EncyclopediaIndia

സുഷമാ സ്വരാജ്

ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകയും മുൻ സുപ്രീം കോടതി അഭിഭാഷകയും ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന നേതാവുമായിരുന്നു സുഷമാ സ്വരാജ് (ജനനം: 14 ഫെബ്രുവരി 1953 – മരണം: 6 ഓഗസ്റ്റ് 2019). 2014 മെയ് 26 മുതൽ 2019 മെയ് 30 വരെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധിക്ക് ശേഷം രണ്ടാമതായി ഈ സ്ഥാനം വഹിച്ച വനിതയാണ് സുഷമ. ലോക സഭയിലെ വളരെ മുതിർന്ന നേതാവുകൂടിയായ ഇവർ പത്ത് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ട്. ഡെൽഹിയുടെ ആദ്യ വനിതാമുഖ്യമന്ത്രി എന്ന ബഹുമതിയും സുഷമാ സ്വരാജിനുള്ളതാണ് (12 ഒക്ടോബർ 1998 മുതൽ 3 ഡിസംബർ 1998).ഹരിയാന നിയമസഭ കണ്ട ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന സ്ഥാനവും സുഷമാ സ്വരാജിനുള്ളതാണ്.1977 ൽ ഇവർ ഹരിയാന നിയമസഭയിൽ, ദേവിലാലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ കേവലം 25 വയസ്സായിരുന്നു പ്രായം. ഇന്ത്യയിലെ ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയുടെ വക്താവാകുന്ന ആദ്യ വനിതയും സുഷമയാണ്.