പഴയ പുസ്തകങ്ങളുടെ മഞ്ഞനിറം
പഴയ പുസ്തകങ്ങളുടെ പേജുകള്‍ കണ്ടിട്ടില്ലേ? തിളക്കം മങ്ങി ചെറിയ മഞ്ഞനിറമൊക്കെ വ്യാപിച്ച് പുതുമേ നഷ്ടപ്പെട്ട അവ കണ്ടാലേ അറിയാം പഴയതാണെന്ന്. പഴകുമ്പോള്‍ പുസ്തകത്താളുകള്‍ക്ക് മഞ്ഞനിറം വ്യാപിക്കുന്നതിനു പിന്നിലൊരു കെമിസ്ട്രി ഉണ്ട്.
തടിയില്നിന്നാണ് കടലാസ് ഉണ്ടാക്കുന്നതെന്ന് അറിയാമല്ലോ. തടിയില്‍ പ്രധാനമായും രണ്ടുതരo പോളിമര്‍ തന്മാത്രകളാണുള്ളത്, സെല്ലുലോസും ലിഗ്നിനും, നിറമില്ലാത്ത സെല്ലുലോസ് പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നു. ലിഗ്നിന്‍ ആണ് കടലാസിന് ബലം നല്‍കുന്നത്. ചെറിയ ബ്രൌണ്‍ നിറമുള്ള പോളിമറാണ് ലിഗ്നിന്‍. അന്തരീക്ഷത്തിലെ ഓക്സിജനുമായി ചേരുന്ന ലിഗ്നിനില് പ്രകാശത്തിന്റെ സാന്നിധ്യത്തില്‍ ചില രാസമാറ്റങ്ങളൊക്കെ സംഭവിക്കും. കാലക്രമേണ ഇത് കടലാസിന്റെ പുതുമ നഷ്ടപ്പെടുത്തുകയും മങ്ങിയ മഞ്ഞനിറത്തില്‍ കൊണ്ടെത്തിക്കുകയും ചെയ്യുന്നു.