Encyclopedia

കണ്ണാടിക്കരടി

തെക്കെ അമേരിക്കയില്‍ കാണപ്പെടുന്ന ഏകയിനം കരടിയാണിത്. അര്‍ജന്റീന, ബൊളിവിയ, ബ്രസീല്‍, കൊളംബിയ, ഇക്വഡോര്‍, പനാമ, പെറു, വെനിസ്വല എന്നീ രാജ്യങ്ങളിലെ വനാന്തരങ്ങളിലാണ് ഇവയുടെ താവളം. മരങ്ങളിലും പുല്‍മേടുകളിലും മഴക്കാടുകളിലും വരണ്ട വനങ്ങളിലുമെല്ലാം ഇവയെ കാണാം. മറ്റ് കരടികളെ അപേക്ഷിച്ച് ചെറിയമുഖമായിരിക്കും ഇവരുടേത്. രോമങ്ങള്‍ കറുത്തതോ തവിട്ടു നിറത്തിലുള്ളതോ ആയിരിക്കും. മൂക്കിനു താഴെയും നെറ്റിയിലും കണ്ണിനു ചുറ്റുമൊക്കെ ഇളം മഞ്ഞ നിറത്തില്‍ പാടുകള്‍ കാണാം. വൃത്താകൃതിയില്‍ കണ്ണിനു ചുറ്റുമുള്ള പാടുകള്‍ക്ക് കാഴ്ച്ചയില്‍ മുഖക്കണ്ണടകളുമായി സാമ്യം തോന്നുന്നതു കൊണ്ടാവാം ഇവയെ കണ്ണാടിക്കരടി എന്ന് വിളിക്കുന്നത്.ട്രെമാര്‍ക്ക്ടോസ് ഓര്‍ണെറ്റസ് എന്ന ശാസ്ത്രീയനാമമുള്ള ഈ കരടികള്‍ക്ക് 150 മുതല്‍ 180 വരെ സെന്റിമീറ്റര്‍ നീളമുണ്ടാകും. ആണ്‍കരടികള്‍ക്ക് 100 മുതല്‍ 160 കിലോ വരെ തൂക്കവും പെണ്‍കരടികള്‍ക്ക് 65 മുതല്‍ 82 വരെ കിലോ തൂക്കവുമാണുള്ളത്.

  ഇരുപത്തഞ്ചു വര്‍ഷമാണ്‌ ഇവയുടെ ശരാശരി ആയുസ്. വടക്കേ അമേരിക്കന്‍ കരടികളില്‍ നിന്ന് പരിണാമം സംഭവിച്ചുണ്ടായവയാണ് കണ്ണാടിക്കരടികളെന്ന് പറയപ്പെടുന്നു. മുഖത്തെ പാടുകള്‍ കൂടാതെ നെഞ്ചിന്‍റെ ഭാഗത്തും വെള്ളപാടുകള്‍ കാണാറുണ്ട്. വൃക്ഷങ്ങളുടെ ശിഖരങ്ങളില്‍ കയറി ആഹാരം കഴിക്കാനും ഉറങ്ങാനുമായി ഇവ തട്ടുകള്‍ നിര്‍മ്മിക്കുന്നു

 വ്യത്യസ്തമായ ഭക്ഷണരീതിയാണിവയുടേത്. പനവര്‍ഗ്ഗത്തില്‍പെട്ട ചെടികള്‍, ഓര്‍ക്കിഡുകള്‍, വിത്തുകള്‍, പഴങ്ങള്‍ എന്നിവയോടൊപ്പം അപൂര്‍വമായി ചെറിയ ജീവികളെയും ഇവ ഭക്ഷിക്കാറുണ്ട്.

  അമ്മയും കുഞ്ഞുങ്ങളും മാത്രമെ കൂട്ടം ചേര്‍ന്ന് നടക്കാറുള്ളൂ. മരം കയറുന്നതില്‍ അതീവ വിദഗ്ധരാണീ കരടികള്‍. രാത്രിയിലാണ് ഇവ കൂടുതല്‍ പ്രവര്‍ത്തന നിരതരാകുന്നത്. ജനുവരി-മാര്‍ച്ച് മാസങ്ങളിലാണ് കുഞ്ഞുങ്ങള്‍ ഉണ്ടാവുന്നത്. ഗിനിപന്നിയുടെ വലിപ്പമായിരിക്കും ഞ്ഞുങ്ങള്‍ക്ക്. ഒരു വര്‍ഷത്തിലധികം കാലം കുഞ്ഞുങ്ങള്‍ തള്ളക്കരടിയോടൊപ്പം കഴിയും. ഏതെങ്കിലും അപകടം പിണഞ്ഞാല്‍ കുഞ്ഞിനെ ഒരു കാല്‍ കൊണ്ട് ശരീരത്തോട് ചേര്‍ത്ത് പിടിച്ച് മറ്റുമൂന്നു കാലുകളില്‍ ഓടി രക്ഷപ്പെടും.

  കണ്ണാടിക്കരടികള്‍ക്ക് പതിമൂന്നു ജോടി വാരിയെല്ലുകളാണുള്ളത്. മറ്റു കരടികള്‍ക്ക് പതിനാലുജോടി വാരിയെല്ലുകള്‍ ഉണ്ട്.കണ്ണാടിക്കരടികള്‍ ആശയവിനിമയത്തിനായി പ്രത്യേകം തരം ശബ്ദങ്ങള്‍ ആണുപയോഗിക്കുന്നത്. പല കാര്‍ഷികവിളകള്‍ക്കും നാശം വരുത്തുന്നതിനാല്‍ ഇവയെ കര്‍ഷകര്‍ വേട്ടയാടാറുണ്ട്. രാജ്യാന്തര തലത്തിലുള്ള വന്യജീവി സംരക്ഷണ സംഘടനകള്‍ ഇവയെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. ലോകത്തിലെ മിക്ക നാഷണല്‍ പാര്‍ക്കുകളിലും മൃഗശാലയിലും കണ്ണാടിക്കരടികളെ കാണാം. തെക്കെ അമേരിക്കയിലെ ആന്‍ഡിസം പര്‍വതനിരകളിലെ വനാന്തരങ്ങളില്‍ കാണപ്പെടുന്നതിനാല്‍ ഇവയെ ആന്‍ഡിയന്‍ കരടികള്‍ എന്നും വിശേഷിപ്പിക്കാറുണ്ട്.