ക്ലോഡ് ഇ ഷാനന്‍
ഒന്നുകളും പൂജ്യങ്ങളും ആക്കി മാറ്റിയാണ് കമ്പ്യൂട്ടറുകള്‍ ഏത് വിവരങ്ങളും കൈകാര്യം ചെയ്യുക. കമ്പ്യൂട്ടര്‍ മാത്രമല്ല, ആധുനിക സാങ്കേതികവിദ്യകളിലെല്ലാം ഇതു തന്നെയാണ് രീതി. ഏത് ഡാറ്റയെയും ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റാം എന്ന് കണ്ടെത്തിയത് ക്ലോഡ് ഇ ഷാനന്‍ എന്ന അമേരിക്കന്‍ ശാസ്ത്രജ്ഞനാണ്.
ശബ്ദമോ ചിത്രമോ വാക്കുകളോ എന്തും ബിറ്റുകളായി വയറുകളില്‍ കൂടി പ്രവഹിക്കുന്ന അവസ്ഥ.ഇത് കണ്ടെത്തിയത് കൊണ്ട് തന്നെ ക്ലോഡ് ഇ ഷാനന്‍ ആധുനിക ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍റെയും ഇന്‍ഫര്‍മേഷന്‍ തിയറിയുടെയും പിതാവ് എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.ബിറ്റ് എന്ന പദം ആദ്യമായി ഉപയോഗിച്ചതും ഇദ്ദേഹമാണ്.
ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗിലും ഗണിത ശാസ്ത്രത്തിലും ബിരുദധാരിയാണ് ഷാനന്‍. ബിരുദ പഠനത്തിനിടയില്‍ വാനവര്‍ ബുഷിന്‍റെ കണ്ടുപിടുത്തമായ ഡിഫറന്‍ഷ്യന്‍ അനലൈസര്‍ പരിചയപ്പെട്ട ഷാനന്‍റെ ശ്രദ്ധ അതില്‍ ഉപയോഗിച്ചിരുന്ന ഇലക്ടോ-മെക്കാനിക്കല്‍ റിലേകളിലായിരുന്നു.
1940-ല്‍ ബെല്‍ ലബോറട്ടറിയില്‍ വച്ച് ഷാനന്‍ രൂപപ്പെടുത്തിയ പുതിയ രീതി സ്വിച്ചിംഗ് സര്‍ക്യൂട്ടുകളെ ലളിതവല്‍ക്കരിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. ഇലക്ട്രോ മെക്കാനിക്കല്‍ റിലേകള്‍ ഉപയോഗപ്പെടുത്തുന്ന ഉപകരണങ്ങളില്‍ ബൂളിയന്‍ ആള്‍ജിബ്രയും ബൈനറി സംഖ്യകള്‍ കൊണ്ടുള്ള ഗണിതക്രിയാരീതിയും ഉപയോഗിച്ചാല്‍ സര്‍ക്യൂട്ടുകള്‍ ലഘൂകരിക്കാനാവുമെന്ന് ഈ പ്രബന്ധത്തിന്‍റെ പ്രസിദ്ധീകരണത്തോടെ ബോധ്യമായി. ബൂളിയന്‍ ആള്‍ജിബ്രാ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ റിലേകള്‍ ഉപയോഗപ്പെടുത്താമെന്നും കണ്ടെത്തി. ഇലക്ട്രിക്കല്‍ സ്വിച്ചുകളുടെ ഈ സാധ്യതയാണ് പിന്നീട് എല്ലാ ഡിജിറ്റല്‍ ഉപകരണങ്ങളിലും മുന്‍കൈ നേടിയത്. ഡിജിറ്റല്‍ സര്‍ക്യൂട്ട് ഡിസൈനിംഗില്‍ ഷാനന്‍റെ ഈ കണ്ടുപിടുത്തം പുതിയ മാനങ്ങള്‍ നല്‍കി.
മെക്കാനിക്കല്‍ മൗസ്, മോട്ടോര്‍ ഉപയോഗിച്ചുള്ള പോഗോ സ്റ്റിക്ക് തുടങ്ങി പലതും ഷാനന്‍റെ കണ്ടുപിടുത്തങ്ങളുടെ കൂട്ടത്തിലുണ്ട്. കൂടാതെ ചെസ് കളിക്കാനായി കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളും ഷാനന്‍ രൂപപ്പെടുത്തിയിട്ടുണ്ട്.
2001 ഫെബ്രുവരി 24-ന് ഷാനന്‍ അന്തരിച്ചു.ദേശീയവും അന്തര്‍ദേശീയവുമായ ഒട്ടേറെ അവാര്‍ഡുകള്‍ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.