Encyclopedia

വ്യത്യസ്തനായ പാരാസെല്‍സസ്

1493-1541 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന അതിപ്രശസ്തനായ ചികിത്സകനും ആല്‍കെമിസ്റ്റുമൊക്കെയായിരുന്നു ഇദ്ദേഹം.മറ്റൊരു പേരിലാണ് അദ്ദേഹം അറിയപ്പെട്ടത് അതാണ്‌ പാരാസെല്‍സസ്.പാരാസെല്‍സസ് എന്നാല്‍ അര്‍ഥം സെല്‍സ്സിനേക്കാള്‍ കേമന്‍, ഏ.ഡി ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രഗത്ഭനായ ചികിത്സകനായിരുന്നു ഓലസ് കോര്‍ണെലിയസ് സെല്‍സസ്.സ്വന്തം കഴിവിലുള്ള അമിതമായ വിശ്വാസത്താല്‍ സെല്‍സ്സിനേക്കാള്‍ കേമന്‍ താനാണെന്ന് വരുത്തിതീര്‍ക്കാനാണത്രേ പാരാസെല്‍സസ് ആ പേര് സ്വീകരിച്ചത്.

  ചികിത്സാരംഗത്ത് മുന്‍ഗാമികളെ പിന്തുടരുന്ന രീതിയായിരുന്നു അക്കാലത്ത് പലരും അവലംബിച്ചിരുന്നത്. സ്വന്തമായി നിരീക്ഷണങ്ങള്‍ നടത്താനോ, നിഗമനങ്ങളിലെത്താനോ, പുതിയ ചികിത്സാരീതികള്‍ പരീക്ഷിക്കാനോ പലരും മടിച്ചു. എന്നാല്‍ പാരാസെല്‍സസ് തികച്ചും വ്യത്യസ്തനായിരുന്നു. ചികിത്സാരംഗത്ത് അദ്ദേഹം മാറ്റത്തിന്‍റെ തരംഗങ്ങളുയര്‍ത്തി.

  ചെറുപ്പത്തില്‍ തന്നെ വൈദ്യശാസ്ത്രപഠനം ആരംഭിച്ച പാരാസെല്‍സസ് അയര്‍ലാന്‍ഡിലും റഷ്യയിലും ടര്‍ക്കിയിലുമൊക്കെ സഞ്ചരിച്ച് വിജ്ഞാനം സമ്പാദിച്ചു.33-ആം വയസില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ബേസലിലെ പ്രധാന ചികിത്സകനായി മാറി അദ്ദേഹം. വൈദ്യശാസ്ത്രഗവേഷണങ്ങളില്‍ പാരാസെല്‍സസ് പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ഇന്ദ്രജാലവുമൊക്കെ സമന്വയിപ്പിച്ചു. പ്രകൃതിയുടെ സുഖപ്പെടുത്താനുള്ള കഴിവില്‍ അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു. അക്കാലത്ത് വൈദ്യശാസ്ത്രത്തിലെ ആധികാരിക ഗ്രന്ഥങ്ങളായി കരുതപ്പെട്ടിരുന്ന ഗാലന്റെയും അവിസെന്നയുടെയും ഗ്രന്ഥങ്ങള്‍ പരസ്യമായി തീയില്‍ എറിയുക വരെ ചെയ്തു പാരാസെല്‍സസ്. ഇത്തരം പ്രവര്‍ത്തികളും അഹന്ത നിറഞ്ഞ പെരുമാറ്റവും കാരണം പാരാസെല്‍സസ് പലരുടെയും ശത്രുത സമ്പാദിച്ചു,

   സസ്യങ്ങളില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന പല പദാര്‍ത്ഥങ്ങളും അദ്ദേഹം ചികിത്സക്കായി ഉപയോഗിച്ചു. ആല്‍ക്കെമിയുടെ ലക്ഷ്യം എല്ലാ ലോഹങ്ങളെയും സ്വര്‍ണമാക്കി മാറ്റുക എന്നതല്ല മറിച്ച് ഔഷധങ്ങള്‍ ഉണ്ടാക്കുകയാണെന്ന് പാരാസെല്‍സസ് പ്രസ്താവിച്ചു. എങ്കിലും ആല്‍കെമിയിലെയും ജ്യോതിഷത്തിലെയും ചില അന്ധവിശ്വാസങ്ങളെ അദ്ദേഹവും മുറുകെപ്പിടിച്ചിരുന്നു.

  മാനസികരോഗങ്ങളെക്കുറിച്ചും അദ്ദേഹം വിശദമായി പഠിച്ചിരുന്നു.കെറ്റിനിസം, ശ്വാസകോശരോഗങ്ങള്‍, പക്ഷാഘാതം എന്നിവയെക്കുറിച്ചൊക്കെ അദ്ദേഹം തന്‍റേതായ നിഗമനങ്ങളിലെത്തിയിരുന്നു. പ്രകൃതിരഹസ്യങ്ങളുടെ ചുരുള്‍ നിവര്‍ത്തിക്കുന്നതില്‍ അസാമാന്യപാടവും ഉണ്ടായിരുന്നു പാരാസെല്‍സസിന്.

  എല്ലാ രോഗങ്ങളുടെയും രഹസ്യങ്ങള്‍ കൈപ്പിടിയില്‍ ഒതുങ്ങുന്ന എല്ലാ രോഗങ്ങളെയും ഭേദമാക്കാന്‍ കഴിയുന്ന ഒരു കാലം വരുമെന്ന് അദ്ദേഹം പ്രവചിച്ചിരുന്നു. ജനിതക എഞ്ചിനീയറിങ്ങിലെയും മറ്റും ഗവേഷണങ്ങള്‍ ഇന്നും നമുക്ക് വാഗ്ദാനം ചെയ്യുന്നത് ഒരു രോഗമില്ലാക്കാലം തന്നെ.

  ആല്‍കെമി പരീക്ഷണങ്ങളിലൂടെ മനുഷ്യന് നിത്യയവ്വനം നല്‍കുന്ന ജീവാമൃതം ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു പാരാസെല്‍സസിന്‍റെ പ്രധാന ലക്ഷ്യം, എന്നാല്‍ നാല്‍പ്പത്തിയെട്ടാമത്തെ വയസില്‍ തന്നെ ആ പ്രതിഭയ്ക്ക് ഈ ലോകത്തോട്‌ വിട പറയേണ്ടി വന്നു.