ആർ. വെങ്കിട്ടരാമൻ
1987 മുതൽ 1992 വരെ ഇന്ത്യയുടെ എട്ടാമത് രാഷ്ട്രപതിയായിരുന്ന തമിഴ്നാട്ടിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായിരുന്നു ആർ.വെങ്കിട്ടരാമൻ.(1910-2009) ഇന്ത്യയുടെ ഏഴാമത്തെ ഉപ-രാഷ്ട്രപതി(1984-1987), കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി(1982), കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി(1982-1984), കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി(1980-1982) എന്നീ നിലകളിൽ പ്രവർത്തിച്ച വെങ്കിട്ടരാമൻ സ്വാതന്ത്ര സമരസേനാനി, രാജ്യതന്ത്രഞ്ജൻ, സുപ്രീം കോടതി അഭിഭാഷകൻ, ഭരണാധികാരി, ട്രേഡ് യൂണിയൻ നേതാവ്, പത്രാധിപർ എന്നീ മേഖലകളിൽ പ്രശസ്തനായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ എട്ടാമത് രാഷ്ട്രപതിയും തമിഴ്നാട്ടിൽ നിന്നുള്ള ആദ്യ രാഷ്ട്രപതിയുമായ ആർ.വെങ്കിട്ടരാമൻ തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ രാജമാടം ഗ്രാമത്തിൽ 1910 ഡിസംബർ 4ന് വി.രാമസ്വാമി അയ്യരുടെ മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി മദ്രാസിൽ നിന്നും നിയമ ബിരുദം നേടിയതിനു ശേഷം മദ്രാസ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അഭിഭാഷകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു.
ക്വിറ്റിന്ത്യ സമര കാലത്ത് രണ്ട് വർഷം തടവനുഭവിച്ച വെങ്കിട്ടരാമൻ 1946-ൽ മലേഷ്യയിലും സിംഗപ്പൂരിലും പോയി അവിടെ ജപ്പാൻ അധിനിവേശക്കാലത്ത് തടവിലാക്കപ്പെട്ട ഇന്ത്യക്കാർക്കായി വാദിച്ചു. തോട്ടം മേഖലയിലെ തൊഴിലാളികളുടെ സംഘടനയുമായി ചേർന്ന് പ്രവർത്തിച്ച് ട്രേഡ് യൂണിയൻ നേതാവായി മാറി. പിന്നീട് കോൺഗ്രസ് പാർട്ടിയിൽ അംഗമായി. 1950-ൽ താത്കാലിക പാർലമെൻറിലേക്കും 1952-ൽ ഒന്നാം ലോക്സഭയിലേക്കും കോൺഗ്രസ് ടിക്കറ്റിൽ തിരഞ്ഞെടുക്കപ്പെട്ടു.
1957 മുതൽ 1967 വരെ തമിഴ്നാട് സംസ്ഥാന സർക്കാരിലെ കാബിനറ്റ് വകുപ്പ് മന്ത്രിയായി പ്രവർത്തിച്ച വെങ്കിട്ടരാമൻ 1977-ലും 1980-ലും വീണ്ടും ലോക്സഭാംഗമായി. 1980 മുതൽ 1984 വരെ ധനകാര്യം, പ്രതിരോധം എന്നിവയുടെ ചുമതലയുള്ള കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്നു.
1984 മുതൽ 1987 വരെ ഇന്ത്യയുടെ ഉപ-രാഷ്ട്രപതിയായിരുന്ന വെങ്കിട്ടരാമൻ 1987 ജൂലൈ 25 ന് ഇന്ത്യയുടെ എട്ടാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. മലയാളിയായ ജസ്റ്റീസ് വി.ആർ.കൃഷ്ണയ്യരായിരുന്നു എതിർ സ്ഥാനാർത്ഥി.
ഇന്ത്യയുടെ മിസൈൽ പദ്ധതിക്ക് തുടക്കമിട്ടയാളാണ് ആർ.വെങ്കിട്ടരാമൻ. 1982 മുതൽ 1984 വരെ ഇന്ദിര ഗാന്ധി മന്ത്രിസഭയിലെ പ്രതിരോധ വകുപ്പ് മന്ത്രിയായിരിക്കെയാണ് അദ്ദേഹം ഡോ.എ.പി.ജെ അബ്ദുൾ കലാമിന് മിസൈൽ പദ്ധതിയുടെ ചുമതല നൽകിയത്. തമിഴ്നാടിൻറെ വ്യവസായ ശിൽപ്പി എന്നറിയപ്പെടുന്ന ആർ.വെങ്കിട്ടരാമൻ ചൈന സന്ദർശിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതിയാണ്. ഇന്ദിര ഗാന്ധി മന്ത്രിസഭയിലെ ധനകാര്യ വകുപ്പ് മന്ത്രിയായതിനു ശേഷം പിന്നീട് ഇന്ത്യയുടെ രാഷ്ട്രപതിയായ ആർ.വെങ്കിട്ടരാമൻ പദവി ഒഴിഞ്ഞതിനു ശേഷം ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന ഇന്ത്യൻ രാഷ്ട്രപതിയായിരുന്നു.
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ 2009 ജനുവരി 27ന് 98-മത്തെ വയസിൽ ന്യൂഡൽഹിയിലെ ആർമി ആശുപത്രിയിൽ വച്ച് അന്തരിച്ചു. പുതിയ രാജ്ഘട്ടിനടുത്തുള്ള ഏക്ത സ്ഥലിലാണ് വെങ്കിട്ടരാമൻ അന്ത്യവിശ്രമം കൊള്ളുന്നത്