Encyclopedia

ബന്ദിപ്പൂർ ദേശീയോദ്യാനം

കർണാടാകയിലെ ചാമരാജ് നഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ബന്ദിപ്പൂർ ദേശീയോദ്യാനം. നീലഗിരി ബയോസ്ഫിയർ റിസർവിൽപ്പെട്ട ഇതിനെ പ്രോജക്ട് ടൈഗറിനു കീഴിൽ കടുവ സംരക്ഷണ കേന്ദ്രമെന്ന നിലയിൽ 1974-ലാണ് ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടുവകളുള്ള രണ്ടാമത്തെ സംസ്ഥാനമായ ഈ കടുവാ സംരക്ഷണകേന്ദ്രത്തിന്റെ വിസ്തൃതി 874 ചതുരശ്ര കിലോമീറ്ററാണ്. തൊട്ടടുത്തുള്ള നാഗർഹോൾ ദേശീയോദ്യാനത്തിനൊപ്പം രാജ്യത്തെ പ്രധാന കടുവ സംരക്ഷണ കേന്ദ്രങ്ങളിലൊന്നാണിത്. ഒരു കാലത്ത് മൈസൂർ രാജ്യത്തിലെ മഹാരാജാവിന്റെ സ്വകാര്യ വേട്ടയാടൽകേന്ദ്രമായിരുന്ന ഇത്, പക്ഷേ പിന്നീട് ബന്ദിപ്പൂർ ടൈഗർ റിസർവിലേക്ക് ഉയർത്തപ്പെട്ടു. വയനാട് വന്യജീവി സം‌രക്ഷണകേന്ദ്രം, മുതുമല വന്യജീവി സം‌രക്ഷണകേന്ദ്രം, നാഗർഹോളെ വന്യജീവി സം‌രക്ഷണകേന്ദ്രം എന്നിവ ഇതിനു സമീപത്താണ് സ്ഥിതിചെയ്യുന്നത്.

874 ചതുരശ്ര കിലോമീറ്റർ (337 ചതുരശ്ര മൈൽ) പ്രദേശത്തായി വ്യാപിച്ചുകിടക്കുന്ന ഈ ദേശീയോദ്യാനം ഇന്ത്യയിലെ വംശനാശഭീഷണി നേരിടുന്ന നിരവധി വന്യജീവികളെ സംരക്ഷിക്കുന്നു. തൊട്ടടുത്തുള്ള നാഗർഹോളെ ദേശീയോദ്യാനം (643 ചതുരശ്ര കിലോമീറ്റർ (248 ചതുരശ്ര മൈൽ)), മുതുമലൈ (320 ചതുരശ്ര കിലോമീറ്റർ (120 ചതുരശ്ര മൈൽ)), വയനാട് വന്യജീവി സങ്കേതം (344 ചതുരശ്ര കിലോമീറ്റർ (133 ചതുരശ്ര മൈൽ)) എന്നിവയോടൊപ്പംചേർന്ന് നീലഗിരി ബയോസ്ഫിയറിന്റെ ഭാഗമായി മൊത്തം 2,183 ചതുരശ്ര കിലോമീറ്റർ (843 ചതുരശ്ര മൈൽ) പ്രദേശത്തെ ഉൾക്കൊള്ളുന്ന ഇത് തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ സംരക്ഷിത പ്രദേശവും തെക്കേ ഏഷ്യയിലെ ഏറ്റവും വലിയ കാട്ടാനകളുടെ ആവാസ കേന്ദ്രവുമായി മാറുന്നു.

കർ‌ണ്ണാടകയിലെ ചാമരാജനഗർ ജില്ലയിൽ ഗുണ്ടൽപേട്ട് താലൂക്കിലാണ് ബന്ദിപ്പൂർ സ്ഥിതി ചെയ്യുന്നത്. വിനോദസഞ്ചാര കേന്ദ്രമായഊട്ടിയിലേക്കുള്ള വഴിയൽ മൈസൂർ നഗരത്തിൽ നിന്ന് 80 കിലോമീറ്റർ (50 മൈൽ) അകലെയായാണ് ഇതിന്റെ സ്ഥാനം. തൽഫലമായി, ബന്ദിപ്പൂരിൽ ധാരാളം വിനോദസഞ്ചാരികളുടെ ആധിക്യം കാണപ്പെടുന്നതുകൂടാതെ ഓരോ വർഷവും ഉദ്യാനത്തിനുള്ളിലെ വനപാതിയിലൂടെ വാഹനങ്ങൾ വേഗത്തിൽ സഞ്ചരിക്കുന്നതിലൂടെ നിരവധി വന്യജീവികൾക്ക് അപകടങ്ങളും സംഭവിക്കുന്നു. വന്യജീവികളുടെ മരണനിരക്ക് കുറയ്ക്കാൻ സഹായിക്കുന്നതിന് വൈകുന്നേരം 9 മുതൽ പുലർച്ചെ 6 വരെ ഇതുവഴിയുള്ള വാഹന ഗതാഗതത്തിന് നിരോധനമുണ്ട്.