Encyclopedia

ഡ്രാഗണ്‍ തുരങ്കം

വ്യാളി കിടക്കും പോലെ വളഞ്ഞുതിരിഞ്ഞ് ഒരു തുരങ്കം, തായ്വാനിലെ ജിയുസിയുഡോംഗ് ടണലിനാണ് ഈ പ്രത്യേകതയുള്ളത്.9 വളവുള്ള തുരങ്കം എന്നാണ് ഈ പേരിന്റെ അര്‍ഥം. 1996-ലാണ് ഈ തുരങ്കത്തിന്റെ നിര്‍മാണം പൂര്‍ത്തിയായത്. മാര്‍ബിള്‍ തുരന്നാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ മാര്‍ബിള്‍ തുരങ്കം എന്നും ഇതിനെ വിളിക്കുന്നു.

  നൂറ്റാണ്ടുകള്‍ കൊണ്ട് രൂപപ്പെട്ടതാണ് ഈ പ്രദേശത്തെ മാര്‍ബിള്‍ ശിലകള്‍. വര്‍ഷം തോറും അരസെന്റിമീറ്ററോളം ഈ മാര്‍ബിള്‍ പാറകള്‍ ഉയരുന്നുണ്ടെന്ന് കണക്കാകപ്പെടുന്നു. വളഞ്ഞുപുളഞ്ഞുള്ള തുരങ്കത്തിന്റെ നിര്‍മാണം ഏറെ ശ്രമകരമായിരുന്നു. ടോറോക്കോ നാഷണല്‍ പാര്‍ക്കില്‍ ഒരു നദിയോട് ചേര്‍ന്നാണ് ഈ തുരങ്കം നിര്‍മിച്ചിരിക്കുന്നത്.

  വിനോദസഞ്ചാരികള്‍ക്ക് വേണ്ടിയാണ് ജിയുസിയുഡോംഗ് ടണല്‍ നിര്‍മിച്ചിരിക്കുന്നത്. സന്ദര്‍ശകരെ അമ്പരപ്പിക്കുന്നവിധം വളവുകളും തിരിവുകളുമുണ്ട് ഈ തുരങ്കത്തിന്.തുരങ്കത്തിന്റെ ഉള്‍ഭാഗത്തിന്‍റെ വലുപ്പത്തിലുണ്ട് വ്യത്യാസം ഏറ്റവും ഇടുങ്ങിയ ഭാഗത്ത് പത്തുമീറ്ററാണ് വീതി.

  തുരങ്കത്തിനുള്ളില്‍ ചെറിയ മാര്‍ബിള്‍ കഷണങ്ങള്‍ അടര്‍ന്നു വീഴുന്നത് സന്ദര്‍ശകര്‍ക്ക് ചിലപ്പോഴെങ്കിലും ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. അതിനാല്‍ വിനോദസഞ്ചാരികളെ ഹെല്‍മറ്റ് ധരിപ്പിച്ചതിനു ശേഷമേ തുരങ്കത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കാറുള്ളൂ. ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ ഇവിടെയെത്തുന്നു.