Encyclopedia

ഗാലന്‍ എന്ന വിസ്മയം

ഏഷ്യാമൈനറിനടുത്തുള്ള പെര്‍ഗാമണ്‍ എന്ന സ്ഥലത്ത് ജനിച്ച ഒരു ചികിത്സകന്‍ രചിച്ച ഗ്രന്ഥമായിരുന്നു 17 ആം നൂറ്റാണ്ട് വരെ പാശ്ചാത്യ വൈദ്യശാസ്ത്രത്തിന്‍റെ ആധികാരികഗ്രന്ഥം. ആരായിരുന്നെന്നോ ആ ചികിത്സകന്‍? ഗാലന്‍ എന്ന മഹാ പ്രതിഭശാലി. എ.ഡി 130 മുതല്‍ എ.ഡി 200 വരെ ജീവിച്ചിരുന്ന ഗാലന്‍ വൈദ്യശാസ്ത്രരംഗത്ത് പരത്തിയത് ഒരു പുതു വെളിച്ചം തന്നെയായിരുന്നു. ഒരു വാസ്തുശില്പിയും ഗണിതജ്ഞ്നുമായ പിതാവിനോടൊപ്പം ചെറുപ്പകാലത്തു തന്നെ ഗാലന്‍ നിരവധി യാത്രകള്‍ നടത്തി. തത്വചിന്തയും വൈദ്യശാസ്ത്രവും പഠിച്ചു. ഗാലന്റെ ഇരുപതാം വയസ്സില്‍ പിതാവ് മരിച്ചു. അതോടെ തത്വശാസ്ത്രവും വൈദ്യശാസ്ത്രവും ആഴത്തില്‍ പഠിക്കാനായി അദ്ദേഹം ഏഥന്‍സ്, ഫിനിഷ്യ, പലസ്തീന്‍, സൈപ്രസ്, അലക്സാണ്‍ഡ്രിയ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. തന്‍റെ ഇരുപത്തിയെട്ടാം വയസ്സില്‍ പെര്‍ഗാമണ്ണില്‍ തിരിച്ചെത്തി.

  തുടര്‍ന്നു ഗാലന്‍ അവിടുത്തെ മല്ലയുദ്ധക്കളരിയിലെ ഗ്ലാഡിയേറ്റര്‍മാരെ ചികിത്സിക്കുന്ന ജോലിയില്‍ പ്രവേശിച്ചു. അക്കാലത്ത് ഗ്രീസിലും റോമിലും മല്ലയുദ്ധത്തിനായി പരിശീലിപ്പിച്ചെടുക്കുന്ന യോദ്ധാക്കളെയാണ് ഗ്ലാഡിയേറ്റര്‍മാര്‍ എന്നുവിളിച്ചിരുന്നത്. സമ്പന്നരുടെ ഒരു വിനോദമായിരുന്നു ഇവര്‍ തമ്മിലുള്ള പോരാട്ടം കണ്ടു രസിക്കുക എന്നത്. ശരീരഘടനശാസ്ത്രത്തില്‍ ഏറെ തല്പരനായിരുന്ന ഗാലന് ഒരു തരത്തില്‍ ഇതനുഗ്രഹമായി മാറി.കാരണമെന്തെന്നല്ലേ?മനുഷ്യശരീരം കീറിമുറിച്ചു പഠിക്കുന്നതിനു അന്ന് വിലക്കുകള്‍ ഉണ്ടായിരുന്നു.എന്നാല്‍ മല്ലയുദ്ധത്തില്‍ പരുക്കേറ്റു വീഴുന്നവരെ ചികിത്സിച്ചതിലൂടെ ശരീരത്തിലെ ആന്തരാവയവങ്ങള്‍, എല്ലുകള്‍, ഞരമ്പുകള്‍, രക്തക്കുഴലുകള്‍ എന്നിവയെക്കുറിച്ചൊക്കെ പല വിലപ്പെട്ട വിവരങ്ങളും ഗാലന് ലഭിച്ചു. കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഈ ജോലി ഗാലന് മടുത്തു. തന്റെ മുപ്പത്തിയൊന്നാം വയസ്സില്‍ അദ്ദേഹം റോമോ നഗരത്തിലേക്ക് താമസം മാറ്റി. അവിടെ ചികിത്സയും ഗവേഷണവും തുടര്‍ന്നു. പ്രശസ്തരായ ചികിത്സകന്മാര്‍ കൈയൊഴിഞ്ഞ ചില രോഗികളുടെ ജീവന്‍ രക്ഷിച്ചതോടെ ഗാലന്‍ പ്രശസ്തനായി.റോമില്‍ കുറെക്കാലം മാര്‍ക്കസ് ഒറീലിയസ് ചക്രവര്‍ത്തിയുടെ കൊട്ടാരം വൈദ്യനായും സേവനമനുഷ്ഠിച്ചു അദ്ദേഹം.

   ആട്, പന്നി, കുരങ്ങ്, നായ തുടങ്ങി നിരവധി ജീവികളുടെ ശരീരങ്ങള്‍ കീറിമുറിച്ചു സൂക്ഷ്മമായി പഠിച്ചു ഗാലന്‍. മൃഗങ്ങളിലെയും മനുഷ്യരിലെയും ആന്തരാവയവങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്യുകയും ചെയ്തു. തന്‍റെ കീറിമുറിക്കല്‍ പരീക്ഷണങ്ങളിലൂടെ നാഡികളും മാംസപേശികളും തമ്മിലുള്ള ബന്ധo അദ്ദേഹം കണ്ടെത്തി. ഒരിക്കല്‍ ഒരു പന്നിയെ കീറിമുറിച്ചു നടത്തിയ പ്രവര്‍ത്തനത്തിലൂടെയാണ് നാഡികള്‍ പേശികളുടെ പ്രവര്‍ത്തനത്തെ സ്വധീനിക്കുന്നുണ്ടെന്ന് ഗാലന്‍ തിരിച്ചറിഞ്ഞത്.നാഡികള്‍, സുഷുമ്ന, തലച്ചോര്‍, ഇവ തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം നിരവധി പഠനങ്ങള്‍ നടത്തി.നാഡീസ്പന്ദനത്തെ അടിസ്ഥാനമാക്കി ആദ്യമായി രോഗലക്ഷണങ്ങള്‍ നിര്‍ണ്ണയിക്കാന്‍ തുടങ്ങിയതും ഗാലന്‍ തന്നെ.

  എന്നാല്‍ ഗാലന്‍ കണ്ടുപിടിച്ച എല്ലാ കാര്യങ്ങളും പൂര്‍ണ്ണമായും ശരിയായിരുന്നില്ല.എറാസിസ്ട്രാറ്റസ് മുന്നോട്ടു വച്ച ദ്രവസിദ്ധാന്തങ്ങളില്‍ വിശ്വസിച്ച ഗാലന് ഹൃദയത്തിന്‍റെ പ്രവര്‍ത്തനവും രക്തപ്രവാഹവും കൃത്യമായി വിശദീകരിക്കാന്‍ സാധിച്ചില്ല. ഹൃദയത്തിന്റെ ഇടത്തും വലത്തും അറകള്‍ക്കിടയിലെ ഭിത്തിയിലുള്ള ചെറിയ ദ്വാരങ്ങളിലൂടെ രക്തം കൈമാറ്റം ചെയ്യപ്പെടുന്നു എന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.