പച്ചപ്പൊടിക്കുരുവി
നമ്മുടെ നാട്ടിലെത്തുന്ന ദേശാടനക്കാരിലെ ഇത്തിരിക്കുഞ്ഞന്‍. പച്ചപ്പൊടിക്കുരുവികളെ അങ്ങനെ വിശേഷിപ്പിക്കാം. ഇളംപച്ചനിറത്തിലുള്ള പൊടിക്കുരുവികളാണ് നമ്മുടെ നാട്ടില്‍ കൂടുതലായി എത്തുന്നത്. വെറും അഞ്ച് ഇഞ്ചാണ് ഈ പക്ഷിയുടെ ആകെ നീളം.
കാണാന്‍ ഇത്തിരിയേ ഉള്ളൂവെങ്കിലും ഹിമാലയത്തിനപ്പുറത്തു നിന്നാണ് വര്‍ഷം തോറും മുടങ്ങാതെ ഇവ നമ്മുടെ നാട്ടില്‍ എത്തുന്നത്. പക്ഷെ നന്നായി ശ്രദ്ധിച്ച് നിരീക്ഷിച്ചാലേ ഈ ദേശാടനക്കാരെ ഒന്നു കണ്ടുകിട്ടൂ.
ദൂരദര്‍ശിനിയുടെ സഹായത്തോടെയാണ് പക്ഷിനിരീക്ഷികര്‍ പച്ചപ്പൊടിക്കുരുവിയെക്കുറിച്ചുള്ള കാര്യങ്ങള്‍ മനസ്സിലാക്കുന്നത്. മഞ്ഞകലര്‍ന്ന ഇളം പച്ച നിറക്കാരാണ് പൊതുവെ ഇക്കൂട്ടര്‍. അടിഭാഗത്ത് നേര്‍ത്ത മഞ്ഞയോ വെള്ളയോ കാണപ്പെടുന്നു. കണ്ണിനു മുകളില്‍ ഇളം മഞ്ഞനിറത്തില്‍ പുരികംപോലെ വര കാണാം. ഇത് പിന്‍കഴുത്തു വരെ നീണ്ടുപോകുന്നു. അതിനു താഴെ കണ്ണില്‍ക്കൂടി ഇരുണ്ട വരയും ഉണ്ട്.
മരങ്ങളിലെ ഇലക്കൂട്ടങ്ങള്‍ക്കിടയില്‍ പച്ചപ്പൊടിക്കുരുവികള്‍ എപ്പോഴും ചാഞ്ചാടി നടക്കുന്നു. ഇലകള്‍ ധാരാളമുള്ള മരങ്ങളാണ് ഇക്കൂട്ടര്‍ക്ക് കൂടുതല്‍ ഇഷ്ടം. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ ഇവ നമ്മുടെ നാട്ടിലുണ്ടാകും. കൂടെക്കൂടെ ചിരുവിറ്റ് എന്നൊരു ശബ്ദവും പൊടിക്കുരുവികളുണ്ടാക്കും. ഇലകള്‍ക്കിടയില്‍ നിന്ന് ചെറുപ്രാണികളെ കൊത്തിയെടുത്ത് ഇവ ശാപ്പിടുന്നു.
ഒറ്റയ്ക്ക് സഞ്ചരിക്കുന്ന കൂട്ടരാണ് പൊടിക്കുരുവികള്‍. കൂട്ടുകൂടുന്നതും മുട്ടയിടുന്നതുമെല്ലാം ഹിമാലയത്തിനപ്പുറത്തു ചെന്നാണ്. ഇറാന്‍, വടക്കേ യൂറോപ്പ്, പടിഞ്ഞാറെ സൈബീരിയ, വടക്കു പടിഞ്ഞാറെ മംഗോളിയ എന്നിവിടങ്ങളിലെല്ലാം പൊടിക്കുരുവികള്‍ കൂടു കൂട്ടി കുഞ്ഞുങ്ങളെ വിരിയിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്, ഉയരം കൂടിയ മഞ്ഞുമലകള്‍ കടന്നാണ് തെക്കോട്ടും വടക്കോട്ടുമുള്ള ഇവയുടെ ദേശാടനം, പക്ഷിനിരീക്ഷകര്‍ക്ക് ഇത് വലിയ അത്ഭുതമാണ്.