EncyclopediaTechnology

സിയോണ്‍ – മൗണ്ട് കാര്‍മല്‍ തുരങ്കം

അമേരിക്കയിലെ സിയോണ്‍ മുതല്‍ മൗണ്ട് കാര്‍മല്‍ ജംഗ്ഷന്‍ വരെ നീണ്ടുകിടക്കുന്ന ഹൈവേയിലാണ് ഈ തുരങ്കം നിര്‍മിച്ചിരിക്കുന്നത്.1923-ല്‍ ഈ ഹൈവേയുടെ റൂട്ട് നിര്‍ണയിക്കപ്പെട്ടു. നാല് വര്‍ഷത്തിനുശേഷം മൊത്തം 40 കിലോമീറ്റര്‍ വരുന്ന റോഡിന്റെ നിര്‍മാണത്തിനും തുടക്കം കുറിച്ചു. 1711 മീറ്ററാണ് തുരങ്കത്തിന്റെ നീളം. ചുണ്ണാമ്പ് കല്ലാണ് തുരങ്കത്തിനു ചുറ്റും കാണപ്പെടുന്നത്. ഹൈവേയിലെ ഒരു പാലത്തില്‍ നിന്ന് നേരെ തുരങ്കത്തിലേക്ക് പ്രവേശിക്കാം. പാറക്കെട്ടില്‍ വലിയൊരു തുരങ്കം പണ്ടേ ഉണ്ടായിരുന്നു. അതിനെ തുടര്‍ന്നാണ്‌ തുരങ്കം മുന്നോട്ട് നിര്‍മിച്ചത്. അടിയിലേക്ക് പാറ തുരന്നുള്ള തുറന്കമായതിനാല്‍ രീതിയിലായിരുന്നു തുരങ്കത്തിന്റെ നിര്‍മാണം. സാധാരണയായി തുരങ്കം നിര്‍മിക്കുന്ന സാങ്കേതിക രീതി അവിടെ ഫലപ്രദമായിരുന്നില്ല. തുരങ്കത്തില്‍ ഇടയ്ക്കിടയ്ക്ക് തുറസായ ഇടങ്ങള്‍ ഉണ്ട്. വായുവും വെളിച്ചവും ഇതിലൂടെ തുരങ്കത്തിനുള്ളിലെത്തും. തുരങ്ക നിര്‍മാണത്തിനിടെ പൊട്ടിച്ചെടുത്ത പാറക്കല്ലുകള്‍ പുറത്തേക്കുകളയാനും ഈ പ്രത്യേക ഇടങ്ങള്‍ പ്രയോജനപ്പെട്ടു. ആദ്യകാലത്ത് വാഹനങ്ങളുടെ പാര്‍ക്കിംഗിനും ഈ സ്ഥലങ്ങള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ സുരക്ഷാകാരണങ്ങളാല്‍ പാര്‍ക്കിംഗ് പിന്നീട് ഒഴിവാക്കി. പുറത്തെ പാറയിടിഞ്ഞും മറ്റും കുഴപ്പങ്ങളുണ്ടായതിനാല്‍ തുറന്ന ഇടങ്ങള്‍ കേടുപാടുകള്‍ തീര്‍ന്ന് കോണ്‍ക്രീറ്റ് ഉപയോഗിച്ച് അടയ്ക്കുകയും ചെയ്തു. നെവേഡ കണ്‍സ്ട്രക്ഷന്‍ കമ്പനി 1927-ല്‍ തുരങ്കത്തിന്റെ നിര്‍മാണം തുടങ്ങി. മൂന്നു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്തു. അക്കാലത്ത് അമേരിക്കയിലെ ഏറ്റവും നീളമുള്ള റോഡ്‌ തുരങ്കമായിരുന്നു അത്.

  ഈ റോഡ്‌ തുരങ്കത്തിനു ചില പരിമിതികള്‍ ഉണ്ടായിരുന്നു. പതിന്നൊന്നടിയിലേറെ ഉയരമുള്ള വാഹനങ്ങളും 7.83 അടിയിലേറെ വീതിയുള്ള വാഹനങ്ങളും നേരത്തെ അനുവാദം വാങ്ങിയശേഷമെ തുരങ്കത്തിനകത്ത് കടക്കാന്‍‘ പറ്റൂ. കാരണം അവ തുരങ്കത്തിലൂടെ പോകുമ്പോള്‍ എതിര്‍വശത്തു നിന്നുള്ള വാഹങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയില്ല.അതിനാല്‍ എതിര്‍ദിശയിലെ വാഹനങ്ങള്‍ തുരങ്കത്തിനു പുറത്ത് നിര്‍ത്തിയിട്ടെ വലിയ വാഹനങ്ങള്‍ അകത്തേക്ക് കടത്തി വിടൂ. 13 അടിയിലും ഉയരമുള്ള വാഹനങ്ങള്‍ക്കാകട്ടെ തുരങ്കത്തില്‍ പ്രവേശനമില്ല. സൈക്കിള്‍ സവാരിക്കാരെയും കാല്‍ നടയാത്രക്കാരേയും തുരങ്കത്തില്‍ കടത്തിവിടില്ല. അമേരിക്കയുടെ ദേശീയ പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ ഈ മനോഹരമായ തുരങ്കവും ഹൈവേയും 1987-ല്‍ സ്ഥാനംപിടിച്ചു.