ഭീകരന് ക്രോണോസറുകള്
അത്ഭുതങ്ങളുടെ കലവറയാണ് കടല്‍. കടലിന്റെ ഉള്ളറകളെകുറിച്ച് ഇനിയും മനുഷ്യര്പൂര്ണ്ണമായും മനസ്സിലാക്കിയിട്ടില്ല. നാം കാണാത്തതും കാണാന്‍ സാധ്യതയില്ലാത്തതും ആയ അത്ഭുതാവഹമായ ആകൃതിയും പ്രകൃതിയും വര്‍ണ്ണങ്ങളും വലിപ്പങ്ങളുമുള്ള എണ്ണമറ്റ ജീവികള്‍ കടലിന്റെ അടിത്തട്ടില്‍ സ്വൈരവിഹാരം നടത്തുന്നുണ്ട്. നിരുപദ്രവകാരികളായവായും തൊട്ടാല്‍ വിഷം വമിപ്പിച്ച് ഇരയെ കൊല്ലാന്‍ കെല്‍പ്പുള്ള ഭയങ്കരന്മാരും അവിടെ വിഹരിക്കുന്നു.
കോടാനുകോടി വര്‍ഷങ്ങള്‍ക്കുമുമ്പും കടലില്‍ ഇത്തരം വൈവിധ്യമുള്ള ജീവികള്‍ ഉണ്ടായിരുന്നു.കടലിനടിയിലെ പാറക്കെട്ടുകളില്‍ നിന്നും മറ്റും കിട്ടിയ ഫോസിലുകളില്‍ നിന്നാണ് അവയെക്കുറിച്ചു വിവരം ലഭിച്ചിട്ടുള്ളത്. ആ ചരിത്രാതീതകടല് ജീവികളില്‍ അതിഭീകരരായിരുന്നു ക്രോണോസോറുകള്.
ക്രോണോസോറുകള്ക്ക് 33 അടിയിലേറെ നീളമുണ്ടായിരുന്നു. ഭാരം ഏതാണ്ട് 11ടണ്‍;അതായത് ഒരു ആനയുടെ ഭാരം! കരയില്‍ നിന്ന് ഇരതേടി പുരാതനകാലത്ത് കടലിലേക്കിറങ്ങിയ ഇഴജന്തുക്കളുടെ കുടുംബത്തില്പ്പെട്ടവരാണത്രെ ക്രോണോസറുകള്.
കടലിലെ ഇരപിടിയന്മാരില് ഏറ്റവും ശക്തനായ വേട്ടക്കാരനായിരുന്നു ക്രോണോസോര്. നീണ്ട മുഖം, ഒരു ചെറുകുന്ന് ഒഴുകിവരുന്നതുപോലെ വെള്ളത്തിലൂടെ ഊളിയിട്ടു നടക്കുന്ന പ്രകൃതം. വഴുവഴുപ്പുള്ള ശല്‍ക്കങ്ങളില്ലാത്ത ദേഹം. വര്‍ഷങ്ങളായി വെളിച്ചം കാണാതെ കടലിന്റെ ജലപാളികള്‍ക്കിടയിലൂടെ സഞ്ചരിക്കുന്നതിനാല്‍ ശരീരത്താകെ പടര്‍ന്നു കിടക്കുന്ന ഇളംപച്ചനിറത്തിലുള്ള പായല്‍. ഏഴടി നീണ്ട മുഖത്തിന്റെ ഇരുവശത്തുമായി സദാ തുറന്നിരിക്കുന്ന ഉണ്ടക്കണ്ണുകള്‍. വായ തുറന്നാല്‍ നീണ്ടുകൂര്‍ത്ത പല്ലുകള്‍.
ക്രോണോസോറിന് വിശപ്പടക്കാന്‍ കടലിന്റെ ഇരുണ്ട അടിത്തട്ടിലെ വമ്പന്‍ ജീവികള്‍ തന്നെ വേണ്ടിയിരുന്നു. ഭീകരന്മാരായ ക്രോണോസറുകളും മറ്റൊരു കടല്‍ജീവിയായ വൂളന്ഗോസറുകളും തമ്മിലുള്ള ഘോരപോരട്ടങ്ങള്ക്കൊടുവില് വൂളന്ഗോസറുകള് ക്രോണോസോറുകള്ക്ക് ഭക്ഷണമാകുകയായിരുന്നു പതിവ്.
ഓസ്ട്രേലിയയ്ക്കു ചുറ്റുമുള്ള കടലിലാണ് ക്രോണോസറുകളും വൂളന്ഗസറുകളും വിഹരിച്ചിരുന്നത്. 98-110 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു ക്രോണോസറുകളുടെയും വൂളന്ഗോസറുകളുടെയും ജീവിതകാലമെന്നു കണക്കാക്കുന്നു.