പാരിസ്
ലോകപ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് പാരിസ്. ഫ്രാന്‍സിന്റെ തലസ്ഥാനമായ ഈ നഗരം വടക്കന്‍ ഫ്രാന്‍സിലെ സീന്‍ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്നു.
ലോകത്തിലെ പ്രധാനപ്പെട്ട വ്യാപാര, സാംസ്കാരിക കേന്ദ്രങ്ങളില്‍ ഒന്നാണ് പാരിസ്, വര്‍ഷംതോറും മൂന്നുകോടിയോളം വിദേശ വിനോദസഞ്ചാരികളാണ് ഇവിടെ വന്നെത്തുന്നത്, ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഫാഷന്‍ കേന്ദ്രം കൂടിയാണ് പാരിസ്. ലോകത്തിലെ ഏറ്റവും വലുതും ഏറ്റവുമധികം സന്ദര്‍ശകരെത്തുന്നതുമായ ല്യൂവ്റെ മ്യൂസിയം ഈ നഗരത്തിലാണ് ഉള്ളത്.
850 വര്‍ഷത്തിലധികം പഴക്കമുള്ളതും ലോക പൈതൃകപ്പട്ടികയില്‍ പെടുന്നതുമായ നോത്രഡാം പള്ളി പാരിസ് നഗരത്തിലെ മറ്റൊരു ടൂറിസ്റ്റ് കേന്ദ്രമാണ്. സെയ്ന്റ് ചാപ്പല്‍, ഈഫല്‍ ടവര്‍, തുടങ്ങിയ നിരവധി മറ്റു വിനോദസഞ്ചാരകേന്ദ്രങ്ങളും ഇവിടെയുണ്ട്.
1900, 1924 വര്‍ഷങ്ങളിലെ ഒളിമ്പിക്സും 1998 ലെ ഫുട്ബോള്‍ ലോകകപ്പും പാരിസിലാണ് നടന്നത്. ഇവിടത്തെ റൊളാന്‍ഡ് ഗാരോസ് ടെന്നീസ് സ്റ്റേഡിയമാണ് എല്ലാ വര്‍ഷവും നടക്കുന്ന ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ വേദി.