Encyclopedia

താന്നി

ആയുര്‍വേദത്തില്‍ ത്രിഫല എന്നറിയപ്പെടുന്ന ഔഷധത്രയത്തില്‍ ഉള്‍പ്പെടുന്ന ഔഷധസസ്യമാണ് താന്നി. ഇലപൊഴിയും കാടുകളിലും അര്‍ധനിത്യഹരിതവനങ്ങളിലുമാണിത് ധാരാളമായി വളരുന്നത്. ഇന്ത്യയിലെ മിക്ക വനമേഖലയിലും താന്നി വളരുന്നുണ്ട്.

  ഈ മരത്തിന്‍റെ ഫലത്തിനാണ് കൂടുതല്‍ ഔഷധഗുണമുള്ളത്. കഫം, പിത്തം, വാതരോഗങ്ങള്‍, നേത്ര രോഗങ്ങള്‍, ചുമ എന്നിവ മാറ്റാന്‍ താന്നി ഉപയോഗിക്കുന്നു. താന്നിയുടെ ഫലത്തില്‍ മുഖ്യമായും ഗ്ലൂക്കോസ്, റെസിന്‍, ഗാലോട്ടാനിക്ക് അമ്ലം തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഇതില്‍ നിന്ന് ലഭിക്കുന്ന എണ്ണ തലയില്‍ തേയ്ക്കുന്നത് തലമുടിക്ക് നിറം നല്‍കും. നെല്ലിക്ക, താന്നിക്ക, കടുക്ക, എന്നിവയുടെ ഉണക്കിയ ഫലങ്ങള്‍ പൊടിച്ചാണ് ത്രിഫലചൂര്‍ണം ഉണ്ടാക്കുന്നത്. താന്നിപ്പൂവ് പ്രമേഹത്തിനും മരുന്നാണ്. മൂത്രസംബന്ധമായ രോഗങ്ങള്‍ക്കും താന്നിക്കയുടെ ഔഷധത്തെ പ്രയോജനപ്പെടുത്തുന്നുണ്ട്, ആയുര്‍വേദത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു ഔഷധവൃക്ഷമാണ് താന്നി.