ടൈലോസര്‍
പണ്ടുപണ്ട് സ്രാവിന് കടലിലൊരു എതിരാളി ഉണ്ടായിരുന്നു. 45 അടി നീളമുള്ള ശരീരം. കൂര്‍ത്ത പല്ലുകള്‍. മുഖം മുഴുവന്‍ വിടര്‍ത്തി വലുതാക്കാവുന്ന വലിയ വാ. ഇരയെ അകത്താക്കി അടച്ചാല്‍ കത്രികപ്പൂട്ടുപോലെയാവും. അതില്‍ നിന്ന് രക്ഷപ്പെടുക അസാധ്യം. ഇപ്പോഴത്തെ വടക്കേ അമേരിക്കയുടെ ചുറ്റും കടലുകളില്‍ അധിവസിച്ചിരുന്ന ടൈലോസര്‍ എന്ന ഭീകരനാണ് കഥാപാത്രം.
ഇഷ്ടവിഭവം സ്രാവിറച്ചി,അതിന് വേണ്ടി ഇവന്‍ എന്തും ചെയ്യും. സ്രാവുകളെ കൂട്ടത്തോടെ ആക്രമിക്കുകയാണ് രീതി. എന്നാല്‍ സ്രാവും മോശക്കാരനല്ല. എളുപ്പത്തില്‍ അടിയറവ് പറയാറില്ല. കൊടിയ പോരാട്ടത്തിനൊടുവില്‍ പക്ഷെ, ടൈലോസറുകള്‍ക്കായിരുന്നു പലപ്പോഴും വിജയം. ഇവയുടെ ഫോസിലുകളില്‍ ധാരാളമായി സ്രാവുകളുടെ എല്ലുകള്‍ കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ ചില ടൈലോസറുകളുടെ നട്ടെല്ലിന്റെ ഫോസിലില്‍ സ്രാവിന്റെ പല്ലുകളുമുണ്ടായിരുന്നു. പോരാട്ടങ്ങളില്‍ പലപ്പോഴും സ്രാവുകളും മോശക്കാരയിരുന്നില്ല എന്നര്‍ഥം. ഇപ്പോഴത്തെ യൂറോപ്പിന്റെ പരിസരത്തുള്ള കടലുകളില്‍ ഏതാണ്ട് എട്ടരക്കോടി വര്‍ഷം മുമ്പാണ് ടൈലോസറുകള്‍ ജീവിച്ചിരുന്നത്.