Encyclopedia

ജോനാസ് സാല്‍ക്ക്

പോളിയോമൈലെറ്റിസ് അഥവാ പിള്ളവാതത്തെ ചെറുക്കുന്ന വാക്സിന്‍ ആദ്യമായി കണ്ടുപിടിച്ചത് അമേരിക്കക്കാരനായ ജോണാസ് സാല്‍ക്ക് ആണ്. വൈദ്യശാസ്ത്രത്തിന്റെ വളര്‍ച്ചയിലെ നാഴികക്കല്ലുകളില്‍ ഒന്നായിരുന്നു ആ കണ്ടുപിടിത്തം.

  1914-ല്‍ ന്യൂയോര്‍ക്കിലാണ് ജോനാസ് സാല്‍ക്ക് ജനിച്ചത്. ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിനില്‍ നിന്നും 1939-ല്‍ വൈദ്യശാസ്ത്രത്തില്‍ ബിരുദ്ധമെടുത്ത ശേഷം പിറ്റ്സ്ബര്‍ഗ് സര്‍വ്വകലാശാലയില്‍ നടത്തിയ ഗവേഷണങ്ങളാണ് സാല്‍ക്കിന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറിയത്.

  ഗവേഷണത്തിലൂടെ മൂന്നുതരം പോളിയോ വൈറസുകളെ അദ്ദേഹം തിരിച്ചറിഞ്ഞു. പോളിയോരോഗത്തെ ചെറുക്കുന്ന വാക്സിന്‍ വികസിപ്പിച്ചെടുക്കാനായിരുന്നു സാല്‍ക്കിന്റെ തുടര്‍ന്നുള്ള ഗവേഷണങ്ങള്‍.പോളിയോ വൈറസുകളെ ഫോര്‍മാല്‍ഡിഹൈഡ് ഉപയോഗിച്ചു കൊന്നതിനുശേഷം അത് കുത്തിവച്ചാല്‍ പോളിയോയെ പ്രതിരോധിക്കാമെന്നദ്ദേഹം കണ്ടെത്തി. അദ്ദേഹം ഭാര്യയിലും മക്കളിലും ഈ വാക്സിന്‍ പരീക്ഷിച്ചു. തുടര്‍ന്നു കുട്ടികളില്‍ നടത്തിയ പരീക്ഷണങ്ങളും വിജയിച്ചു. സാല്‍ക്ക് പ്രശസ്തനാവുകയായിരുന്നു.1953-ഓടെ ഈ വാക്സിന്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങി. വര്‍ഷങ്ങള്‍ക്കു ശേഷം ആല്‍ബര്‍ട്ട് സാബിന്‍ എന്ന ശാസ്ത്രജ്ഞന്‍ പോളിയോയ്ക്കുള്ള മരുന്ന് കുത്തിവയ്പല്ലാതെ തുള്ളിമരുന്നായി നല്‍കാമെന്നു കണ്ടെത്തുകയുണ്ടായി.പോളിയോ തുള്ളി മരുന്നു ഇപ്പോള്‍ ലോകമെങ്ങും പ്രചാരം നേടിക്കഴിഞ്ഞു.