Encyclopedia

വേഷം, വിസ്മയം

വേഷപ്രധാനമായ കലയാണ്‌ കഥകളി. അതായത്, അഭിനയത്തിലെ നാലാമത്തെ ഭാഗമായ ആഹാര്യത്തിന് മുന്‍തൂക്കമുള്ള കലയാണ്‌. വേഷങ്ങളുടെയും മറ്റും ഭംഗി മറ്റു കലകളില്‍ നിന്ന് വ്യത്യസ്തമായ ഒരു ആകര്‍ഷകത്വം കഥകളിക്ക് നല്‍കുന്നു.

  കഥാപാത്രങ്ങളുടെ ഭാവങ്ങള്‍ക്ക് അനുസരിച്ച് മുഖ്യമായി അഞ്ചുതരം വേഷങ്ങള്‍ കഥകളിയിലുണ്ട്. പച്ച, കത്തി, കരി, താടി,  മിനുക്ക്‌ എന്നിവയാണവ. പച്ച വേഷം നല്ല സ്വഭാവമുള്ള കഥാപാത്രങ്ങളെയാണ് കാണിക്കുന്നത്. നളന്‍, അര്‍ജ്ജുനന്‍, ഭീമസേനന്‍ തുടങ്ങിയവര്‍ക്കെല്ലാം പച്ചവേഷമാണ്.

   നന്മയും തിന്മയും ഇടകലര്‍ന്ന കഥാപാത്രങ്ങളെയാണ് കത്തിവേഷം പ്രതിനിധീകരിക്കുന്നത്. മൂക്കിന്‍റെ ഇരുവശത്തുമായി കത്തിയുടെ ആകൃതിയില്‍ വളച്ചു വരയ്ക്കുന്നതാണ് കത്തിവേഷത്തിന്റെ പ്രത്യേകത. ദുര്യോധനന്‍, രാവണന്‍, കീചകന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ക്കെല്ലാം കത്തിവേഷമാണ് ഉണ്ടാകുക.

   കരി വിഭാഗത്തില്‍ പെടുന്ന കഥാപാത്രങ്ങള്‍ക്ക് മുഖത്തെ തേപ്പും ആടകളുമെല്ലാം കറുപ്പ് നിറത്തിലുള്ളവയായിരിക്കും. ക്രൂരസ്വഭാവമുള്ള കഥാപാത്രങ്ങള്‍ക്കാണ് കരിവേഷമുണ്ടാകുക. കാട്ടാളന്‍, ശൂര്‍പ്പണഖ തുടങ്ങിയവര്‍ കരി വേഷക്കാരാണ്.

  താടിവേഷം മൂന്നു തരമുണ്ട്. ചുവന്ന താടിയും വെള്ളത്താടിയും കറുത്ത താടിയും. ചുവന്ന താടി ദുഷ്ട കഥാപാത്രങ്ങള്‍ക്കും വെള്ളത്താടി നല്ല ഗുണമുള്ള കഥാപാത്രങ്ങള്‍ക്കുമാണ് പതിവ്. ബകന്‍, ശിശുപാലന്‍, തുടങ്ങിയവര്‍ക്ക് ചുവന്നതാടിയും ഹനുമാന് വെള്ളത്താടിയുമാണ്.

  സ്ത്രീവേഷങ്ങളും മഹര്‍ഷിമാരും ബ്രാഹ്മണരുമാണ് മിനുക്ക്‌ വേഷം ധരിക്കുന്ന കഥാപാത്രങ്ങള്‍. ഈ അഞ്ച് തരം വേഷങ്ങളല്ലാത്ത ചമയത്തിലും ചില കഥാപാത്രങ്ങള്‍ രംഗത്തെത്താറുണ്ട്.