സാന്‍ ഫ്രാന്‍സിസ്കോ
അമേരിക്കയിലെ വടക്കന്‍ കാലിഫോര്‍ണിയയുടെ സാംസ്കാരിക,വ്യാവസായിക, സാമ്പത്തിക കേന്ദ്രമാണ് സാന്‍ ഫ്രാന്‍സിസ്കോ. 1776-ല്‍ സ്പെയിന്‍കാരാണ് ഈ നഗരം സ്ഥാപിച്ചത്. 1906-ലെ ഭൂകമ്പത്തിലും തീപിടുത്തത്തിലും ഉണ്ടായ നാശനഷ്ടങ്ങളെ അതിജീവിച്ച സാന്‍ ഫ്രാന്‍സിസ്കോ രണ്ടാo ലോകമഹായുദ്ധകാലത്തെ സുപ്രധാന തുറമുഖമായിരുന്നു. 1945-ല്‍ ഐക്യരാഷ്ട്രസംഘടന രൂപംകൊണ്ടത് ഇവിടെവച്ചാണ്.
പ്രസിദ്ധമായ വിനോദസഞ്ചാരകേന്ദ്രമാണ് സാന്‍ ഫ്രാന്‍സിസ്കോ. ഇവിടത്തെ പ്രശസ്തമായ ഗോള്‍ഡന്‍ ഗേറ്റ് തൂക്കു പാലം സാന്‍ ഫ്രാന്‍സികോ ഉള്‍ക്കടലിനെയും പസിഫിക് സമുദ്രത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്നു. അമേരിക്കന്‍ വാസ്തുവിദ്യയുടെ ഗംഭീര്യം വെളിപ്പെടുത്തുന്ന, പെയിന്‍റഡ് ലേഡീസ് എന്നറിയപ്പെടുന്ന കെട്ടിടങ്ങള്‍, പണ്ടത്തെ കുപ്രസിദ്ധ തടവറ അല്‍കാട്രസ്. ഹെയര്‍പിന്‍ വളവുകള്‍ക്ക് പ്രസിദ്ധമായ ലൊംബാര്‍ഡ് സ്ട്രീറ്റ് തുടങ്ങി ആകര്‍ഷണങ്ങള്‍ ഒരുപാടുണ്ടിവിടെ. ലീവൈ സ്ട്ട്രോസ്, ഊബര്‍, ട്വിറ്റര്‍, പിന്‍റെറസ്റ്റ് തുടങ്ങി ഒരുപാട് വമ്പന്‍ ബഹുരാഷ്ട്ര കമ്പനികളുടെ ആസ്ഥാനം സാന്‍ ഫ്രാന്‍സിസ്കോയിലാണ്.
ജനവാസത്തിനു ഏറ്റവും അനുയോജ്യമായ അമേരിക്കന്‍ നഗരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സാന്‍ ഫ്രാന്‍സിസ്കോയില്‍ ഏകദേശം ഒന്‍പതുലക്ഷം പേര്‍ താമസിക്കുന്നുണ്ട്. നഗരത്തിനുള്ളില്‍ മാത്രം അന്‍പതിലധികം കുന്നുകളുണ്ട്.