വിഷവീരന്‍ മരപ്പാമ്പ്
മൂര്‍ഖന്‍ പാമ്പിനേക്കാള്‍ വിഷമുള്ള വീരനാണ് ബൂംസ്ലാങ് എന്ന ആഫ്രിക്കന്‍ മരപ്പാമ്പ്. പക്ഷെ പൊതുവേ പമ്മിപ്പതുങ്ങിക്കഴിയുന്നതിനാല്‍ പേടിപ്പെടുത്തുന്ന പാമ്പുകളുടെ കൂട്ടത്തില്‍ ബൂംസ്ലാങ്ങ് പലപ്പോഴും ഉള്‍പ്പെടാറില്ല.
ഉഗ്രവിഷമുണ്ടെങ്കിലും മൂര്‍ഖന്‍ പാമ്പിനെപ്പോലെ വായ്ക്കുള്ളിലെ മുന്നറ്റത്തെ വിഷപ്പല്ലുകള്‍ ബൂംസ്ലാങ്ങിനില്ല.അതിനാല്‍ വായ്ക്കുള്ളിലെ പിന്‍ഭാഗത്തെ ചെറിയ വിഷപ്പല്ലുകള്‍ ഉപയോഗിച്ചു വേണം കടിക്കാന്‍. അതുകൊണ്ട് പലപ്രാവശ്യം കടിക്കുകയോ കടിച്ചു പിടിച്ചു കൊണ്ടിരിക്കുകയോ ചെയതലേ ശത്രുവിന്റെ കഥ കഴിക്കാന്‍ പറ്റൂ. ആഫ്രിക്കന്‍ നാട്ടു ഭാഷയില്‍ ബൂംസ്ലാങ്ങു എന്ന വാക്കിന്റെ അര്‍ഥം മരപ്പാമ്പ് എന്നാണ്. പേരുപോലെ എപ്പോഴും മരത്തില്‍ കഴിയുന്ന കൂട്ടരാണ് അവ. മരച്ചില്ലകളിലൂടെ പാഞ്ഞു നടക്കുകയും മരക്കൊമ്പുകളില്‍ ചുറ്റി പ്പിണഞ്ഞു കിടക്കുകയും ചെയ്യും. മരക്കൊമ്പില്‍ ചുറ്റിയിരിക്കുമ്പോള്‍ അവയെ തിരിച്ചറിയാന്‍ പറ്റില്ല. യാതൊരു ചലനവുമില്ലാതെ തലനീട്ടിപ്പിടിച്ചു അനങ്ങാതിരിക്കും.
പക്ഷികളോ ചെറിയ ജീവികളോ ഇതറിയാതെ മരത്തില്‍ വന്നിരിക്കും. ഈ അവസരം കാത്തിരിക്കുന്ന മരപ്പാമ്പ് പിന്നെ ഒരു നിമിഷം പോലും പാഴാക്കുകയില്ല. ഉടന്‍ പിടികൂടും.പക്ഷികളാണ് അവയുടെ പ്രധാന ആഹാരം. ഷഡ്പദങ്ങളെ മാത്രമല്ല മറ്റ് ചെറുജീവികളെയും ഇവര്‍ ശപ്പിടാറുണ്ട്.
മരപ്പാമ്പുകള്‍ ഇടയ്ക്ക് ഇരതേടി താഴേക്ക് എത്തും. താഴെ കൂടി പോകുന്ന ചെറു മൃഗങ്ങളെ പിടികൂടി ശപ്പിടാനാണ് മരപ്പാമ്പിന്റെ നിലത്തിറങ്ങിയുള്ള ഈ വേട്ട! ചെറിയ സസ്തനികളാണ് അപ്പോള്‍ അവയ്ക്ക് ഇരയാകുക. മരത്തില്‍ വാല് ചുറ്റിക്കിടന്നും ഇവ ചിലപ്പോള്‍ താഴെ ക്കൂടി പോകുന്ന ജന്തുക്കളെ പിടികൂടാറുണ്ട്.
കൂടുതല്‍ സമയവും മരക്കൊമ്പില്‍ ചുറ്റിക്കിടക്കാനാണ് ബ്ലൂംസ്ലാങ്ങുകള്‍ക്ക് വലിയ ഇഷ്ടം. പച്ചനിറമുള്ളവര്‍ ആയതിനാല്‍ ഇലച്ചില്ലകള്‍ക്കിടയില്‍ ഒളിച്ചിരുന്നാല്‍ അവയെ ഒരിക്കലും തിരിച്ചറിയാന്‍ പറ്റില്ല. വലിയ മരങ്ങള്‍ ഇടതൂര്‍ന്ന് വളരുന്ന പ്രദേശമാണ് ബ്ലൂംസ്ലാങ്ങുകളുടെ താവളം.
ബ്ലൂംസ്ലാങ്ങുകള്‍ ആറടിയിലേറെ നീളം വയ്ക്കും. വേനല്‍ക്കാലത്തിന്റെ തുടക്കത്തില്‍ പെണ്‍പാമ്പുകള്‍ മുട്ടയിടും. പതിനെട്ട് വര്‍ഷത്തോളം ജീവിച്ചിരിക്കുന്ന കൂട്ടരാണ് ബ്ലൂംസ്ലാങ്ങുകള്‍.
തെക്കേ ആഫ്രിക്കയാണ് ബ്ലൂംസ്ലാങ്ങുകളുടെ നാട്. അവിടെ അവ ധാരാളമായി കാണപ്പെടുന്നു. ഉഗ്രവിഷമൊക്കെയുണ്ടെങ്കിലും വലിയ ആക്രമണകാരികളല്ല ഇവര്‍. ഇര പിടിക്കാനല്ലാതെ മറ്റു ജീവികളെ അവ പൊതുവേ ആക്രമിക്കാറുമില്ല. പെണ്‍പാമ്പുകള്‍ ഒരേ സമയം 8 മുതല്‍ 13 വരെ മുട്ടകളിടും.