കെ.ആർ. നാരായണൻ
കെ.ആർ. നാരായണൻ (1920 ഒക്ടോബർ 27 – 2005 നവംമ്പർ 9]ഉഴവൂർ കോട്ടയം കേരളം) ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതിയായിരുന്നു. നയതന്ത്രജ്ഞൻ, രാഷ്ട്രീയ നേതാവ് എന്നീ നിലകളിലും വ്യക്തിമുദ്രപതിപ്പിച്ച നാരായണൻ, പിന്നോക്ക സമുദായത്തിൽനിന്നും ഇന്ത്യയുടെ പ്രഥമ പൗരനായ ആദ്യത്തെയാളാണ്.
പഴയ തിരുവിതാംകൂർ സംസ്ഥാനത്തിലെ കോട്ടയം ജില്ലയിലെ ഉഴവൂർ വില്ലേജിലെ പെരുംതാനം എന്ന സ്ഥലത്താണ് നാരായണൻ ജനിച്ചത്. ആദ്യകാല വിദ്യാഭ്യാസത്തിനു ശേഷം പത്രപ്രവർത്തകനായി ജോലി നോക്കിയെങ്കിലും, പിന്നീട് രാഷ്ട്രീയം പഠിക്കുവാൻ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ചേർന്നു. അതിനുശേഷം ഇന്ത്യയിലേക്ക് തിരിച്ചു വന്ന നാരായണൻ നെഹ്രു സർക്കാരിന്റെ കാലത്ത് വിദേശകാര്യവകുപ്പിൽ ജോലി നോക്കി. ജപ്പാൻ, ഇംഗ്ലണ്ട്, തായ്‌ലാന്റ്, തുർക്കി എന്നീ രാജ്യങ്ങളിൽ ഇന്ത്യയുടെ നയതന്ത്രപ്രതിനിധിയായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ മികച്ച ഒരു നയതന്ത്രജ്ഞൻ എന്നാണ് നെഹ്രു നാരായണനെ വിശേഷിപ്പിച്ചത്. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ അഭ്യർത്ഥന പ്രകാരം നാരായണൻ രാഷ്ട്രീയത്തിലേക്കിറങ്ങുകയും, മൂന്ന് തവണ തുടർച്ചയായി ലോക സഭയിലേക്ക് വിജയിക്കുകയും ചെയ്തു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. രാജീവ് ഗാന്ധി മന്ത്രി സഭയിൽ കേന്ദ്രമന്ത്രിയായിരുന്നു. 1992 ൽ ഇന്ത്യയുടെ ഒമ്പതാമത്തെ ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റെടുത്തു, 1997 ൽ ഇന്ത്യയുടെ പ്രഥമപൗരനാവുകയും ചെയ്തു.
രാഷ്ട്രപതിയുടെ ഔദ്യോഗിക പദവി കഴിവോടേയും, അതിന്റെ എല്ലാ അധികാരങ്ങളേയും വിശാലമായ അർത്ഥത്തിലും ഉപയോഗിച്ച നിശ്ചയദാർഢ്യമുള്ള രാഷ്ട്രപതിയായിരുന്നു കെ.ആർ.നാരായണൻ എന്നു പറയപ്പെടുന്നു. പ്രവർത്തിക്കുന്ന ഒരു പ്രസിഡന്റ് എന്നായിരുന്നു നാരായണൻ സ്വയം വിശേഷിപ്പിച്ചിരുന്നത്. സർക്കാരിന്റെ തീരുമാനങ്ങളെ കണ്ണടച്ച് ഒപ്പിടുന്ന ഒരു റബ്ബർ സ്റ്റാംപായിരിക്കാൻ താൻ താൽപര്യപ്പെടുന്നില്ല എന്നും ഒരു മാസികയ്ക്കനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. ഒരു പ്രസിഡന്റ് എന്ന തലത്തിൽ തനിക്കുള്ള എല്ലാ അധികാരങ്ങളും ഉപയോഗിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. 1999 ലെ കാർഗിൽ യുദ്ധസമയത്ത് ഒരു തൂക്കുമന്ത്രിസഭയായിരുന്നു ഇന്ത്യ ഭരിച്ചിരുന്നത്. സൈനിക തലവന്മാർ പ്രസിഡന്റെന്ന നിലയിൽ നാരായണനെ നേരിട്ടായിരുന്നു യുദ്ധത്തിന്റെ പുരോഗതി വിവരിച്ചിരുന്നത്. 1997 ൽ ഉത്തർപ്രദേശിലെ കല്യാൺസിംഗ് സർക്കാരിനെ പിരിച്ചുവിടാനുള്ള തീരുമാനവും, ഒരുകൊല്ലത്തിനുശേഷം ബീഹാറിൽ റാബ്രിദേവി മന്ത്രിസഭയെ പിരിച്ചുവിടാനുള്ള കേന്ദ്രമന്ത്രിസഭയുടെ തീരുമാനവും രാഷ്ട്രപതി എന്ന നിലയിൽ നാരായണൻ തള്ളികളയുകയുണ്ടായി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ സുവർണ്ണജൂബിലി വേളയിൽ കെ.ആർ.നാരായണൻ ആയിരുന്നു രാഷ്ട്രപതി. 2005 നവംബർ 9 ന് തന്റെ 85 ആമത്തെ വയസ്സിൽ കെ.ആർ.നാരായണൻ മരണമടഞ്ഞു.