EncyclopediaWild Life

ചുരുളാന്‍ വിരുതന്‍ ആര്‍മാഡില്ലോ

കഴുത്തു മുതല്‍ വാല്‍ വരെ കൂര്‍ത്തു നില്‍ക്കുന്ന മുള്ളുകള്‍. ശത്രുവിനെ കണ്ടാല്‍ വാല്‍ വായിലാക്കി പന്തുപോലെ ചുരുണ്ടു കൂടും. തെക്കേ ആഫ്രിക്കയിലെ ആര്‍മാഡില്ലോ ലിസാഡുകള്‍ക്ക് ഇങ്ങനെ മറ്റു ജീവികള്‍ക്കില്ലാത്ത പല പ്രത്യേകതകളുമുണ്ട്.

   ശത്രുക്കളെ പേടിപ്പിക്കുന്ന ആര്‍മാഡില്ലോയുടെ ശരീരത്തിലെ മുള്ളുകള്‍ അവ ചുരുണ്ടുകൂടുമ്പോള്‍ കൂടുതല്‍ കരുത്തോടെ നിവര്‍ന്നു നില്‍ക്കും. ഏതു ശത്രുവും അതുകണ്ടാല്‍ അവയോട് അടുക്കാതെ പറപറക്കും. എന്നാല്‍ മാളങ്ങളില്‍ ഒന്നും ഓടി ഒളിക്കാന്‍ കഴിയാത്ത അടിയന്തരഘട്ടങ്ങളിലെ ആര്‍മാഡില്ലോ ചുരുളന്‍ വിദ്യ ഉപയോഗിക്കൂ. പരന്നശരീരം ഏത് ഇടുങ്ങിയ വിള്ളലിലും നുഴഞ്ഞുകയറാന്‍ അവയെ സഹായിക്കും. മണ്ണിന്റെ നിറമുള്ള ശരീരവും ശത്രുക്കളുടെ കണ്ണില്‍പെടാതിരിക്കാന്‍ സഹായിക്കും. പക്ഷികളും വലിയ ഉരഗങ്ങളുമാണ് ആര്‍മാഡില്ലോ ലിസാഡുകളുടെ മുഖ്യശത്രുക്കള്‍.

   കടുത്ത ചൂടുള്ള മരുപ്രദേശങ്ങളിലാണ് ആര്‍മാഡില്ലോ ലിസാഡുകള്‍ കഴിയുന്നത്. മുപ്പതു പേര്‍ വരെയുള്ള കൂട്ടങ്ങളായി അവ ഇരതേടി ചുറ്റിക്കറങ്ങും. പ്രാണികളും എട്ടുകാലികളും മറ്റ് ചെറു ജീവികളുമാണ് ഭക്ഷണം. പകലാണ്‌ തീറ്റ തേടി പുറത്തിറങ്ങുക. പത്തില്‍ താഴെ അംഗങ്ങളുള്ള ചെറുസംഘം ആര്‍മാഡില്ലോകളെയും കാണാം. അതില്‍ ഒരു ആണ്‍ ആര്‍മാഡില്ലോയെ കാണൂ. വലിയ സംഘങ്ങളില്‍ കൂടുതല്‍ ആണുങ്ങള്‍ ഉണ്ടാകും.

മരുഭൂമിയില്‍ കഴിയുന്ന ഇവയ്ക്ക് മണലിന്റെ നിറമാണ്‌ എന്ന് പറഞ്ഞല്ലോ .മഞ്ഞ, തവിട്ട് എന്നീ നിറത്തിലുള്ളവര്‍ ഇവരുടെ കൂട്ടത്തിലുണ്ട്. തൊണ്ടയ്ക്ക് മഞ്ഞയോ വയലറ്റോ നിറമായിരിക്കും.അവിടം മുഴച്ചുനില്‍ക്കുകയും ചെയ്യും.

    വേനല്‍ക്കാലത്തിന്റെ അവസാനമാകുമ്പോള്‍ പെണ്‍ ആര്‍മാഡില്ലോകള്‍ ഒന്നോ രണ്ടോ കുഞ്ഞുങ്ങളെ പ്രസവിക്കും. കുഞ്ഞുങ്ങള്‍ പ്രായപൂര്‍ത്തിയെത്തുന്ന കാലയളവ് എത്രയെന്നു കണ്ടെത്താനായിട്ടില്ല. ആര്‍മാഡില്ലോകളുടെ  ആയുസ്സും എത്രയെന്നു കൃത്യമായി അറിയില്ല. മൂന്നുമുതല്‍ ആറര ഇഞ്ചുവരെ വലുപ്പം വയ്ക്കും. എണ്ണൂറു ഗ്രാമാണ് കൂടിയ തൂക്കം. ഇപ്പോള്‍ ഇവ എണ്ണത്തില്‍ വളരെ കുറവാണു.