തകെലമഗൻ മരുഭൂമി
മധ്യേഷ്യയിലുള്ള ഒരു മരുഭൂമിയാണ് തക്ലാമകാൻ മരുഭൂമി (Taklamakan Desert). ചൈനയിലെ ഉയ്ഗൂർ സ്വയം ഭരണപ്രദേശമായ സിൻജിയാങ്ങ്പ്രവിശ്യയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. തെക്ക് കുൻലുൻ പർവ്വതനിരകൾ, പടിഞ്ഞാറ് പാമിർ വടക്ക് ടിയാൻ ഷാൻ എന്നീ പർവ്വതനിരകളാൽ ചുറ്റപ്പെട്ടതാണ് ഈ മരുഭൂമി. ഈ വാക്കിന്റെ അർത്ഥം “വന്നവർ തിരിച്ചു പോകില്ല” എന്നാണെന്ന് ഒരു അഭിപ്രായമുണ്ട്.
ലോകത്തിലെ മണൽ നിറഞ്ഞ ഏറ്റവും വലിയ മരുഭൂമികളിലൊന്നായി കണക്കാക്കപ്പെടുന്നതാണ് തകെലമഗൻ മരുഭൂമി. ധ്രുവപ്രദേശമല്ലാത്ത മരുഭൂമികളിൽ വലിപ്പത്തിൽ 15 മത്തെ സ്ഥാനമാണിതിന്. ഇതിന്റെ വിസ്തൃതി 270,000 ചതുരശ്ര കിലോമീറ്ററാണ്. 1,000 കി.മീറ്റർ നീളവും 400 കി.മീറ്റർ വീതിയുമാണ് ഇതിനുള്ളത്. പട്ട് പാതയിൽപ്പെട്ട ഒരുഭാഗം കടന്ന് പോകുന്ന ഈ മരുഭൂമിയിലൂടെ, വരണ്ട മേഖലകൾ ഒഴിവാക്കി തെക്കേയറ്റത്തുനിന്നും വടക്കേയറ്റത്തേക്ക് രണ്ട പാതകളായാണ് യാത്രക്കാർ കടന്ന് പോയിരുന്നത്. അടുത്ത കാലത്തായി ചൈനീസ് സർക്കാർ തെക്ക് ഭാഗത്തുള്ള ഖോട്ടൻ വടക്കു ഭാഗത്തുള്ള ലുൻതായി എന്നീ പട്ടണങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ഹൈവേ പണിതിട്ടുണ്ട്.