EncyclopediaWild Life

പാന്‍ കേക്ക് ആമക്കുഞ്ഞന്‍

ആമകളിലെ ഇത്തിരിക്കുഞ്ഞന്മാരില്‍ ഒരാളാണ് പാന്‍ കേക്ക് ആമ. വെറും ആറിഞ്ച് ആണ് ഇവയുടെ പരമാവധി നീളം. അതായത് നമ്മുടെ കൈപ്പത്തിയില്‍ ഒതുക്കിപ്പിടിക്കാവുന്ന വലിപ്പം!

 സമുദ്രനിരപ്പില്‍ നിന്ന് ആയിരം മീറ്റര്‍ ഉയരമുള്ള പാറക്കെട്ടുകളിലാണ് പാന്‍ കേക്ക് ആമകളുടെ താമസം. പാറകളുടെ വിള്ളലുകളിലാണ്‌ പകല്‍ സമയം കഴിച്ചുകൂട്ടുന്നത്. പാറക്കെട്ടുകള്‍ക്ക് മുകളിലെ പുല്ലുകളും ചെറു ചെടികളുമാണ് ഇവയുടെ ആഹാരം.

 സാധാരണ ആമകളില്‍ നിന്ന് വ്യത്യസ്തമായി ഇവയുടെ പുറന്തോടിനു തീരെ കനം കുറവാണു. നന്നായി പരന്നിരിക്കുന്നുവെന്ന പ്രത്യേകതയും പുറന്തോടിനുണ്ട്. അതുകൊണ്ട് തന്നെ ശത്രുക്കള്‍ വരുമ്പോള്‍ കൈയും തലയും തോടിനുള്ളിലേക്ക് വലിച്ച് ഇവയ്ക്ക് രക്ഷപ്പെടാനാകില്ല. എങ്കിലും പുറന്തോടിനു ഭാരം കുറവായതിനാല്‍ വേഗത്തില്‍ ഓടി രക്ഷപ്പെടാന്‍ പറ്റും. പാറകളുടെ ചെറിയ വിള്ളലുകളില്‍ കൂടി സുഖമായി സഞ്ചരിക്കുകയും ചെയ്യാം.

        പുറന്തോടുകളിലെ പ്രത്യേക അസ്ഥി സംവിധാനമാണ് അവയുടെ ഭാരം കുറയാന്‍ കാരണം. പുറന്തോടിന് മൊത്തത്തില്‍ തവിട്ടുനിറമാണ്‌. അതില്‍ മഞ്ഞയും കറുപ്പും അടയാളങ്ങളുമുണ്ടാകും. തലയും കൈകാലുകളും വാലും മഞ്ഞ കലര്‍ന്ന തവിട്ടു നിറത്തിലാണ്.

ഭാരം കുറവായതിനാല്‍ കുത്തനെ നില്‍ക്കുന്ന പാറകളില്‍ പോലും വേഗത്തില്‍ കയറാന്‍ ഇവയ്ക്ക് കഴിയും. പാറക്കെട്ടുകളുടെ മുകളില്‍ നിന്ന് താഴേക്ക് മലര്‍ന്നു വീണാലും ശരീരം നേരെയാക്കാന്‍ ഇവയ്ക്ക് ഒരു ബുദ്ധിമുട്ടുമില്ല! മറ്റ് ആമകള്‍ക്ക് ഇത് അത്ര എളുപ്പമല്ല.

മറ്റു ആമകളെക്കാള്‍ കൂടുതല്‍ തല മുന്നോട്ടു നീട്ടാന്‍ ഇവയ്ക്ക് കഴിയും. ആണ്‍ ആമയുടെ വാലുകള്‍ക്ക് കൂടുതല്‍ നീളവും കനവും കാണപ്പെടുന്നു. എങ്കിലും വലിപ്പം കൂടുതല്‍ പെണ്‍ ആമകള്‍ക്കാണ്.

വര്‍ഷത്തില്‍ മൂന്നോ നാലോ പ്രാവശ്യം പെണ്‍ ആമ മുട്ടയിടും. സാധാരണ ഒരു തവണ ഒരു മുട്ടയെ ഇടാറുള്ളൂ. അപൂര്‍വമായി രണ്ടു മുട്ടകളും ഇടാറുണ്ട്. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ പൂര്‍ണ്ണവളര്‍ച്ചയെത്താന്‍ എത്രകാലമെടുക്കുമെന്നു കൃത്യമായി കണ്ടെത്താനായിട്ടില്ല. 25 വര്‍ഷമാണ്‌ പാന്‍ കേക്ക് ആമയുടെ ആയുസ്സെന്നു കരുതപ്പെടുന്നു.

 പാന്‍ കേക്ക് ആമകള്‍ കോളനികളായാണ് താമസിക്കുന്നത്. ഒരു പാറയിടുക്കില്‍ തന്നെ ഒരു കോളനിയിലെ പലര്‍ താമസമുറപ്പിക്കും. എങ്കിലും രണ്ടു കോളനിയില്‍ പെട്ട ആമകള്‍ ഒരിക്കലും ഒരുമിച്ച് താമസിക്കാറില്ല.

 വംശനാശത്തിന്റെ വക്കിലാണ് പാന്‍ കേക്ക് ആമകള്‍. ഇതിന് പ്രധാനകാരണം മനുഷ്യര്‍ തന്നെയാണ്. 1960 കളിലും 70 കളിലും ജന്മദേശമായ കെനിയയില്‍ നിന്നും ടാന്‍സാനിയായില്‍ നിന്നും ഇവയെ വന്‍തോതില്‍ പിടികൂടി വിദേശങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു. നിയമവിരുദ്ധമായ ഈ ആമക്കടത്ത് ഇപ്പോഴും തുടരുന്നു. എന്നാല്‍ ആമകളുടെ എണ്ണം കുറഞ്ഞതിനാലും പരിശോധനകള്‍ കര്‍ശനമാക്കിയതിനാലും വന്‍ തോതില്‍ നടക്കുന്നില്ല എന്ന് മാത്രം. താമസ സ്ഥലം നഷ്ടപ്പെടുന്നതും ആഹാരം കിട്ടാത്തതും എല്ലാം ആമകളുടെ എണ്ണം കുറയാന്‍ കാരണമായിട്ടുണ്ട്. കുഞ്ഞുങ്ങളുടെ എണ്ണക്കുറവും ഇവയുടെ വംശനാശത്തിന് വഴിയൊരുക്കുന്നു.