Encyclopedia

ഓപ്പറേഷൻ ബ്ലൂസ്റ്റാർ

ജർണയിൽസിങ് ഭിന്ദ്രൻവാലയുടെ നേതൃത്വത്തിലുള്ള തീവ്രവാദ പ്രസ്ഥാനത്തെ അമർച്ച ചെയ്യാനായി 1984 ജൂൺ മാസത്തിൽ ഇന്ത്യൻ സേന സുവർണ്ണക്ഷേത്രത്തിൽ നടത്തിയ സൈനിക നടപടിയാണ് ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്നറിയപ്പെടുന്നത്.1984 ജൂൺ 5-ഉം 6-ഉം തീയതികളിലാണ് ഈ സൈനിക നടപടി നടന്നത്. സൈനിക നടപടിയിലും സുവർണ്ണക്ഷേത്രത്തിൽ താവളമടിച്ച പ്രക്ഷോഭകാരികളുടെ പ്രത്യാക്രമണത്തിലും പെട്ട് ക്ഷേത്രത്തിൽ തീർത്ഥാടകരായി എത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നൂറുകണക്കിനാളുകൾ മരിച്ചു.സുവർണ ക്ഷേത്രത്തിൽ മാരക ആയുധങ്ങളുമായി തമ്പടിച്ചിരുന്ന സിഖ് വിഘടന വാദികളെ തുരത്തുന്നതിനായി അന്നത്തെ പ്രധാന മന്ത്രി ആയിരുന്ന ഇന്ദിരാ ഗാന്ധിയുടെ നിർദ്ദേശപ്രകാരമായിരുന്നു ഈ നടപടി. സൈനികമായി ഈ നടപടി ഒരു വിജയമായിരുന്നെങ്കിലും കേന്ദ്രസർക്കാർ ഇതിൻറെ പേരിൽ വളരെയധികം വിമർശിക്കപ്പെട്ടു. ഈ നടപടി സിഖ് സമൂഹത്തിൽ ഇന്ദിരാ ഗാന്ധിയോടുള്ള വിരോധത്തിനു കാരണമാവുകയും, 1984 ഒക്ടോബർ 31-നു സ്വന്തം സിഖ് കാവൽക്കാരുടെ വെടിയേറ്റുള്ള അവരുടെ കൊലപാതകത്തിൽ കലാശിക്കുകയും ചെയ്തു.

പഞ്ചാബിലെ അമൃത്സറിലാണ് സിഖ് മത വിശ്വാസികളുടെ പരമപവിത്ര തീർത്ഥാടന കേന്ദ്രമായ സുവർണ്ണക്ഷേത്രം സ്ഥിതിചെയ്യുന്നത്. അവിടെ 1984 ജൂൺ ആദ്യവാരം  ‘ഓപ്പറേഷൻ ബ്ലൂസ്റ്റാർഎന്ന പേരിൽ ഒരു സൈനിക നടപടിയുണ്ടായി. ജർണൈൽ സിങ് ഭിന്ദ്രൻവാലയുടെ നേതൃത്വത്തിൽ, സുവർണ്ണക്ഷേത്രത്തിനുള്ളിലെ അകാൽ തഖ്‌ത് എന്ന ആരാധനാസ്ഥലം കയ്യടക്കി ഇരിപ്പുറപ്പിച്ച ഖാലിസ്ഥാനി തീവ്രവാദികളെ അവിടെ നിന്ന് തുരത്തുക എന്നതായിരുന്നു ഈ നിർണായക ഓപ്പറേഷന്റെ ലക്‌ഷ്യം. ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള പരശ്ശതം മിലിട്ടറി ഓപ്പറേഷനുകളിൽ ഒന്നുമാത്രമാണ്ഓപ്പറേഷൻ ബ്ലൂ സ്റ്റാർ‘.അതിനുള്ള ഉത്തരവുകൾ നൽകിയത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നേരിട്ടായിരുന്നു. പഞ്ചാബിന്റെ മണ്ണിൽ തീവ്രവാദത്തിന്റെ വിത്തുകൾ വിതച്ച് വളവും വെള്ളവും നൽകി വളർത്തുന്ന കുപ്രസിദ്ധ ഭീകരവാദി ഭിന്ദ്രൻവാലയെ പിടികൂടുക എന്നതായിരുന്നു ഇതിന്റെ പിന്നിലെ യഥാർത്ഥപ്രേരണ. ആദ്യം, റോയുടെ ഒരു കമാൻഡോ ഓപ്പറേഷൻ ആയിട്ടായിരുന്നു ഇത് പ്ലാൻ ചെയ്തത്. പ്രസ്തുത കമാൻഡോ ഓപ്പറേഷനുവേണ്ടി റോ തീവ്രവാദികൾ ഒളിച്ചു പാർക്കുന്ന  കെട്ടിടത്തിന്റെ സെറ്റിട്ട് റിഹേഴ്സലുകൾ വരെ നടത്തിയ ശേഷമാണ്, ഇന്ദിരാ ഗാന്ധി അതിന് അനുമതി നിഷേധിച്ചത്, പകരം സൈനിക ഇടപെടൽ മതി എന്ന് തീരുമാനിച്ചത്.