Encyclopedia

ഏഷ്യന്‍ കരിങ്കരടി

ദക്ഷിണേഷ്യയിലും കിഴക്കന്‍ ഏഷ്യയിലുമുള്ള പര്‍വതപ്രദേശത്തെ വനങ്ങളിലാണ് ഈ ഇനം കരടികള്‍ ഉള്ളത്. വടക്കേ ഇറാന്‍, പാക്കിസ്ഥാന്‍, ഇന്ത്യ,നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്മാര്‍, ചൈന. മഞ്ചൂറിയ, കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെല്ലാം സെലിനാര്‍ക്ടോസ് തിബാറ്റാനസ് എന്നു പേരുള്ള കരിങ്കരടികള്‍ കാണപ്പെടുന്നു.

   അമേരിക്കന്‍ കരിങ്കരടിയെക്കാള്‍ വലിപ്പത്തില്‍ അല്‍പ്പം ചെറുതാണിവ. നാലര അടി മുതല്‍ അഞ്ചര അടിവരെ നീളവും തോള്‍ വരെ രണ്ടടി മൂന്നിഞ്ച് ഉയരവുമുള്ള ഇവയ്ക്ക് ഏതാണ്ട് 130 കിലോ തൂക്കം വരും.

   സാധാരണഗതിയില്‍ ഇവയ്ക്ക് കറുത്ത രോമങ്ങള്‍ ആണുള്ളത്. എന്നാല്‍ അപൂര്‍വമായി തവിട്ടു നിറവും ചുവപ്പും കലര്‍ന്ന തവിട്ടു നിറവും ഉള്ള കരടികളെയും കാണാറുണ്ട്. മുഖ്യമായും സസ്യാഹാരപ്രിയരായ ഇവര്‍ ഇടയ്ക്ക് മാംസാഹാരവും കഴിക്കും. രാത്രിയിലാണ് ഇരതേടല്‍.

   എന്നാല്‍ ചില സമയങ്ങളില്‍ പകല്‍ വെളിച്ചത്തില്‍ ഇഷ്ടപ്പെട്ട പഴങ്ങള്‍ തേടി നടക്കാറുണ്ട്. മനുഷ്യരുടെ കൃഷിയിടങ്ങളില്‍ ചെന്ന് നാശനഷ്ടങ്ങളുണ്ടാക്കുകയും കന്നുകാലികള്‍, ആടുകള്‍ എന്നിവയെ ആക്രമിക്കുകയും ചെയ്യുന്നത് ഏഷ്യന്‍ കരിങ്കാരടികളുടെ ഒരു രീതിയാണ്.

  ഹിമാലയന്‍ പ്രദേശത്തു കാണുന്ന കരിങ്കരടികളെ ഹിമാലയന്‍ കരിങ്കരടി എന്നും വിളിക്കാറുണ്ട്. കഴുത്തിനു ചുറ്റും ഒരു കോളര്‍പോലെ വെള്ള രോമങ്ങള്‍ കാണപ്പെടുന്നതുകൊണ്ട് കോളര്‍ട് ബെയര്‍ എന്നും ഇവ അറിയപ്പെടുന്നു. ഒന്നാന്തരം മരംകേറികളും നീന്തല്‍ക്കാരുമാണ് ഏഷ്യന്‍ കരിങ്കരടികള്‍ പൊതുവെ ചുണക്കുട്ടന്മാരായ ഇവര്‍ അനായാസം വെള്ളത്തിലിറങ്ങി മീനുകളെയും ഞണ്ടുകളേയുമൊക്കെ പിടിച്ചു കഴിക്കും. ശൈത്യകാലത്ത് അഞ്ചുമാസത്തോളം വിശ്രമത്തിലും ഉറക്കത്തിലും ആയിരിക്കും. അതിനുശേഷമെ ഇവ മാളത്തിനു വെളിയില്‍ വരികയുള്ളൂ.

   ഏഷ്യന്‍കരിങ്കരടികളുടെ നീണ്ടമുഖം താരതമ്യേന വെളുത്തതാണ്. നെഞ്ചില്‍ ചന്ദ്രക്കലയുടെ ആകൃതിയില്‍ ഒരു വെളുത്തപാടുണ്ട്. തന്മൂലം ഇവയെ ചന്ദ്രക്കരടികളെന്നും വിശേഷിപ്പിക്കാറുണ്ട്. വലിയ ഒരു മനുഷ്യന്‍റെ കാല്‍പ്പാടുകളാണ് കരിങ്കരടികളുടേത്. പരന്ന പാദത്തിന് ഏതാണ്ട് അമ്പത് സെന്റിമീറ്റര്‍ നീളമുണ്ടാകും അഞ്ചു വിരലുകളും നന്നായി നിലത്തു പതിച്ചിരിക്കും.

  ഇത്തരത്തില്‍ വലിയ കാല്‍പ്പാദങ്ങളുള്ള മനുഷ്യരൂപങ്ങളെപ്പറ്റി പല രാജ്യങ്ങളിലും ഐതിഹ്യങ്ങള്‍ വരെയുണ്ട്. പല കഥകളിലും ഈ കൂറ്റന്‍ ജീവികള്‍ യഥാര്‍ത്ഥത്തില്‍ കരടികള്‍ തന്നെയാണെന്നാണ് സങ്കല്പം. മൂടല്‍ മഞ്ഞിലൂടെ പ്രത്യക്ഷപ്പെടുന്ന ഇത്തരത്തിലൊരു രൂപത്തിനെ യതി എന്ന് വിളിച്ചിരുന്നതായി ചില തെളിവുകളുണ്ട്. ഹിമാലയ പര്‍വതനിരകളിലുണ്ടായിരുന്ന കരിങ്കരടികളാണ് യതികള്‍ എന്നു പറയപ്പെടുന്നു. ഏഷ്യയിലെ കരിങ്കരടികള്‍ക്ക് ശീതകാലനിദ്രയ്ക്കു ശേഷം പലതരം ശാരീരിക ക്ലേശങ്ങളും അനുഭവപ്പെടാറുണ്ട്. റഷ്യയിലെ കറുത്തകരടികള്‍ ബിര്‍ച്ച് മരത്തിന്‍റെ നീരാണ് ഈ അസ്വസ്ഥത മാറ്റാനായി ഉപയോഗിക്കുന്നത്.