ഗോഡ്സില
ഒട്ടേറെ കഥകള്‍ക്കും ഭാവനാത്മകമായ വിവരണങ്ങള്‍ക്കും വിഷയമായിട്ടുള്ള വമ്പന്‍ കടല്‍ജീവിയാണ് ഗോഡ്സില.
നമ്മുടെ ചീങ്കണ്ണിയുടെ ഒരു മുതുമുത്തച്ഛനായിട്ടുവരും കാഴ്ചയില്‍. ശരീരത്തിനിരുവശത്തും കാലുകള്‍ക്കു പകരം പരന്ന പങ്കായം പോലെയുള്ള കൈകള്‍, വാല്‍ഭാഗത്ത് പ്രത്യേകവീതിയില്‍ രൂപപ്പെട്ടിട്ടുള്ള ദിശാനിയന്ത്രണശേഷിയുള്ള ചിറകുകള്‍. ഭീമാകാരമായ തല കണ്ടാല്‍ ദിനോസറുകളുടെത് പോലെതന്നെ. മാംസഭോജിയായ ഈ ഭീമന്റെ വായില്‍ എട്ടിഞ്ച് നീളത്തിലേറെയുള്ള കൂര്‍ത്തുമൂര്‍ത്ത പല്ലുകള്‍. രക്തക്കൊതിയനായ ഗോഡ്സിലയ്ക്ക് സഹജീവികള്‍ തന്നെയായിരുന്നു ഇഷ്ടഭോജ്യം. ഇക്തിയോസറുകളെ ആക്രമിച്ച് കീഴടക്കി ശാപ്പിടുന്ന അതിഭീകരനായിരുന്നു ഗോഡ്സില.
കഴിഞ്ഞ ദശകത്തിലാണ് ഗോഡ്സിലയുടെ ഫോസിലുകള്‍ ശാസ്ത്രഞ്ജര്‍ക്ക് ലഭിച്ചത്. തെക്കേ അമേരിക്കയുടെ ചുറ്റിലുമുള്ള അറ്റ്ലാന്റിക്-പസഫിക് സമുദ്രങ്ങളായിരുന്നു ഗോഡ്സിലയുടെ വിഹാരരംഗം. 135 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ സമുദ്രങ്ങളുടെ അകത്തളങ്ങളില്‍ ഇവര്‍ കുതിച്ചു കൂത്താടി ജീവിച്ചു. കടലില്‍ ചത്തൊടുങ്ങുന്ന മറ്റു ജീവികളെയെന്ന പോലെ ഇക്തിയോസറുകള്‍ ഉള്‍പ്പടെയുള്ള ഭീമന്‍മാരെയും പിടികൂടാനുള്ള കരുത്തും വലിപ്പവും ഗോഡ്സിലയുടെ കടലിലെ സര്‍വ്വാധിപത്യത്തിന് സഹായിച്ചു.