EncyclopediaWild Life

പുള്ളിക്കാരന്‍ ജെനറ്റ്

വെളുപ്പില്‍ കറുത്ത പുള്ളികളും അടയാളങ്ങളുമുള്ള ശരീരം. വാലില്‍ കറുപ്പു വളയങ്ങള്‍. ജെനറ്റ് എന്ന ജീവിയെ  പെട്ടെന്ന് തിരിച്ചറിയാന്‍ ഈ അടയാളങ്ങള്‍ സഹായിക്കുന്നു. നമ്മുടെ പൂച്ചകളെപ്പോലെ നഖങ്ങള്‍ ഉള്ളിലേക്ക് വലിക്കാനുള്ള അപൂര്‍വ്വകഴിവും അവയ്ക്കുണ്ട്. വേരുകിന്റെ ബന്ധുക്കളാണ് ജെനറ്റുകള്‍.

 ഒറ്റയ്ക്കോ ജോടിയയോ അവ കഴിയുന്നു. മറ്റുള്ളവര്‍ ഉപേക്ഷിച്ചുപോയ മാളങ്ങളിലോ മറ്റ് സുരക്ഷിത സ്ഥലങ്ങളിലോ പകല്‍ കഴിച്ചുകൂട്ടും. രാത്രിയില്‍ ചെറുമൃഗങ്ങളെ വെട്ടയാടാനിറങ്ങും. പക്ഷികള്‍, എലികള്‍, ഉരഗങ്ങള്‍,പ്രാണികള്‍ തുടങ്ങിയവയാണ് ആഹാരം. ഇരതേടി തുറസ്സായ പ്രദേശങ്ങളിലും കൊടുങ്കാട്ടിലും സഞ്ചരിക്കും. പക്ഷികളെ പിടികൂടാന്‍ ശബ്ദമുണ്ടാക്കാതെ വിദഗ്ദമായി മരം കയറുകയും ചെയ്യും. പമ്മിച്ചെന്നു ഇരയെ കൈക്കലാക്കുന്ന തന്ത്രം മരത്തില്‍ മാത്രമല്ല താഴെയും ഇവര്‍ പ്രയോഗിക്കാറുണ്ട്. ശബ്ദവും ഗന്ധവും വഴിയാണ് ഇവര്‍ പരസ്പരം കാര്യങ്ങള്‍ അറിയിക്കുന്നത്. വരകളുള്ള നീളന്‍ വാലും അതിന് ഉപകരിക്കുന്നു.

 ഒന്നിലധികം പെണ്‍ജെനറ്റുകള്‍ ഒത്തുചേര്‍ന്നാണ് കുഞ്ഞങ്ങളെ വളര്‍ത്തുന്നത്. ഒരു പ്രാവശ്യം ഒന്നു മുതല്‍ നാല് കുഞ്ഞുങ്ങള്‍ക്ക്‌ വരെ അവ ജന്മം നല്‍കും. കുഞ്ഞുങ്ങള്‍ മുതിര്‍ന്നവരാകാന്‍ നാല് വര്‍ഷമെടുക്കും. രണ്ടടി വരെ അപ്പോഴേക്കും വലിപ്പം വയ്ക്കും. മൂന്ന് കിലോഗ്രാമാണ് കൂടിയ തൂക്കം. പതിമ്മൂന്നു വര്‍ഷത്തോളം അവ ജീവിക്കുന്നു. ആഫ്രിക്കയിലും തെക്കു പടിഞ്ഞാറന്‍ യൂറോപ്പിലും പുള്ളിക്കാരന്‍ ജെനറ്റിനെ കണ്ടുവരുന്നു.