EncyclopediaMajor personalities

ഖാലിദ സിയ

1991 മുതൽ 1996 വരെയും 2001 മുതൽ 2006 വരെയും ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായിരുന്ന രാഷ്ട്രീയ നേതാവാണ് ബീഗം ഖാലിദ സിയ. 1991-ൽ അധികാരത്തിലെത്തിയപ്പോൾ രാഷ്ട്ര‌ത്തിന്റെ ചരിത്രത്തിൽ ഒരു ജനാധിപത്യ ഭരണകൂടത്തിന്റെ തലപ്പത്തെത്തുന്ന ആദ്യ സ്ത്രീയായി ഇവർ മാറി. 1988–1990 കാലഘട്ടത്തിൽ പാകിസ്താൻ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോയ്ക്ക് ശേഷം ഇസ്ലാമികലോകത്ത് ഈ ബഹുമതി നേടുന്ന രണ്ടാമത്തെ സ്ത്രീയായിരുന്നു ഖാലിദ സിയ. തന്റെ ഭർത്താവായിരുന്ന പ്രസിഡന്റ് സിയാവൂർ റഹ്മാൻ 1970-കളുടെ അവസാനം സ്ഥാപിച്ച ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി.) എന്ന കക്ഷിയുടെ നേതാവുമാണ് ഖാലിദ സിയ.

1982-ൽ പട്ടാള അട്ടിമറിയിലൂടെ സൈനിക ജനറൽ എർഷാദ് അധികാരം പിടിച്ചെടുത്തതിനുശേഷം 1990-ൽ ഇർഷാദിന്റെ ഭരണകൂടം നിലം പതിക്കുന്നതുവരെ ഖാലിദ ജനാധിപത്യത്തിനായുള്ള മുന്നേറ്റത്തിന്റെ ഭാഗമായിരുന്നു. 1991-ലെ പൊതു തിരഞ്ഞെടുപ്പിൽ ബി.എൻ.പി. അധികാരത്തിൽ വന്നതോടെ ഖാലിദ ഭരണത്തിലെത്തി. 1996-ൽ കുറച്ചുകാലം മാത്രം അധികാരത്തിലുണ്ടായിരുന്ന ഭരണകൂടത്തിലും ഖാലിദ പ്രധാനമന്ത്രിയായിരുന്നു. 1996-ൽ രണ്ടാം വട്ട തിരഞ്ഞെടുപ്പിനുശേഷം അവാമി ലീഗ് അധികാരത്തിൽ വന്നു. 2001-ൽ വീണ്ടും ഖാലിദ സിയയുടെ പാർട്ടി അധികാരത്തിലെത്തി. 1991-ലും 1996-ലും 2001-ലും നടന്ന തിരഞ്ഞെടുപ്പുകളിൽ ബംഗ്ലാദേശിൽ അഞ്ച് പാർലമെന്റ് മണ്ഡലങ്ങളിൽ നിന്ന് ഖാലിദ സിയ തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.

ഫോബ്സ് മാസിക ലോകത്തെ ഏറ്റവും ശക്തരായ സ്ത്രീകളുടെ പട്ടികയിൽ ഖാലിദ സിയയെ 2004-14-ആം സ്ഥാനത്തും, 2005-29-ആം സ്ഥാനത്തും, 2006-33-ആം സ്ഥാനത്തും ഉൾപ്പെടുത്തിയിരുന്നു.

2006-ൽ കാലാവധി അവസാനിച്ചശേഷം 2007 ജനുവരിയിൽ നടത്താനിരുന്ന തിരഞ്ഞെടുപ്പ് രാഷ്ട്രീയ അക്രമങ്ങളും ഉൾപ്പോരും കാരണം വൈകുകയുണ്ടായി. ഇത് രക്തച്ചൊരിച്ചിലില്ല്ലാതെ ഒരു പട്ടാളവിപ്ലവത്തിലൂടെ ഒരു കാവൽ ഭരണകൂടം അധികാരത്തിലെത്തി. ഇക്കാലത്ത് ഖാലിദ സിയയ്ക്കും രണ്ട് മക്കൾക്കുമെതിരായി അഴിമതിക്കേസുകൾ ചാർജ്ജ് ചെയ്യുകയുണ്ടായി.