ചെടികള്‍ പുഷ്പിക്കുന്നത് എന്തുകൊണ്ട് ??
ചെടികളുടെ വംശം നിലനിര്‍ത്തുന്നതിനും വംശ വര്‍ധന നടത്തുനതിനുള്ള ഉപാധികളാണ് പൂക്കള്‍.പരാഗണത്തേയും വിത്തുകളുടെ ഉത്പാദനത്തെയും സഹായിക്കുന്നത് പൂക്കളാണ്.
ഫ്ളോറിജിന്‍ എന്ന ഒരു ഹോര്‍മോണിന്റെ പ്രവര്‍ത്തനഫലമായാണ് ചെടികള്‍ പുഷ്പിക്കുന്നതെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.ചെടികളുടെ ജീവിതചക്രത്തെക്കുറിച്ച് ഏതാനും കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍, അവ പുഷ്പിക്കുന്നത് എന്തുകൊണ്ട് എന്ന് വ്യക്തമാവും.
ഒരു ചെടിയുടെ ജീവിതചക്രത്തില്‍ രണ്ടുഘട്ടങ്ങളുണ്ട്.ചെടി പുഷ്പിക്കുന്നതിന് രണ്ടു ഘട്ടങ്ങളുണ്ട്.ചെടി പുഷ്പിക്കുന്നതിന് മുമ്പുള്ള പ്രഥമഘട്ടവും പുഷ്പിച്ചതിനു ശേഷമുള്ള ദ്വിതീയഘട്ടവും.കാണ്ഡം, ഇലകള്‍ എന്നിവ പൂര്‍ണമായ വളര്‍ച്ചക്ക് എടുക്കുന്ന കാലയളവാണ് പ്രഥമഘട്ടം.ഈ ഘട്ടം അവസാനിക്കുന്നതോടെ ചെടിയുടെ ഇലകളില്‍ ഫ്ളോറിജിന്‍ എന്നു പേരുള്ള ഒരിനം ഹോര്‍മോണ്‍ ഉത്പാദിക്കപ്പെടുന്നു.ഈ ഹോര്‍മോണ്‍ കാണ്ഡം വഴി ചെടിയുടെ മുകുളകോശങ്ങളില് ചെന്നെത്തുന്നു.മുകുള കോശങ്ങള്‍ ഫ്ളോറിജിന്റെ സ്വാധീനം മൂലം പുതിയ ഇലകളും തണ്ടുകളും നിര്‍മിക്കുന്നതിനു പകരം ഉത്പാദനവയവങ്ങളായ പൂക്കള്‍ സൃഷ്ടിക്കുന്നു.അതോടെ ചെടികള്‍ ജീവിത ചക്രത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു.
ചെടികളില്‍ നിന്ന് ശുദ്ധമായ ഫ്ളോറിജിന്‍ ഇത് വരെയും വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല.എങ്കിലും അതിന്റെ സാന്നിധ്യം അനിഷേധ്യമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.പുഷ്പിച്ച സാന്തിയം ചെടിയുടെ ഇലയില്‍നിന്നും വേര്‍തിരിച്ചെടുത്ത സത്ത്, പുഷ്പിക്കാന്‍ പ്രായമാകാത്ത മറ്റൊരു ചെടിയില്‍ കുത്തിവച്ചപ്പോള്‍ അത് പുഷ്പിച്ചുതുടങ്ങിയതായി ശാസ്ത്രജ്ഞന്മാര് കണ്ടുപിടിച്ചു.ഇതില്‍ നിന്ന് ചെടികള്‍ക്ക് പുഷ്പിക്കുവാനുള്ള പ്രചോദനം നല്‍കുന്നത് ഫ്ളോറിജിന്‍ തന്നെയാണെന്ന് അനുമാനിക്കാം.