന്ധുക്കളാണിവര്‍. മരുപ്രദേശങ്ങളിലാണ് താമസം. അതിവേഗത്തില്‍ മാളം കുഴിക്കാന്‍ ഇവര്‍ സമര്‍ഥരാണ്. അങ്ങനെ കുഴിച്ചുണ്ടാക്കുന്ന വമ്പന്‍ മാളങ്ങളിലാണ് സംഘങ്ങളായി താമസിക്കുന്നത്.
കൂട്ടത്തിലുള്ളവര്‍ ഇരതേടുമ്പോള്‍ ഒന്നോ രണ്ടോ പേര്‍ ചുറ്റും നോക്കിക്കൊണ്ട് നില്‍ക്കും. വല്ല ശത്രുവിനെയും കണ്ടാല്‍ ഉടന്‍ കുരച്ചു മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. പ്രാണികള്‍, തേളുകള്‍, ചെറുജന്തുക്കള്‍, മുട്ടകള്‍ എന്നിവയാണ് പ്രധാന ഭക്ഷണം.
മീര്‍കാറ്റുകളുടെ ഒരു സംഘത്തില്‍ പത്തു മുതല്‍ പതിനഞ്ച് പേര്‍ വരെ കാണും. ഒരു വര്‍ഷത്തില്‍ രണ്ടു മുതല്‍ അഞ്ചു വരെ കുഞ്ഞുങ്ങള്‍ക്കാണ് പെണ്‍ മീര്‍കാറ്റുകള്‍ ജന്മം നല്‍കുക. ഒരു വര്‍ഷം കൊണ്ട് അവയുടെ വളര്‍ച്ച പൂര്‍ത്തിയാകുന്നു. കുഞ്ഞുങ്ങള്‍ മാളത്തില്‍ നിന്ന് അധികം ദൂരേക്ക് പോകാറില്ല. മുതിര്‍ന്ന ഒരാള്‍ അവയ്ക്ക് എപ്പോഴും കാവല്‍ നില്‍ക്കുകയും ചെയ്യും. കാവല്‍ക്കാരുണ്ടാക്കുന്ന പ്രത്യേക ശബ്ദങ്ങള്‍ കേട്ടാല്‍ ശത്രുക്കള്‍ നിലത്തു കൂടിയാണോ വരുന്നതെന്ന് കൃത്യമായി അറിയാം.
പക്ഷികളും അവയുടെ മുഖ്യശത്രുക്കളാണ്. ഒരടിയിലും അല്പം കൂടുതല്‍ ഉയരം.ഒരു കിലോ ഗ്രാമിനടുത്ത് തൂക്കം. അതാണ് മീര്‍കാറ്റുകളുടെ വലിപ്പം. തെക്കേ ആഫ്രിക്കയാണ് മീര്‍കാറ്റുകളുടെ നാട്.