EncyclopediaHistory

തെങ്ങുകൃഷി

ദ്വീപ്‌ നിവാസികളുടെ പ്രധാനകൃഷി തെങ്ങ് ആണ്. തെങ്ങില്‍നിന്നുള്ള വിവിധ ഉത്പന്നങ്ങള്‍ കയറ്റി അയച്ചാണ് ദ്വീപിലുള്ളവര്‍ ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്.
തേങ്ങയും കൊപ്രയും കയറും ഓലപ്പായയും ഒക്കെ കയറ്റിയയച്ച് പകരം അരിയും വസ്ത്രങ്ങളും ഇറക്കുമതി ചെയ്യുകയാണ് രീതി.
ലക്ഷദ്വീപിലെ തെങ്ങ്കൃഷിയുടെ’ ചരിത്രം രസകരമാണ്. കുടിയേറ്റക്കാര്‍ ആദ്യമായി ലക്ഷദ്വീപില്‍ എത്തിയപ്പോള്‍ ഓരോരുത്തരും അവര്‍ക്ക് സാധിക്കുന്നിടത്തോളം സ്ഥലത്ത് തെങ്ങ് വച്ചു. ഭൂമി അവരുടെ സ്വന്തം എന്നായിരുന്നു കണക്ക്. അങ്ങനെ കൂടുതല്‍ തെങ്ങ് വച്ചവര്‍ ഭൂമിയുടെ അവകാശികളായി.
ആദ്യകാലത്തെ കേരളത്തിലെ ജന്മി കുടിയാന്‍ സമ്പ്രദായങ്ങളൊക്കെ ലക്ഷദ്വീപിലും നിലനിന്നിരുന്നു. ഉയര്‍ന്ന ജാതിക്കാര്‍ കോയമാരെന്നും കീഴാളര്‍ മേലാച്ചേരികള്‍ എന്നും അറിയപ്പെട്ടു. തെങ്ങ് നടുന്നതും പരിചരിക്കുന്നതും വിളവെടുത്ത് കൊപ്രയാക്കി വള്ളത്തില്‍ കയറ്റി കേരളത്തിലേക്ക് അയയ്ക്കുന്നതുമൊക്കെ മേലാച്ചാരികളുടെ ജോലിയായിരുന്നു. വള്ളം നന്നാക്കാനും പുരമേയാനുമൊക്കെ മേലാച്ചേരികള്‍ക്ക് പ്രത്യേക കഴിവുണ്ടായിരുന്നു.
കോയന്മാര്‍ വിട്ടുകൊടുക്കുന്ന 40 തെങ്ങുകളുടെ ആദായമെടുക്കാനുള്ള അവകാശം മാത്രമായിരുന്നു മേലാച്ചേരികളുടെ കൂലി. നടപ്പ് എന്നായിരുന്നു ഈ അവകാശം അറിയപ്പെട്ടിരുന്നത്. ജന്മിമാരുടെ തെങ്ങുകള്‍ക്കിടയില്‍ സ്വന്തമായി തെങ്ങ് വയ്ക്കാനും മേലാച്ചേരികള്‍ക്ക് അനുവാദമുണ്ടായിരുന്നു. ഇപ്രകാരം ഇവര്‍ സ്വന്തമായി നടുന്ന തെങ്ങുകളുടെ ഉടമസ്ഥാവകാശമനുസരിച്ച് ഭൂമിയുടെ ഉടമസ്ഥത നിശ്ചയിച്ചിരുന്ന രീതിക്ക് സര്‍ക്കാര്‍ മാറ്റം വരുത്തി. ഒരു തോട്ടത്തിലെ പല തെങ്ങുകള്‍ക്ക് പല അവകാശികള്‍ എന്ന രീതി മാറ്റി ഒരു പ്രത്യേക സ്ഥലത്തെ മുഴുവന്‍ തെങ്ങുകളും ഒരാള്‍ക്ക് എന്ന മട്ടില്‍ ഉടമസ്ഥാവകാശം പുതിയ രീതിയിലാക്കി.
ഇതോടുകൂടി നടപ്പ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കൂടിയായ്മ സമ്പ്രദായം അവസാനിച്ചു ജന്മിമാര്‍ക്കും കുടിയാന്മാര്‍ക്കുമിടയില്‍ കൃത്യമായ മാനദന്‍ഡത്തോടെ ഭൂമി വിഭജിച്ചു. നാലിലൊന്ന് ഭൂമി ജന്മിക്കും ബാക്കി കുടിയാന്മാര്‍ക്കും എന്നായിരുന്നു കണക്ക്. ആദ്യം അമിനി ദ്വീപില്‍ നടപ്പാക്കിയ ഈ രീതി പിന്നീട് മറ്റു നിവാസികള്‍ തങ്ങളുടെ ഭൂമി വില്‍ക്കുന്നത് സംബന്ധിച്ചും നിബന്ധനകളുണ്ടാക്കി. സംവരണ വിഭാഗക്കാരായ ദ്വീപുകാര്‍ സംവരണവിഭാഗക്കാരല്ലാത്തവര്‍ക്ക് ഭൂമി വില്‍ക്കുന്നത് നിരോധിച്ചു കൊണ്ടായിരുന്നു ഇത്.
ഇന്നും ദ്വീപുനിവാസികളില്‍ വലിയൊരു വിഭാഗം തെങ്ങുകൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്.