EncyclopediaHistory

ഹാഡ്രിയന്‍

റോമാസാമ്രാജ്യം കണ്ട ധീരന്മാരനായ പടനായകന്മാരില്‍ ഒരാളാണ് ഹാഡ്രിയന്‍ ചക്രവര്‍ത്തി.എ.ഡി 76-ല്‍ ഐബീരിയയിലാണ് ഹാഡ്രിയന്‍ ജനിച്ചത്. റോമിലെ ട്രാജന്‍ എന്ന ചക്രവര്‍ത്തിയുടെ ഒരകന്ന ബന്ധുവായിരുന്നു അദ്ദേഹം.എ.ഡി 114-ല്‍ ഹാഡ്രിയന്‍ സിറിയയിലെ ഗവര്‍ണറായി നിയമിക്കപ്പെട്ടു.എ.ഡി 117-ല്‍ ട്രാജന്‍ ചക്രവര്‍ത്തി ഹാഡ്രിയനെ തന്‍റെ പിന്‍ഗാമിയായി പ്രഖ്യാപിച്ചു. വൈകാതെ ട്രാജന്‍ ചക്രവര്‍ത്തി മരിക്കുകയും ചെയ്തു. റോമിലെ സെനറ്റും ചക്രവര്‍ത്തിയുടെ ആ തീരുമാനം ശരിവച്ചു.

   ചക്രവര്‍ത്തിയായി ചുമതലയേറ്റ ഹാഡ്രിയന്‍റെ ആദ്യ ദൗത്യം വിജയകരമായിരുന്നു.റോമിലെ പ്രമുഖരായ നാലു സൈനികമേധാവികള്‍ ചേര്‍ന്ന് അധികാരം പിടിച്ചെടുക്കാന്‍ ഒരു രഹസ്യപദ്ധതി ഉണ്ടാക്കി. ഗൂഡാലോചന ഹാഡ്രിയന്‍ മനസിലാക്കുകയും തകര്‍ക്കുകയും ചെയ്തു.

   തന്‍റെ ഭരണകാലത്തിന്റെ പകുതിയിലേറെ സമയവും അദ്ദേഹം ഇറ്റലിക്ക് പുറത്തായിരുന്നു ചെലവഴിച്ചത്.എ.ഡി 121 മുതല്‍ 123 വരെയുള്ള കാലത്ത് അദ്ദേഹം പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്ക് പട നയിച്ചു.തുടര്‍ന്നു എ.ഡി 123 മുതല്‍ 125 വരെയുള്ള കാലത്ത് കിഴക്കന്‍ പ്രദേശങ്ങളും കീഴടക്കി.എ.ഡി 128-ല്‍ ഹാഡ്രിയന്‍ ആഫ്രിക്കയിലും തന്‍റെ കൊടിക്കൂറ പാറിച്ചു.

   കോട്ടകളും മതിലുകളും സ്ഥാപിച്ച് തന്‍റെ സാമ്രാജ്യം സുരക്ഷിതമാക്കുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.ബ്രിട്ടന്‍റെ വടക്കു ഭാഗത്ത് അദ്ദേഹം നിര്‍മിച്ച ഹാഡ്രിയന്‍ മതില്‍ പ്രസിദ്ധമാണ്.എ.ഡി 122-ലാണ് ഇത് നിര്‍മിച്ചത്.ജര്‍മനിയില്‍ ഡാന്യൂബ് നദിയുടെ കരയില്‍ അദ്ദേഹം വലിയ മതില്‍ കെട്ടിപ്പൊക്കി.

  എ.ഡി 130-ല്‍ ഹാഡ്രിയന്‍ ജറുസലിമിലെത്തി.ജറുസലം പട്ടണത്തിലെ തകര്‍ന്ന കെട്ടിടങ്ങള്‍ പലതും പുതുക്കിപ്പണിയാനും അവിടെ ജൂപ്പിറ്റര്‍ദേവന്‍റെ ഒരു ക്ഷേത്രം നിര്‍മിക്കാനും ഹാഡ്രിയന്‍ ഉത്തരവിട്ടു.ഹാഡ്രിയന്‍റെ ഈ നടപടി ജറുസലമിലെ ജൂതവംശക്കാര്‍ക്ക് ഇഷ്ടമായില്ല.അവര്‍ ബാര്‍ക്കോബ എന്ന സൈന്യാധിപന്‍റെ നേതൃത്വത്തില്‍ ഹാഡ്രിയനെതിരെ പടപൊരുതാനിറങ്ങി.

   അതിഭയങ്കരമായ പോരാട്ടമായിരുന്നു ജൂതന്മാരും റോമന്‍ സൈന്യവുമായി നടന്നത്.കനത്ത നാശനഷ്ടം ഇരുപക്ഷത്തുമുണ്ടായി. ഒടുവില്‍ ഹാഡ്രിയന്‍ തന്നെ വിജയിച്ചു.പക്ഷേ ജൂതന്മാരോടുള്ള അദ്ദേഹത്തിന്‍റെ പക കെട്ടടങ്ങിയില്ല. അവരെ തുടര്‍ന്നും ഉപദ്രവിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കി. അടിച്ചമര്‍ത്തിയില്ലെങ്കില്‍ ജൂതന്മാര്‍ തിരിച്ചടിക്കുമെന്ന് ഹാഡ്രിയന്‍ ഭയന്നു.

   എ.ഡി 138-ല്‍ ഹാഡ്രിയന്‍ അന്തരിച്ചു.ചടുലമായ നീക്കങ്ങളുള്ള പടത്തലവനുമായിരുന്നു ഹാഡ്രിയന്‍. പക്ഷേ ചക്രവര്‍ത്തി എന്ന നിലയില്‍ ജനപ്രിയനായിരുന്നില്ല എന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്.അതെന്തായാലും ഹാഡ്രിയന്‍റെ പടയോട്ടങ്ങള്‍ ചരിത്രത്തില്‍ നിര്‍ണായകമായ സ്ഥാനം അദ്ദേഹത്തിനു നേടിക്കൊടുത്തു.

  ഹാഡ്രിയന്‍ തന്‍റെ ഭരണക്കാലത്ത് നിര്‍മിച്ച വന്‍മതിലുകളുടെയും കെട്ടിടങ്ങളുടെയും നാശാവശിഷ്ടങ്ങള്‍ ഇന്നും കാണാം.