Encyclopedia

പോര്‍ട്ടബിള്‍ കമ്പ്യൂട്ടര്‍

ഓസ്‌ബോണ്‍ എന്ന ആദ്യത്തെ പോര്‍ട്ടബിള്‍ കമ്പ്യൂട്ടറിന്റെ ഭാരം 12 കിലോഗ്രാം മാത്രമായിരുന്നു! സ്യൂട്ട്കെയ്സ്പോലെ കൊണ്ട് നടക്കാവുന്ന ഇതിനു അഞ്ച് ഇഞ്ച്‌ സ്ക്രീനും രണ്ടു ഫ്ലോപ്പി ഡിസ്ക് ഡ്രൈവറും മടക്കിവയ്ക്കാവുന്ന കീബോര്‍ഡും 64 കിലോബൈറ്റ് മെമ്മറിയുമുണ്ടായിരുന്നു. ആദം ഓസ്‌ബോണ്‍ ആണ് ഇത് നിര്‍മിച്ചത്.

   ഓസ്‌ബോണ്‍ 1961-ല്‍ ബര്‍മിംഗ്ഹാം യൂണിവേഴ്സിറ്റിയില്‍ നിന്ന് കെമിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദ്ധം നേടി.പിന്നീട് ഇതേ വിഷയത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. കാലിഫോര്‍ണിയ ആസ്ഥാനമായ ഷെല്‍ ഓയില്‍ കമ്പിനിയില്‍ കെമിക്കല്‍ എന്‍ജിനീയറായി ആദ്യ നിയമനവും ലഭിച്ചു. പക്ഷെ ഒരിടത്തും അടങ്ങിയിരിക്കുന്ന സ്വഭാവമായിരുന്നില്ല ഓസ്‌ബോണിന്റേത്.

  ടെക്നിക്കല്‍ റൈറ്റിoഗ് ഏറെ ഇഷ്ടപ്പെട്ട ഓസ്‌ബോണ്‍ 1972-ല്‍ ഓസ്ബോണ്‍ ആന്‍ഡ് അസോസിയേറ്റ്സ് എന്ന പേരില്‍ സ്ഥാപനം രൂപീകരിച്ച് കമ്പ്യൂട്ടറുകളുടെയും മറ്റും ഉപയോഗക്രമം വിവരിക്കുന്ന കൈപ്പുസ്തകങ്ങള്‍ എഴുതി തുടങ്ങി.പിന്നീട് സ്വന്തം പബ്ലിഷിംഗ് കമ്പനി വഴി നാല്പതോളം പുസ്തകങ്ങള്‍ പ്രസദ്ധീകരിച്ചു.1979-ല്‍ ഈ കമ്പനി പ്രശസ്ത പുസ്തക പ്രസാധകരമായ മക്ഗ്രോ ഹില്ലിന് വില്‍ക്കുകയായിരുന്നു. ഇതിനുശേഷമാണ് കൊണ്ട്നടക്കാവുന്ന കമ്പ്യൂട്ടറുകള്‍ രൂപകല്‍പന ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചത്.

  1980 മാര്‍ച്ച് മാസം ഒരു കമ്പ്യൂട്ടര്‍ ഫെയറില്‍ വച്ച് പരിചയപ്പെട്ട ഹാര്‍ഡ്‌വെയര്‍ വിദഗ്ദനായ ലീഫെല്‍സെന്‍ സ്റ്റെയിനാണ് ഓസ്‌ബോണിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് കൊണ്ട്നടക്കാവുന്ന ഒരു ഒതുങ്ങിയ കമ്പ്യൂട്ടറിന് രൂപം നല്‍കിയത്. ബേസിക്, വേഡ്സ്റ്റാര്‍, വിസികാല്‍ക് തുടങ്ങിയ പ്രോഗ്രാമുകളും ഈ കമ്പ്യൂട്ടറിനോടൊപ്പം ഫ്രീയായി നല്‍കി. 1981-ല്‍ ഇതിന്റെ പരിഷ്കരിച്ച പതിപ്പ് ഓസ്‌ബോണ്‍ വണ്‍ എന്ന പേരില്‍ 1795 ഡോളറിനു ലഭ്യമാക്കി. ഓസ്ബോണ്‍ 2003 മാര്‍ച്ച് 18 ന് 64 ആം വയസ്സില്‍ അന്തരിച്ചു.