മോഹിനിയാട്ടം
മലയാളത്തിന്‍റെ മനോഹരമായ നൃത്തരൂപമാണ് മോഹിനിയാട്ടം. മോഹിനിയാട്ടം എന്ന പേര് സൂചിപ്പിക്കുന്നതു തന്നെ സുന്ദരിയുടെ ആട്ടം എന്നാണല്ലോ.നൃത്തത്തിന്‍റെ നാടന്‍ പദമാണ് ആട്ടം.
എ.ഡി 16-ആം ശതകത്തിലാണ് ഈ കലാരൂപം ഉണ്ടായതെന്നു കരുതുന്നു. കാരണം ആ നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മഴമംഗലത്തു നാരായണന്‍ നമ്പൂതിരിയുടെ വൃവഹാരമാല എന്ന കൃതിയിലാണ് മോഹിനിയാട്ടം എന്ന പദം ആദ്യമായി പരാമര്‍ശിച്ചിട്ടുള്ളത്.
തനി കേരളീയമായ ഈ കലാരൂപത്തിന് ധരിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം മലയാളിത്തമുള്ളവയാണ്. കേരള വനിതകളുടെ പരമ്പരാഗത രീതിക്ക് യോജിച്ച നിലയിലാണ് മുടി കെട്ടുന്നതു പോലും കസവുകരയുള്ള ചേലയും ബ്ലൗസുമാണ് വസ്ത്രം. ചേല മനോഹരമായി ഉടുക്കും.
നെറ്റിയില്‍ ചുട്ടി, കാതുകളില്‍ തോടയും കൊടകടുക്കനും കഴുത്തില്‍ നാഗപടത്താലി, പവന്‍ മാല തുടങ്ങിയ ആഭരണങ്ങള്‍.തലയ്ക്ക് പിന്നില്‍ വട്ടത്തില്‍ കെട്ടിവച്ച മുടി പൂക്കള്‍ കൊണ്ടലങ്കരിക്കും, മൂക്കുത്തിയും പിന്നെ ശിരസ്സിനു ഇരുവശവും സൂര്യന്‍, ചന്ദ്രന്‍ എന്നീ പേരുകളുള്ള ആഭരണങ്ങളും അണിയും,കൈകാലുകളില്‍ കാപ്പും ചിലങ്കയുമുണ്ടാകും.
ഇങ്ങനെ വളരെ ഭംഗിയായി അണിഞ്ഞൊരുങ്ങിയാണ് മോഹിനിയാട്ടം അവതരിപ്പിക്കുന്ന കലാകാരി അരങ്ങില്‍ എത്തുക.