ലോകം നിര്‍മിച്ച ലോഹം
ഭൂമിയില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഇരുമ്പാണ്. ഭാരതത്തിന്‍റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ലോകത്തില്‍ ആകെ ഉപയോഗിക്കുന്ന ലോഹങ്ങളുടെ 90 ശതമാനവും ഇരുമ്പാണ്. മനുഷ്യന്‍റെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ മിക്കതിലും ഇരുമ്പിന്‍റെ സഹായമുണ്ട്. ഇത്തിരിക്കുഞ്ഞന്‍ സൂചി മുതല്‍ പടുകൂറ്റന്‍ യന്ത്രങ്ങള്‍ വരെ നിര്‍മിക്കുന്നത് ഇരുമ്പു കൊണ്ടാണല്ലോ,ചുരുക്കത്തില്‍ നമുക്ക് ചുറ്റുമുള്ള ലോകം നിര്‍മിച്ചിരിക്കുന്നതു തന്നെ ഈ കടുപ്പക്കാരന്‍ ലോഹം ഉപയോഗിച്ചാണ്.
ഭൂമിക്കടിയില്‍ 11,000 കോടി ടണ്‍ ഇരുമ്പുണ്ടെന്നാണ് കണക്ക്. ഇപ്പോള്‍ വര്‍ഷം തോറും 70 കോടി ടണ്ണിലധികം ഇരുമ്പ് കുഴിച്ചെടുക്കുന്നുണ്ട്, എങ്കിലും മനുഷ്യന്‍ ഇരുമ്പ് ഉപയോഗിച്ച് തുടങ്ങിയിട്ട് ഏകദേശം 3500 വര്‍ഷങ്ങളെ ആയിട്ടുള്ളൂ. ഇരുമ്പ് വേര്‍തിരിച്ചെടുക്കാനുള്ള പ്രയാസം തന്നെയായിരുന്നു ഇതിനു കാരണം, ആദ്യകാലത്ത് മനുഷ്യന് ഇരുമ്പ് കിട്ടിയത് ഭൂമിയില്‍ പതിക്കുന്ന’ ഉല്‍ക്കകളില്‍ നിന്നായിരുന്നു. മിക്ക ഉല്‍ക്കകളുടെയും 90 ശതമാനവും ഇരുമ്പാണ്. ഇങ്ങനെ ആകാശത്ത് നിന്ന് വീണു കിട്ടിയതിനാല്‍ ഇരുമ്പിന് ഒരു പേര് കിട്ടി. ആകാശക്കല്ല് അഥവാ സെലസ്റ്റിയല്‍ സ്റ്റോണ്‍.
ബ്രിട്ടനില്‍ ഏകദേശം 2500 വര്‍ഷം മുമ്പേ ഇരുമ്പ് വേര്‍തിരിച്ചെടുത്തു തുടങ്ങിയിരുന്നു, ഭാരതീയര്‍ക്കും പണ്ടുതൊട്ടെ ഇരുമ്പ് ഉത്പാദിപ്പിക്കാനുള്ള വിദ്യ അറിയാമായിരുന്നു. ഡല്‍ഹിയിലെ കുത്തബ് മിനാറിനു അടുത്തുള്ള ഇരുമ്പു തൂണ്‍ ഇതിനു തെളിവാണ്. പതിനാറ് നൂറ്റാണ്ട് പഴക്കമുള്ള ഈ തൂണ്‍ ഇന്നും തുരുമ്പ് പിടിക്കാതെ നിലനില്‍ക്കുന്നു ഇരുമ്പിന്‍റെ പ്രത്യേകതരം ലോഹസങ്കരമാണ് ഇതു നിര്‍മിക്കാന്‍ ഉപയോഗിച്ചിട്ടുള്ളത്.
നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല, വൈദ്യശാസ്ത്രരംഗത്തും ഇരുമ്പിന് ഉപയോഗങ്ങളുണ്ട്, സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും ജീവന്‍ നിലനിര്‍ത്താന്‍ ഇരുമ്പ് ആവശ്യമാണ്. നമ്മുടെ രകതത്തിനു ചുവപ്പ്നിറം കിട്ടിയത് തന്നെ ഇരുമ്പിന്റെ സാന്നിധ്യം കൊണ്ടാണ്, പല പ്രധാനപ്പെട്ട മരുന്നുകളിലും ഇരുമ്പിന്‍റെ അംശമുണ്ട്.
നല്ല കട്ടിയുള്ള ലോഹമാണ് ഇരുമ്പ്, എന്നാല്‍ സാധാരണ നാം കാണുന്ന ഇരുമ്പിന്‍റെ യാത്ര കട്ടി ശുദ്ധമായ ഇരുമ്പിന് ഇല്ല എന്നതാണ് സത്യം. കാര്‍ബണ്‍ ചേര്‍ത്ത് കിട്ടി കൂട്ടിയ ഇരുമ്പാണ് പൊതുവെ നാം ഉപയോഗിക്കാറുള്ളത്, കാര്‍ബണിന്‍റെ അളവിനനുസരിച്ച് വാര്‍പ്പിരുമ്പ്, പച്ചിരുമ്പ്, ഉരുക്ക് എന്നിങ്ങനെ മൂന്നു തരത്തില്‍ ഇരുമ്പ് ലഭ്യമാണ്.
ഇരുമ്പിന്റെ അതേ ഗുണമുള്ള മറ്റനേകം ലോഹങ്ങള്‍ ഇന്നുണ്ട്. എന്നാല്‍ വിലക്കുറവും ധാരാളമായി ലഭിക്കുമെന്നതും ഇരുമ്പിന്‍റെ മേന്മയാണ്.ആകെയുള്ള കുഴപ്പം ഇതാണ്. വായുവില്‍ തുറന്നു വച്ചാല്‍ ഇരുമ്പ് തുരുമ്പ് പിടിച്ച് നശിക്കും. കൂട്ടു ലോഹങ്ങള്‍ ഉണ്ടാക്കിയും മറ്റും തുരുമ്പിക്കല്‍ തടയാനുള്ള വഴി ഇന്ന് നമുക്കറിയാം. ഏതായാലും ലോകത്ത് ഇരുമ്പിന്‍റെ പ്രാധാന്യം അടുത്തകാലത്തൊന്നും കുറയില്ലെന്ന് ഉറപ്പ്.