EncyclopediaWild Life

വവ്വാല്‍ ചെവിയന്‍ കുറുക്കന്‍

തലയില്‍ ഒരു വവ്വാല്‍ ചിറകു നിവര്‍ത്തി ഇരുന്നാല്‍ എങ്ങനെയായിരിക്കും? അതാണ്‌ വവ്വാല്‍ ചെവിയന്‍ കുറുക്കന്റെ രൂപം! എത്ര ചെറിയ ശബ്ദം പോലും പിടിച്ചെടുക്കുന്ന വലിയ ചെവിയാണ് അവയ്ക്കുള്ളത്.

 മണ്ണിലൊരു പ്രാണി അനങ്ങിയാല്‍ മതി, സംഗതി വവ്വാല്‍ച്ചെവിയന്‍ അറിയും. പിന്നെ ഒട്ടും താമസമില്ല, അവ ആ സ്ഥലം പെട്ടെന്ന് കുഴിക്കാന്‍ തുടങ്ങും. അതിന് പറ്റിയ കൂര്‍ത്ത ശക്തനായ നഖങ്ങളും അവയ്ക്കുണ്ട്. മുന്‍ കാലുകള്‍ ഉപയോഗിച്ചു വളരെ വേഗത്തില്‍ മണ്ണില്‍ കുഴിയുണ്ടാക്കാന്‍ വവ്വാല്‍ച്ചെവിയന്‍ കുറുക്കന്മാര്‍ക്ക് കഴിയും.അതുകൊണ്ട് അവയുടെ അടുത്തെത്തുന്ന ഒരു പ്രാണിയും രക്ഷപ്പെടില്ല. ചിതലുകള്‍ ആണ് ഇവയുടെ പ്രധാന ആഹാരം. അവയുടെ കടിയേല്‍ക്കതിരിക്കാന്‍ കട്ടിയുള്ള രോമക്കോട്ടും വവ്വാല്‍ച്ചെവിയന്‍ കുറുക്കന്മാര്‍ക്കുണ്ട്. ചിതലിന് പുറമേ കട്ടിയേറിയ പുറന്തോടുള്ള വണ്ടുകളെയും പ്രാണികളെയും ഇവര്‍ ശാപ്പിടും. പ്രാണികളെ കറുമുറെ കടിച്ചു ശാപ്പിടാന്‍ അന്‍പതോളം പല്ലുകളും ഈ കുറുക്കനുണ്ട്. ഇത്രയും പല്ലുകളുള്ള മറ്റു സസ്തനികള്‍ ഇല്ലെന്നു തന്നെ പറയാം! പ്രാണികളെ ചവയ്ക്കുമ്പോള്‍ കീഴ്ത്താടി സെക്കന്‍ഡില്‍ അഞ്ചു പ്രാവശ്യം ചലിക്കും. അതുകൊണ്ട് ഇരയെ പെട്ടെന്ന് ചവച്ചരച്ച് അകത്താക്കാന്‍ കഴിയുന്നു. അച്ഛനമ്മമാരും ആറു കുഞ്ഞുങ്ങളും കൂടിയാണ് സാധാരണയായി ഒരു മാളത്തില്‍ കഴിയുക.

 വ്യക്തമായ അതിര്‍ത്തികള്‍ക്കുള്ളില്‍ താമസിക്കുന്നവരാണ് വവ്വാല്‍ ച്ചെവിയന്‍ കുറുക്കന്മാര്‍. മൂന്നു ചതുരശ്രകിലോമീറ്റര്‍ ആണ് ഓരോ കുടുംബത്തിന്റെയും അതിര്‍ത്തി. ഇരതേടി ഇവര്‍ ഇവര്‍ ദീര്‍ഘ ദൂരം സഞ്ചരിക്കുന്നു. വവ്വാല്‍ച്ചെവിയന്‍ കുറുക്കന്മാര്‍ക്ക് മൂന്നടി വരെ നീളം കാണും. അഞ്ചു കിലോഗ്രാമാണ് ഇവരുടെ പരമാവധി ഭാരം.

  തുറസ്സായ പ്രദേശങ്ങള്‍, പുല്‍മേടുകള്‍, കുറ്റിക്കാടുകള്‍,കൃഷിസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഇവയെ കണ്ടു വരുന്നു. നായ്ക്കുടുംബത്തിലെ ഏറ്റവും ചെറിയ കൂട്ടരിലൊന്നാണ് വവ്വാല്‍ച്ചെവിയന്മാര്‍.

 തെക്കേ ആഫ്രിക്കയിലും കിഴക്കന്‍ ആഫ്രിക്കയിലുമാണ് വവ്വാല്‍ച്ചെവിയന്‍ കുറുക്കന്മാര്‍ ഉള്ളത്.