Uncategorized

പൂവായിപ്പിറന്ന ഓര്‍ക്കിസ്

ഓര്‍ക്കിസ് എന്നായിരുന്നു ആ ദേവന്‍റെ പേര്. ആരെയും വശീകരിക്കാന്‍ പോന്ന സൗന്ദര്യവും ആരെയും കീഴടക്കാമെന്ന ഗര്‍വും ഒത്തിണങ്ങിയ അദ്ദേഹം ഒരിക്കല്‍ ദൈവത്തിന്‍റെ പുരോഹിതയായ ഒരു യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ദൈവികിങ്കരന്മാര്‍ ഓര്‍ക്കിസിനെ മുറിവേല്‍പിച്ചുകൊന്നു.

  ഓര്‍ക്കിസിന്റെ മൃതദേഹത്തില്‍ നിന്നും അസാധാരണമായ ഒരു പൂവിനു ജന്മം നല്‍കാന്‍ ദൈവങ്ങള്‍ തീരുമാനിച്ചു. ഓര്‍ക്കിസിന്റെ  സൗന്ദര്യവും വശീകരണസിദ്ധിയും ഒത്തിണങ്ങിയ ആ പൂവാണത്രേ ഓര്‍ക്കിഡ്. ഓര്‍ക്കിഡിന്‍റെ ഉത്ഭവത്തെക്കുറിച്ച് ഗ്രീക്ക് പുരാണത്തിലുള്ള ഒരു കഥയാണിത്‌.

  ഓര്‍ക്കിഡുകള്‍ ഓര്‍ക്കിഡേസിയേ എന്ന സസ്യകുടുംബത്തില്‍ പെടുന്നു. ആയിരത്തില്‍പരം ജനുസ്സുകളിലായി ഏതാണ്ട് 28,000 ഇനം ഓര്‍ക്കിഡുകളെ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ അലങ്കാരസസ്യങ്ങളായി വളര്‍ത്താന്‍ ഒട്ടനവധി ഓര്‍ക്കിഡുകളെ കൃത്രിമമായി മനുഷ്യന്‍ സൃഷ്ടിച്ചിട്ടുമുണ്ട്.

  ഏതാണ്ട് രണ്ടരക്കോടി വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഓര്‍ക്കിഡുകളുടെ ഉദ്ഭവം എന്ന് കരുതുന്നു. മയോസീന്‍ കാലഘട്ടത്തിലെ ഫോസിലില്‍നിന്ന് meliorchis caribea എന്നയിനം ഓര്‍ക്കിഡിന്‍റെ പരാഗരേണുക്കള്‍ കണ്ടെത്തിയിട്ടുണ്ട്.

  തെക്കേ അമേരിക്കയിലെ കോളംബിയയാണ് ലോകത്തില്‍ ഏറ്റവുമധികം ഓര്‍ക്കിഡുകള്‍ വളരുന്ന രാജ്യം. ഏതാണ്ട് നാലായിരം ഇനം ഓര്‍ക്കിഡുകള്‍ അവിടെ വളരുന്നുണ്ട്. അവയില്‍ 1500 ഇനങ്ങള്‍ ലോകത്തില്‍ അവിടെ മാത്രം കാണപ്പെടുന്നവയാണ്‌.