തുള്ളലും നമ്പ്യാരും
ഓട്ടന്തുള്ളല് എന്നു കേള്‍ക്കുമ്പോഴെ മുഖത്തൊരു പുഞ്ചിരി തെളിയും! പുരാണകഥകള്‍ സമകാലീന ജീവിതവുമായി ബന്ധപ്പെടുത്തി വളരെ രസകരമായി അവതരിപ്പിക്കുന്ന കലയാണ് തുള്ളല്‍.
പേരുപോലെതന്നെ നേരിയൊരു ഇളക്കത്തോടെ, അതായത് തുള്ളലോടെയാണ് ഇതിന്റെ അവതരണം, സാധാരണക്കാരുടെ വാക്കുകളും ശൈലികളുമാണ് തുള്ളല്‍കൃതികളില്‍ ഏറെയും ഉപയോഗിച്ചിരിക്കുന്നത്. രചനയുടെ പ്രത്യേകതയും അവതരണരീതിയും മുഖം നോക്കാതെയുള്ള വിമര്‍ശനവും മറ്റു കലകളില്‍ നിന്ന് തുള്ളലിനെ ശ്രദ്ദേയമാക്കുന്നു.
സമൂഹത്തില്‍ മാറ്റേണ്ടതായ ചില ശീലങ്ങളെ നാട്ടുഭാഷയില്‍ ഫലിതം കലര്‍ത്തി പറഞ്ഞതാണ് തുള്ളലിലെ വിമര്‍ശനം.തുള്ളലിന് ഉപയോഗിക്കുന്ന പാട്ടുകളുടെ രീതി അഥവാ വൃത്തം, അവതരണത്തിന് ഉപയോഗിക്കുന്ന വേഷം എന്നിവ ആധാരമാക്കി തുള്ളല്‍ മൂന്നു വിധമുണ്ട്.ഓട്ടന്‍ തുള്ളല്‍, പറയന് തുള്ളല്‍, ശീതങ്കന്‍ തുള്ളല്‍ എന്നിവയാണവ.
മറ്റു കലകള്‍ക്കൊന്നും ഇല്ലാത്ത ഒരു സവിശേഷതയും തുള്ളലിനുണ്ട്.പല കാലങ്ങളിലായി പലരിലൂടെ രൂപപ്പെട്ടിട്ടുള്ളവയാണ് മറ്റു കലകള്‍, എന്നാല്‍ തുള്ളല്‍ ഒരു വ്യക്തിയുടെ ഭാവനയില്‍ രൂപപ്പെട്ട കലാരൂപമാണ്.18-ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മഹാപണ്ഡിതനും ഫലിതസമ്രാട്ടുമായിരുന്ന കലക്കത്ത് കുഞ്ചന്‍ നമ്പ്യാരാണ് ആ മഹാപ്രതിഭ.
പാലക്കാട് ജില്ലയിലെ കിള്ളിക്കുറിശിമംഗലത്ത് കലക്കത്ത് ഭവനത്തില്‍ എ.ഡി 1705-ല്‍ കുഞ്ചന്‍ നമ്പ്യാര്‍ പിറന്നു എന്നാണ് കരുതപ്പെടുന്നത്, നമ്പ്യാര്‍ സമുദായത്തിന്റെ കുലത്തൊഴിലായിരുന്ന മിഴാവ് കൊട്ടല്‍ തന്നെ അദ്ദേഹം തൊഴിലാക്കി സീകരിച്ചു.ഏറെക്കാലം ചെമ്പകശ്ശേരി രാജാവിന്റെ ആശ്രിതനായും അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ മിഴാവ് വായനക്കാരനായും കഴിഞ്ഞു. 1770-ല്‍ കുഞ്ചന്‍ നമ്പ്യാര്‍ അന്തരിച്ചു എന്നു കരുതുന്നു.
കൂടുതലായും ക്ഷേത്രങ്ങളിലാണ് ഓട്ടന്തുള്ളല് അവതരിപ്പിക്കാറുള്ളത്.