നെത്തോസറുകള്
കടലിലെ പുരാതന ജലഭീമന്മാരില് മുമ്പന്മാരാണ് നെത്തോസറുകള്. നീണ്ടകഴുത്തും സദാ പിളര്‍ന്നിരിക്കുന്ന വായയും അതില്‍ നിറയെ ക്രമം തെറ്റി വളര്‍ന്നു നില്ക്കുന്ന കൂര്‍ത്ത പല്ലുകളും… ഇതാണ് നെത്തോസറുകളുടെ രൂപം.
കുറുകിയ കാലുകളും കൈകളുമുണ്ട് ഇവയ്ക്ക്.വെള്ളത്തില്‍ ഇവയുപയോഗിച്ച് തുഴഞ്ഞാണ് സഞ്ചാരം. കരയിലാണെങ്കില്‍ ചീങ്കണ്ണിയെപ്പോലെ ഇഴഞ്ഞു നടക്കാന്‍ ഇതു സഹായിക്കും.
നെത്തോസറുകള് കരയിലാണ് മുട്ടയിടുക. മുട്ടവിരിഞ്ഞു പുറത്തുവരുന്ന ചെറുനെത്തോസറുകളെ തിന്നാന്‍ കരയിലെ ചില വമ്പന്മാര് കാത്തിരിക്കാറുണ്ട്. ടിനിനോസക്കസ് ആയിരുന്നു ഇവരില്‍ മുമ്പന്‍. ചീങ്കണ്ണിപോലുള്ള ഈ കരജീവിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നെത്തോസറുകള്ക്ക് കടലിലേയ്ക്ക് കുതിച്ചുപായുകയെ ഗതിയുള്ളൂ.
ചരിത്രാതീതകാലത്ത് കരയില്‍ നിന്ന് ഭക്ഷണം തേടി കടലിലേക്ക് താമസം മാറ്റിയ ഉരഗങ്ങളുടെ ആദ്യതലമുറക്കാരാണ് നെത്തോസറുകള്. കരയില്‍ ഇവര്‍ക്ക് മുഴുവന്‍ ശത്രുക്കള്‍ ആണ്. എപ്പോഴെങ്കിലും കരയിലെത്തിയാല്‍ പിടികൂടാന്‍ ടിസിനോസക്കസ് ഭീകരര്‍ കാത്തുനിന്നിരുന്നു. കുഞ്ഞുങ്ങളെയും മുട്ടകളെയും തിന്നൊടുക്കുന്നത് ഹരമാക്കിയ ഇവന്റെ ഭീഷണിക്കെതിരെ അപായ സൂചന മുഴക്കി പ്രതിഷേധിക്കുകയെ ആ പാവം ഭീകരന്മാര്ക്ക് വഴിയുണ്ടായിരുന്നുള്ളു. കടല്‍ ജീവികളും കരജീവികളും തമ്മിലുള്ള ഉഗ്രപോരാട്ടത്തിന്റെ വേദികളായിരുന്നു ചരിത്രാതീതകാലത്ത് വിജനത തളം കെട്ടിയ കടലോരങ്ങള്‍. 23 കോടിവര്‍ഷം മുമ്പായിരുന്നു നെത്തോസറുകളുടെ അവസാന പരമ്പര ജീവിച്ചിരുന്നത്.