പ്രതിഭാ പാട്ടിൽ
രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യ വനിതയും 2007 മുതൽ 2012 വരെ ഇന്ത്യയുടെ 12-മത് രാഷ്ട്രപതിയുമായിരുന്ന മഹാരാഷ്ട്രയിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവാണ് പ്രതിഭ ദേവിസിംഗ് പാട്ടീൽ എന്നറിയപ്പെടുന്ന പ്രതിഭ പാട്ടീൽ.(ജനനം: 19 ഡിസംബർ 1935) രാജസ്ഥാൻ ഗവർണർ, ലോക്സഭാംഗം, രാജ്യസഭാ ഉപാധ്യക്ഷൻ, രാജ്യസഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിലെ ബോംബേ ജില്ലയിലെ നാഡാഗാവോണിലെ ഒരു മറാത്തി കുടുംബത്തിൽ നാരായൺ റാവു പട്ടേലിൻ്റെയും ഗംഗാഭായിയുടേയും മകളായി 1934 ഡിസംബർ 19ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ജൽഗണിലെ എം.ജെ.കോളേജിൽ നിന്ന് ബിരുദവും ബോംബെ ഗവ.കോളേജിൽ നിന്ന് നിയമബിരുദവും നേടി. ജൽഗാൺ ജില്ലാ കോടതിയിൽ ഒരു അഭിഭാഷകയായാണ് ഔദ്യോഗിക ജീവിതമാരംഭിക്കുന്നത്.
1967-ലെ മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ നിയമസഭാംഗമായതോടെയാണ് പ്രതിഭയുടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. 1967 മുതൽ 1985 വരെ മഹാരാഷ്ട്ര നിയമസഭാംഗമായിരുന്ന പ്രതിഭ 1967 മുതൽ 1978 വരെയും 1980 മുതൽ 1985 വരെയും മഹാരാഷ്ട്ര സർക്കാരിലെ കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്നു.
1985 മുതൽ 1990 വരെ മഹാരാഷ്ട്രയിൽ നിന്ന് രാജ്യസഭാംഗമായ പ്രതിഭ 1986 മുതൽ 1988 വരെ രാജ്യസഭ ഉപാധ്യക്ഷയായും പ്രവർത്തിച്ചു. 1988-1989 കാലയളവിൽ മഹാരാഷ്ട്ര പി.സി.സിയുടെ പ്രസിഡൻറായിരുന്നു. 1991 മുതൽ 1996 വരെ അമ്രാവതിയിൽ ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട പ്രതിഭ 2004-ൽ രാജസ്ഥാൻ്റെ ഗവർണറായി നിയമിക്കപ്പെട്ടു. രാജസ്ഥാൻ ഗവർണർ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് പ്രതിഭ. 2007-ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അവതരിപ്പിച്ച ശിവരാജ് പാട്ടീൽ, കരൺ സിംഗ് എന്നിവരെ ഇടത് സഖ്യ കക്ഷികൾ അംഗീകരിക്കാതിരുന്നതിനെ തുടർന്ന് അനുനയ സ്ഥാനാർത്ഥിയായിട്ടാണ് പ്രതിഭ പാട്ടീലിൻറെ പേര് ഉയർന്ന് വരുന്നത്. രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിനെ തുടർന്ന് 2007-ൽ രാജസ്ഥാൻ ഗവർണർ സ്ഥാനം പ്രതിഭ രാജിവച്ചു. 2007-ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മുഖ്യ എതിരാളിയായിരുന്ന ഉപ-രാഷ്ട്രപതി ഭൈരോൺ സിംഗ് ഷഖാവത്തിനെ പരാജയപ്പെടുത്തി ഇന്ത്യയുടെ 12-മത് രാഷ്ട്രപതിയായി പ്രതിഭ പാട്ടീൽ സ്ഥാനമേറ്റു. 2012-ൽ കാലാവധി പൂർത്തിയായതിനെ തുടർന്ന് പ്രതിഭ പാട്ടിൽ സ്ഥാനമൊഴിഞ്ഞപ്പോൾ പകരം പ്രണബ് മുഖർജി അധികാരമേറ്റു.