വെള്ളിയുടെ തിളക്കം
സ്വര്‍ണം പോലെ മനുഷ്യനെ മോഹിപ്പിച്ച ലോഹമാണ് വെള്ളി, ആഭരണങ്ങള്‍ ഉണ്ടാക്കാനും പാത്രങ്ങള്‍ ഉണ്ടാക്കാനും ഈ ലോഹം പണ്ടുമുതലേ ഉപയോഗിച്ചിരുന്നു, സ്വര്‍ണത്തേക്കാള്‍ വില കുറവാണ് വെള്ളിക്ക്. എന്നാല്‍ സ്വര്‍ണത്തിന്‍റെ മിക്ക ഗുണങ്ങളുമുണ്ട്. സ്വര്‍ണം പോലെ വെള്ളിയും നേര്‍ത്ത കമ്പികളാക്കാനും കനം കുറഞ്ഞ തകിടുകള്‍ ആക്കാനും കഴിയും. ഇലക്ട്രോണിക്സ് രംഗത്തും വൈദ്യശാസ്ത്ര രംഗത്തുമെല്ലാം വെള്ളി ഉപയോഗിക്കുന്നു. മികച്ച വൈദ്യുതചാലകം കൂടിയാണ് വെള്ളി, അതുപോലെ സൗരോര്‍ജ്ജ ഉത്പാദനത്തിലും വെള്ളി ഉപയോഗിക്കുന്നു. വെള്ളിയുടെ ഏറ്റവും പ്രശസ്തമായ മറ്റൊരു ഉപയോഗം ഫോട്ടോഗ്രഫി രംഗത്താണ്. സില്‍വര്‍ സംയുക്തമായ സില്‍വര്‍ ബ്രോമൈഡ് പോലെയുള്ളവ തേച്ച ഫിലിമാണ് ഫോട്ടോ എടുക്കാന്‍ ഉപയോഗിച്ചിരുന്നത്.
ശുദ്ധമായ വെള്ളി ചിലപ്പോള്‍ പ്രകൃതിയില്‍ കാണപ്പെടാറുണ്ട്, പക്ഷെ വ്യാവസായിക ആവശ്യങ്ങള്‍ക്കായി പല അയിരുകളില്‍ നിന്നും വെള്ളി വേര്‍തിരിച്ചെടുക്കുകയാണ് പതിവ്. വെള്ളിയുടെ അളവ് ഭൂമിയില്‍ കുറവാണ് 20000 കിലോ പാറയില്‍ ഒരു ഗ്രാം പോലും വെള്ളിയുണ്ടാകില്ല. വര്‍ഷം തോറും 18,000 ടണ്‍ വെള്ളിയാണ് ലോകമെമ്പാടുമായി ഉത്പാദിപ്പിക്കുന്നത്.