രക്തത്തിന്റെ സഞ്ചാരവഴികള്‍ തേടി ഹാര്‍വി
രണ്ടാം നൂറ്റാണ്ടു മുതല്‍ വൈദ്യശാസ്ത്രരംഗത്ത് വേരുപിടിച്ച ഒരു തെറ്റിദ്ധാരണയെ പിഴുതെറിഞ്ഞു പുതുവഴി വെട്ടിത്തെളിച്ച ശാസ്ത്രജ്ഞനാണ് വില്യം ഹാര്‍വി. രക്തചംക്രമണത്തെക്കുറിച്ചുള്ള അബദ്ധധാരണകളെയാണ് ഇദ്ദേഹം തുടച്ചുനീക്കിയത്.
1578-ല്‍ ഇംഗ്ലണ്ടില്‍ ജനിച്ച ഹാര്‍വി കേംബ്രിഡ്ജിലെ കെയിസ് കോളേജില്‍ നിന്നും വൈദ്യശാസ്ത്രബിരുദ്ധമെടുത്ത ശേഷം ഇറ്റലിയിലെ പ്രശസ്തമായ പാദുവാ സര്‍വ്വകലാശാലയിലാണ് ഉപരിപഠനം നടത്തിയത്. പഠനകാലത്ത് തന്നെ ഹൃദയത്തിന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ചും രക്തസഞ്ചാരത്തെക്കുറിച്ചുമുള്ള സംശയങ്ങള്‍ അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു.
പഠനശേഷം ജയിംസ് ഒന്നാമന്റെയും ചാള്‍സ് ഒന്നാമന്റെയും കൊട്ടാരം വൈദ്യനായി സേവനമനുഷ്ടിക്കുമ്പോഴും ഇത് സംബന്ധിച്ച ഗവേഷണങ്ങള്‍ അദ്ദേഹം തുടര്‍ന്നുകൊണ്ടേയിരുന്നു.ഹൃദയ രഹസ്യങ്ങളും രക്തസഞ്ചാരരഹസ്യങ്ങളും ചുരുള്‍ നിവര്‍ത്താനായി ഹാര്‍വി നിരവധി ജീവികളെ കീറിമുറിച്ചു പഠിച്ചു.വേലിയേറ്റവും വേലിയിറക്കവും പോലെ രക്തം ഒരവയവത്തില്‍ നിന്നും മറ്റൊന്നിലേക്ക് സഞ്ചരിക്കുകയാണെന്നും കരളിലുണ്ടാവുന്ന രക്തമാണ് ഹൃദയത്തിലേക്ക് ഒഴുകുന്നതെന്നും ഹൃദയഭിത്തികള്‍ക്കിടയില്‍ സുക്ഷ്മസുഷിരങ്ങള്‍ ഉണ്ടെന്നുമൊക്കെയായിരുന്നു ഗാലന്‍ പറഞ്ഞുവച്ചിരുന്നത്.
നിരന്തരമായ പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയുമാണ് വില്യം ഹാര്‍വി ഗാലന്റെ സിദ്ധാന്തങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചത്. ഹൃദയം പ്രവര്‍ത്തിക്കുന്നത് ഒരു പമ്പ് പോലെയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. നായയുടെ ധമനികളും സിരകളിലും ചരടുകൊണ്ട് കെട്ടി രക്തത്തിന്‍റെ സഞ്ചാരവഴികള്‍ ഹാര്‍വി നിരീക്ഷിച്ചു.ഹൃദയത്തിന് നാല് അറകളാണല്ലോ ഉള്ളത്. ഇതില്‍ മുകളിലെ ഇടതുവശത്തുള്ള അറയില്‍ നിന്ന് മഹാധമനി വഴിയാണ് രക്തം ശരീരത്തിലേക്ക് പ്രവഹിക്കുന്നത് എന്നും ചംക്രമണത്തിനുശേഷം അശുദ്ധരക്തം മഹാസിര വഴി മുകള്‍ഭാഗത്ത് വലതുവശത്തുള്ള അറയില്‍ എത്തിച്ചേരുകയാണ് ചെയ്യുന്നതെന്നും ഹാര്‍വി തിരിച്ചറിഞ്ഞു. തുടര്‍ന്ന് ശ്വാസകോശധമനി വഴി ശ്വാസകോശത്തിലേക്ക് എത്തുന്ന രക്തം ഓക്സിജന്റെ സാന്നിധ്യത്തില്‍ ശുദ്ധമായിത്തീരുമെന്നും ആ ശുദ്ധരക്തം ശ്വാസകോശസിരകളിലൂടെ ഹൃദയത്തിന്‍റെ ഇടത്തെ മേലറയില്‍ എത്തുമെന്നും ഹാര്‍വി പ്രസ്താവിച്ചു.അതോടെ ഹൃദയത്തിന്‍റെ ഇടത്തും വലത്തും അറകള്‍ക്കിടയില്‍ നടക്കുന്ന രക്തത്തിന്‍റെ സഞ്ചാരം വ്യക്തമായി.
അക്കാലത്ത്തന്നെയാണ് സിരകളില്‍ വാല്‍വുകള്‍ ഉണ്ടെന്ന ഫാബ്രിഷിയസ്ലി ന്‍റെ പ്രസ്താവന പുറത്തുവരുന്നത്. ഹാര്‍വിയുടെ ഗുരുനാഥന്‍ കൂടി ആയിരുന്നു അദ്ദേഹം. ഹൃദയത്തിന്റെ മുകളിലെ അറകള്‍ വെന്‍ട്രിക്കിളുകള്‍ എന്നുമാണ് അറിയപ്പെടുന്നത്. വെന്‍ട്രിക്കിളുകള്‍ സങ്കോചിക്കുമ്പോഴാണ് രക്തം ധമനിയിലേക്ക് പമ്പ്ചെയ്യപ്പെടുന്നത് എന്നും തെളിയിച്ചു ഹാര്‍വി. ഹൃദയ അറകള്‍ക്കിടയിലുള്ള വാല്‍വുകളും അദ്ദേഹം കണ്ടെത്തി.
ഹാര്‍വിയുടെ അനാട്ടമിക്കല്‍ സ്റ്റഡീസ് ഓണ്‍ ദ മോഷന്‍ ഓഫ് ദ ഹാര്‍ട്ട് ആന്‍റ് ബ്ലഡ് എന്ന ഗ്രന്ഥം വൈദ്യശാസ്ത്രരംഗത്ത് ഒരു വിലപ്പെട്ട കണ്ടെത്തലാണ്. ആദ്യകാലത്ത് ഗാലനെ അനുകൂലിക്കുന്നവരില്‍ നിന്നും ഹാര്‍വിക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നെങ്കിലും അദ്ദേഹത്തിന്‍റെ കണ്ടെത്തലുകള്‍ ഒടുവില്‍ അംഗീകരിക്കപ്പെട്ടു. ആധുനിക ഫിസിയോളജിയുടെ സ്ഥാപകനായാണ് ഹാര്‍വി ഇന്ന് അറിയപ്പെടുന്നത്. 1657-ല്‍ ആ പ്രതിഭാശാലി അന്തരിച്ചു.