കരിമ്പന്‍ കാടകൊക്ക്
നീര്‍ക്കാടപ്പക്ഷിയുടെ അടുത്ത ബന്ധുവാണ് കരിമ്പിന്‍കാടക്കൊക്ക്. നീര്‍ക്കാടയെ കാണുന്നിടത്തെല്ലാം ഈ ദേശാടനപ്പക്ഷിയേയും കാണാം. എങ്കിലും ഉപ്പുവെള്ളമുള്ള ജലാശയത്തിനടുത്ത് കരിമ്പന്‍കാടയെ അപൂര്‍വമായേ കാണാറുള്ളൂ.
നീര്‍ക്കാടയേക്കാള്‍ വലിപ്പം കൂടിയ പക്ഷികളാണിവ. എങ്കിലും ശരീരത്തിന്‍റെ മുകള്‍ഭാഗം ഒറ്റ നോട്ടത്തില്‍ കറുപ്പാണെന്നു പോലും തോന്നുന്ന വിധം ഇരുണ്ടതവിട്ടു നിറമാണ്. കഴുത്തിനും മാറിടത്തിലും ചാരനിറമുണ്ട്. വാല്‍ വെളുത്തിരിക്കും. വാലിനു മുകളിലായി വെളുത്ത ഒരു അരപ്പട്ടയും കാണാം.
കുളക്കരയിലും ചതുപ്പുകളിലും നീര്‍ക്കാടയെ പോലെ തന്നെ കരിമ്പന്‍കാടക്കൊക്കും ഇരതേടുന്നു. തനിച്ചാണ് ഇവ ഇര തേടിയിറങ്ങുന്നത്. പറക്കാന്‍ തുടങ്ങിയാല്‍ ഇവ നേരിയ ശബ്ദത്തില്‍ പ്ലീറ്റ് എന്ന് മുമ്മൂന്നു തവണ ചൂളം വിളിക്കും. പലപ്പോഴും പക്ഷി നിരീക്ഷകര്‍ ഈ ശബ്ദം കൊണ്ടാണ് കരിമ്പന്‍കാടകൊക്കിനെ തിരിച്ചറിയുന്നത്.
യൂറോപ്പിന്റെയും ഏഷ്യയുടെയും വടക്കന്‍ പ്രദേശത്താണ് കരിമ്പന്‍കാടകൊക്ക് മുട്ടയിടുന്നത്. ഇതിനായി പുതിയ കൂടുണ്ടാക്കുകയൊന്നുമില്ല. പലപ്പോഴും ഫീല്‍ഡ് ഫെയര്‍ പോലുള്ള ദേശാടനപക്ഷികള്‍ ഉപേക്ഷിച്ചു പോയ കൂടുകളിലാണ് കരിമ്പന്‍കാട മുട്ടയിടുന്നത്. ഒരു തവണ രണ്ടോ നാലോ മുട്ടകള്‍ ഉണ്ടാകും. മൂന്നാഴ്ച കൊണ്ട് മുട്ട വിരിയും, പിന്നീട് തണുപ്പുകാലം വരുമ്പോള്‍ ഏഷ്യയുടെയും യൂറോപ്പിന്റെയും തെക്കന്‍ പ്രദേശത്തേക്കും ആഫ്രിക്കയിലെ ഉഷ്ണമേഖലാപ്രദേശത്തേക്കും കരിമ്പന്‍ കാട യാത്രയാവും.