ന്യൂയോര്‍ക്ക്
അമേരിക്കന്‍ ഐക്യനാടുകളിലെ ഏറ്റവും ജനസാന്ദ്രതയേറിയ നഗരമാണ് ന്യൂയോര്‍ക്ക് സിറ്റി. 2017-ലെ കണക്കനുസരിച്ച് 86.2 ലക്ഷണമാണ് അവിടത്തെ ജനസംഖ്യ. ന്യൂയോര്‍ക്ക് നിവാസികളില്‍ ഏതാണ്ട് 32 ലക്ഷത്തിലധികവും വിദേശികളാണ്. എണ്ണൂറിലധികം ഭാഷകള്‍ സംസാരിക്കുന്ന ഇവിടം ലോകത്തില്‍ ഏറ്റവുമധികം വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്ന മെട്രോപൊളിറ്റന്‍ നഗരമാണ്. ആഗോള സാമ്പത്തികവിപണിയില്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ കഴിവുള്ള ആസ്ഥാനം എന്ന നിലയ്ക്കും പ്രാധാന്യമര്‍ഹിക്കുന്നു.
മാന്‍ഹാട്ടന്‍, ബ്രൂക്ക്ലിന്‍, ബ്രോങ്ക്സ്, ക്വീന്‍സ്, സ്റ്റോര്‍ ഐലന്‍ഡ് എന്നീ അഞ്ച് പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് 1898-ലാണ് ഈ നഗരം രൂപകല്‍പന ചെയ്തത്.1624-ല്‍ ഡച്ചുകാര്‍ ലോവര്‍ മാന്‍ഹട്ടനില്‍ സ്ഥാപിച്ച വാണിജ്യകേന്ദ്രമായ ന്യൂ ആംസ്റ്റ്ര്‍ ഡാം 1664-ല്‍ ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായി. ഇംഗ്ലണ്ടിലെ ചാള്‍സ് രണ്ടാമന്‍റെ സഹോദരന്‍ ഡ്യൂക്ക് ഓഫ് യോര്‍ക്കിന് ഈ സ്ഥലത്തിന്‍റെ നിയന്ത്രണം കൈമാറ്റം ചെയ്തതോടെ നഗരത്തിനു ന്യൂയോര്‍ക്ക് എന്ന പേരുകിട്ടി. 1785 മുതല്‍ 1790 വരെ യു.എസിന്‍റെ തലസ്ഥാനമെന്ന പദവി ന്യൂയോര്‍ക്കിനായിരുന്നു.
കടല്‍മാര്‍ഗം യു.എസിലെത്തുന്ന വരെ എതിരേല്‍ക്കുന്നത് ന്യൂയോര്‍ക്കില്‍ സ്ഥാപിച്ച സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയാണ്. ഫ്രാന്‍സിന് ഈഫല്‍ ഗോപുരം പോലെ യു.എസിന്‍റെ മുഖമുദ്രയാണ് ഈ പ്രതിമ.ഏറ്റവുമധികം ഫോട്ടോയെടുക്കപ്പെടുന്ന നഗരമാണ് ന്യൂയോര്‍ക്ക്, ലോകത്തെ സുപ്രധാനമായ രണ്ട് സ്റ്റോക്ക് എക്സ്ചേഞ്ചുകളായ ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ച്, നാസ്ഡാക് എന്നിവ ഇവിടെയാണ്, ബ്രോഡ്വേ തിയറ്റര്‍, എല്ലിസ് ഐലന്‍ഡ്, മെട്രോപൊളിറ്റന്‍ ആര്‍ട്ട് മ്യൂസിയം വാഷിംഗ്‌ടണ്‍ സ്ക്വയര്‍ പാര്‍ക്ക്, റോക്കെഫെല്ലര്‍ സെന്‍റര്‍, മാന്‍ഹട്ടന്‍, ചൈനാടൗണ്‍ ഇവയെല്ലാം നഗരത്തിലെ പ്രധാന ആകര്‍ഷണങ്ങളാണ്.
ലോകത്തെ ഏറ്റവും തിരക്കേറിയ വാണിജ്യമേഖലകളില്‍ ഒന്നാണ് ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയര്‍ പ്രശസ്ത പത്രമായ ദ ന്യൂയോര്‍ക്ക് ടൈംസിന്റെ ഓഫീസ് സ്ഥാപിച്ച ശേഷമാണ് ഇവിടം ഈ പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. ലോകത്തിന്റെ നാല്‍ക്കവല ലോകത്തിന്‍റെ ഹൃദയം എന്നൊക്കെ ഇവിടം അറിയപ്പെടുന്നു.
ഏഷ്യക്ക് വെളിയില്‍ ഏറ്റവുമധികം ചൈനക്കാരുള്ളത് ന്യൂയോര്‍ക്കിലാണ്. അറുപത് ലക്ഷത്തില്‍ അധികം സഞ്ചാരികള്‍ എല്ലാ വര്‍ഷവും ന്യൂയോര്‍ക്കില്‍ എത്താറുണ്ടെന്നാണ് കണക്ക്.