കേളി മുതല്‍ ധനാശി വരെ
രാമനാട്ടത്തിന്റെ പരിഷ്കൃതരൂപമാണല്ലോ കഥകളി. ഏതെല്ലാം കലകളുടെ സ്വാധീനം രാമനാട്ടത്തിലുണ്ടോ, അതെല്ലാം കഥകളിയിലുമുണ്ട്, അതോടൊപ്പം പണ്ടുമുതലേ കേരളത്തില്‍ നിലനിന്നിരുന്ന കച്ചകെട്ടും കളരിപ്പയറ്റും കഥകളിയെ സ്വാധീനിച്ചിട്ടുണ്ട്. മാത്രമല്ല കഥകളിയിലെ മുദ്രകള്‍ പലതും താന്ത്രികവിദ്യയോട് സാമ്യമുള്ളവയാണ്.
കഥകളിക്ക് തുടക്കം മുതല്‍ അവസാനം വരെ എട്ടു ഘട്ടങ്ങള്‍ അഥവാ രംഗങ്ങളാണുള്ളത്. കേളി, അരങ്ങുകേളി, തോടയം, വന്ദനശ്ലോകം, പുറപ്പാട്,മേളപ്പദം, കഥാഭിനയം, ധനാശി എന്നിവയാണവ.കഥകളി അവതരിപ്പിക്കുന്നു എന്ന് ദേശക്കാരെ അറിയിക്കാന്‍ നടത്തുന്ന വാദ്യഘോഷമാണ് കേളി എന്ന് പറയുന്ന കേളികൊട്ട്, ഇതിനു ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം എന്നിവ ഉപയോഗിക്കുന്നു.കേളി കഴിഞ്ഞാലാണ് അരങ്ങുകേളി. രംഗത്ത് വിളക്ക് വച്ച ശേഷം മദ്ദളവും ഇലത്താളവും മാത്രം ഉപയോഗിച്ചുള്ള മേളമാണിത്. ഇതിനു ശുദ്ധമദ്ദളം, കേളിക്കൈ, ഗണപതിക്ക് കൊട്ടുക എന്നിങ്ങനെയും പേരുകളുണ്ട്.
അടുത്ത ചടങ്ങാണ് തോടയം. ഇത് തിരശ്ശീലയ്ക്ക് പിന്നിലാണ് നടത്തുക, കഥകളി കലാകാരന്മാര് നടത്തുന്ന ഈശ്വരവന്ദനമാണിത്. മിക്കവാറും രണ്ട് മിനുക്കു വേഷങ്ങളായിരിക്കും തോടയത്തിനായി അരങ്ങിലെത്തുക.
തോടയം കഴിഞ്ഞാല്‍ പുറപ്പാട് എന്ന ചടങ്ങാണ്. പേരു സൂചിപ്പിക്കുന്നതുപോലെ കഥാപാത്രങ്ങളുടെ പുറപ്പാടാണിത്. കഥാനായകന്റെ ഗുണഗണങ്ങള്‍ അവതരിപ്പിക്കുന്ന നിലപ്പദം ചൊല്ലിക്കൊണ്ടാണ് ഇത് ആരംഭിക്കുന്നത്. കഥയാരംഭിക്കുന്നതിനു മുന്‍പുള്ള കഥാപാത്രങ്ങളുടെ നില, സ്ഥിതി എന്നിവ പ്രസ്താവിക്കുന്ന പദം എന്ന അര്‍ത്ഥത്തിലാണ് നില്പ്പദം എന്ന് പറയുന്നത്.
അടുത്തത് മേളപ്പദം ഒരു ഗാനാലാപനമാണിത്. ഗീതഗോവിന്ദത്തിലെ മഞ്ജുതര കുഞ്ജതല കേളിസദനേ എന്നുതുടങ്ങുന്ന ഗീതമാണ് മിക്കവാറും പാടുക,അതോടൊപ്പം മേളക്കാര് തങ്ങളുടെ സാമര്‍ത്ഥ്യം പ്രകടിപ്പിക്കുകയും ചെയ്യും.
തുടര്‍ന്നു കഥാരംഭം, കഥാപാത്രങ്ങള്‍ രംഗത്തേക്ക് പ്രവേശിക്കുകയാണിവിടെ. ഇതുകഴിഞ്ഞാണ് കഥകളിയിലെ അവസാന ചടങ്ങായ ധനാശി. ഒരു കഥാപാത്രം ഈശ്വരസ്തുതി രൂപത്തില്‍ നൃത്തം ചെയ്യുന്നതാണിത്.