ഗ്യാനി സെയിൽ സിംഗ്
1982 മുതൽ 1987 വരെ ഇന്ത്യയുടെ ഏഴാമത് രാഷ്ട്രപതിയായിരുന്ന പഞ്ചാബിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായിരുന്നു ഗ്യാനി സെയിൽസിംഗ്. (1916-1994) കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി(1980-1982), പഞ്ചാബ് മുഖ്യമന്ത്രി(1972-1977), ലോക്സഭാംഗം(1980-1982), രാജ്യസഭാംഗം(1956-1962) എന്നീ നിലകളിലും പ്രവർത്തിച്ചു
ഇന്ത്യയുടെ ഏഴാമത് രാഷ്ട്രപതിയായിരുന്ന ആദ്യ സിക്കു മത വിശ്വാസിയായിരുന്നു ഗ്യാനി സെയിൽ സിംഗ്. അവിഭക്ത ഇന്ത്യയിലെ നാട്ടുരാജ്യമായിരുന്ന ഫരീദ്കോട്ടിലെ കോട്ട്കാപുരയ്ക്ക് സമീപമുള്ള സന്ത്യൻ എന്ന ഗ്രാമത്തിൽ മരപ്പണിക്കാരനായിരുന്ന കിഷൻ സിംഗിൻറെ മകനായി 1916 മെയ് 5ന് ജനിച്ചു. ജർണയിൽ സിംഗ് എന്നാണ് യഥാർത്ഥ പേര്. ചെറുപ്രായത്തിൽ തന്നെ മാതാവ് മരിച്ചതിനെ തുടർന്ന് മാതാവിൻറെ സഹോദരിയായിരുന്ന ദയാകൗറായിരുന്നു സെയിൽ സിംഗിനെ വളർത്തിയത്. ജീവിത സാഹചര്യങ്ങൾ നിമിത്തം പ്രാഥമിക വിദ്യാഭ്യാസം നേടാനെ സെയിൽ സിംഗിന് കഴിഞ്ഞുള്ളൂ. ഒരിക്കൽ ജയിലിൽ നിന്ന് മോചിതനായതോടെയാണ് സെയിൽ സിംഗ് എന്ന പേര് കിട്ടിയത്. പിന്നീട് സിക്ക് മതത്തിലും ആത്മീയ കാര്യങ്ങളിലും അഗാധമായി അറിവ് നേടിയതിനാൽ സെയിൽസിംഗിനെ സുഹൃത്തുക്കൾ ഗ്യാനി(അറിവുള്ളവൻ) എന്ന് വിളിച്ചു. ഇതിനെ തുടർന്ന് ഗ്യാനി സെയിൽ സിംഗ് എന്നറിയപ്പെട്ടു.
1947-ലെ സ്വാതന്ത്രനന്തരം ഇന്ത്യയും പാക്കിസ്ഥാനുമായി രാജ്യം വിഭജിക്കപ്പെട്ടപ്പോൾ കിഴക്കൻ പഞ്ചാബിലെ ചെറുരാജ്യങ്ങൾ പാട്യാല & ഈസ്റ്റ് പഞ്ചാബ് സ്റ്റേറ്റ്സ് യൂണിയൻ (പെപ്സു) എന്ന ഒരു സംസ്ഥാനം രൂപീകരിച്ചു. 1949-ൽ പെപ്സുവിൽ ഒരു പാർട്ടിയിതര സർക്കാർ അധികാരമേറ്റപ്പോൾ 1949 മുതൽ 1951 വരെ സെയിൽ സിംഗായിരുന്നു റവന്യു മന്ത്രി.
പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിൽ അംഗമായതിനെ തുടർന്ന് 1956 മുതൽ 1962 വരെ പഞ്ചാബിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. 1962-ലെ പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ആദ്യമായി നിയമസഭാംഗമായ സെയിൽ സിംഗ് 1966 മുതൽ 1972 വരെ പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ(പഞ്ചാബ് പി.സി.സി) അധ്യക്ഷനായും പ്രവർത്തിച്ചു. നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്ക് ഭൂരിപക്ഷം ലഭിച്ചതിനെ തുടർന്ന് 1972-ൽ ആദ്യമായി പഞ്ചാബ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 1977 വരെ മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്ന സെയിൽ സിംഗ് 1980-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഹോഷിയാർപ്പൂരിൽ നിന്ന് ലോക്സഭാംഗമായി. 1980 മുതൽ 1982 വരെ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന സെയിൽ സിംഗ് 1982-ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച് വിജയിച്ചു. എച്ച്.ആർ. ഖന്നയായിരുന്നു മുഖ്യ എതിരാളി.
1982 മുതൽ 1987 വരെ സെയിൽ സിംഗ് രാഷ്ട്രപതിയായിരുന്നപ്പോഴാണ് ഇന്ത്യൻ സൈന്യം സുവർണ ക്ഷേത്രത്തിൽ ഓപ്പറേഷൻ ബ്ലൂ സ്റ്റാർ നടത്തിയത്.1984 ഒക്ടോബർ 31 ന് ഇന്ദിര ഗാന്ധി വെടിയേറ്റ് മരിച്ചപ്പോഴും സെയിൽ സിംഗ് തന്നെയായിരുന്നു രാഷ്ട്രപതി. മരണാനന്തരം 1996-ൽ പ്രസിദ്ധീകരിച്ച The Memoirs of Giani Zail Singh എന്ന പുസ്തകമാണ് ഗ്യാനി സെയിൽ സിംഗിൻറെ ആത്മകഥ.
1994 നവംബർ 29ന് ചണ്ഡിഗഢിൽ നടന്ന കാറപകടത്തെ തുടർന്ന് ചികിത്സയിലിരിക്കവെ 1994 ഡിസംബർ 25ന് അന്തരിച്ചു. ഏകത സ്ഥലിലാണ് സെയിൽ സിംഗ് അന്ത്യവിശ്രമം കൊള്ളുന്നത്.