Encyclopedia

സൂര്യക്കരടി

 ചെറിയ ഇനം കരടികളാണ് സൂര്യക്കരടികള്‍. തെക്കു കിഴക്കന്‍ ഏഷ്യയിലെ അസം, മണിപ്പൂര്‍, മ്യാന്‍മര്‍, ലാവോസ്, മലയ് പെനിന്‍സുല, സുമാട്ര, ബോര്‍ണിയോ എന്നിവിടങ്ങളാണ് ഇവയുടെ ആവാസകേന്ദ്രം, ഹെലാര്‍ക്ക്ടോസ് മലയാനസ് എന്ന പേരുള്ള സൂര്യക്കരടികള്‍ മലയന്‍ കരടി എന്നും അറിയപ്പെടുന്നുണ്ട്. മലയില്‍ കൂടുതലായി കാണുന്നത് കൊണ്ടാവാം ഇങ്ങനെ പേരും വന്നത്. മുന്നെ കാല്‍ അടി മുതല്‍ നാലര അടിവരെ നീളവും രണ്ടേകാല്‍ അടി ഉയരവും അറുപത്തഞ്ചു കിലോ തൂക്കവുമൊക്കെ സൂര്യക്കരടികള്‍ക്കുണ്ട്. ഇവയുടെ കൂര്‍ത്ത മുഖത്തിന് മഞ്ഞ നിറമാണ്. ഉദയസൂര്യനെ അനുസ്മരിപ്പിക്കും വിധം ഇള മഞ്ഞ നിറത്തിലൊരു പാട് നെഞ്ചിലുണ്ട്. അതുകൊണ്ടാണിവയെ സൂര്യക്കരടികളെന്നു വിളിക്കുന്നത്. ചെവിയും മൂക്കും ചെറുതാണ്. മുന്‍കാലുകളിലെ വിരലുകളും നഖങ്ങളുപയോഗിച്ചാണ് മരം കയറ്റവും മണ്ണ് മാന്തലും.

  പകലുറക്കവും രാത്രിയില്‍ തീറ്റ അടിയുള്ള കറക്കവുമാണ് ജീവിത രീതി. ചിത്രശലഭങ്ങളും പക്ഷികളും ചെറിയ ജീവികളുമൊക്കെയാണ് ഇവയുടെ ഭക്ഷണം. കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന കാര്യത്തില്‍ ഇവര്‍ വിരുതന്മാരാണ്‌. വലിപ്പത്തില്‍ ചെറുതായതിനാല്‍ ഇവയെ ചിലര്‍ വീടുകളില്‍ വളര്‍ത്താറുണ്ട്. ഇത്തരം വീടന്മാര്‍ക്ക് പാലും ബ്രെഡും തേനും പച്ചക്കറികളുമൊക്കെ മതി. വംശനാശത്തിന്‍റെ വക്കിലാണ് ഇന്നു സൂര്യക്കരടികള്‍. ലോകത്തിലെ ഭൂരിപക്ഷം മൃഗശാലകളിലും ഈ ഇനം കരടികളെ വളര്‍ത്തുന്നുണ്ട്.